Kerala
താരസംഘടനയിലെ വിഷയത്തില്‍ ഇടപെടേണ്ട ഘട്ടത്തില്‍ ഇടപെടും: മന്ത്രി പി സി വിഷ്ണുനാഥ്
താര സംഘടനയിലെ പ്രശ്നങ്ങള്‍ സിനിമ മേഖലയിലെ മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ മാറി നില്‍ക്കാതെ ഇടപെട്ട് പരിഹരിക്കണം.
പത്തനംതിട്ട | സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട ഡിസിസിയില്‍ എത്തിയതായിരുന്നു മന്ത്രി.സിനിമ വ്യവസായത്തില്‍ അല്ല താരസംഘടനയിലാണ് കുറെയധികം പ്രശ്നങ്ങളുള്ളത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് മുമ്പാകെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തില്‍ ഇടപെടും. അടുത്ത ദിവസം സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
താര സംഘടനയിലെ പ്രശ്നങ്ങള്‍ സിനിമ മേഖലയിലെ മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ മാറി നില്‍ക്കാതെ ഇടപെട്ട് പരിഹരിക്കണം. ഒരു മന്ത്രി എന്ന നിലയില്‍ അല്ല താന്‍ ഇത് പറയുന്നത്. സിനിമ കാണുന്ന ഒരാളെന്ന നിലയിലാണ് പറയുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രശ്നങ്ങള്‍ മറ്റൊരു തലത്തിലേക്ക് പോകാതെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ട് പരിഹരിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് താന്‍ ഇതുവരെ കണ്ടിട്ടില്ല. നിലവിലുള്ള സിനിമാനയം തന്നെ പര്യാപ്തമാണോ എന്നുള്ളത് കൃത്യമായി പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.







