Connect with us

Kerala

ടൂറ് പോകാന്‍ കവര്‍ച്ച ; വീട് കുത്തി തുറന്ന് പണവും ആഭരണവും മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍

പിടിയിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്

Published

|

Last Updated

കാഞ്ഞിരപ്പള്ളി  | വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജില്‍ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജിത്ത് അനിലും (19) പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് പിടിയിലായത്.

മേയ് 24ന് അര്‍ധരാത്രി 12 മണിക്കായിരുന്നു മോഷണം. ആനക്കല്ല് -പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബെംഗളുരുവിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയപ്പോഴായിരുന്നു മോഷണം. മോഷണസംഘം ഒരു കാറില്‍ വീട്ടില്‍ എത്തി. മുഖംമൂടിയും പര്‍ദ്ദയും ധരിച്ച് മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് 75,000 രൂപയും മൂന്നു പവനോളം സ്വര്‍ണവും മോഷ്ടിച്ചത്.

മോഷ്ടിച്ച് പണവും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവും ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും കറങ്ങുകയായിരുന്നു ഇവരുടെ രീതി. സമീപകാലത്ത് നടന്ന പെട്ടിക്കടകളിലെ മോഷണങ്ങളും, കിണറുകളില്‍ നിന്ന് മോട്ടറുകള്‍ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിസിടിവി ക്യാമറകളും ഫോണുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്.

 

Latest