Connect with us

Editorial

ഇറാനെതിരെ വീണ്ടും ഉപരോധ ഭീഷണിയുയരുമ്പോള്‍

ഇറാനല്ല ആണവ ചര്‍ച്ച പൊളിച്ചത്. ഐ എ ഇ എയുടെ വിശ്വാസ്യത തകര്‍ത്തതും ഇറാനല്ല. ആക്രമണം തുടങ്ങിയതും അവരല്ല. എല്ലാം അമേരിക്കയും ഇസ്‌റാഈലുമാണ്. എന്നിട്ടും യൂറോപ്യന്‍ യൂനിയന്‍ ഭീഷണി മുഴക്കുന്നത് ഇറാന് നേരെയാണ്. എന്തൊരു വിരോധാഭാസമാണത്.

Published

|

Last Updated

ഇറാനെതിരെ വീണ്ടും ഉപരോധ ഭീഷണി ഉയരുകയാണ്. ആണവ പരിപാടി മുന്‍നിര്‍ത്തി യു എസും സഖ്യ ശക്തികളും തുടരുന്ന സാമ്പത്തിക ഉപരോധത്തിന് പുറമേയാണ് പുതിയ വരിഞ്ഞു മുറുക്കലിന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ബ്രിട്ടനും തയ്യാറെടുക്കുന്നത്. അമേരിക്കയുമായുള്ള ആണവ കരാര്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ഇറാനെതിരെ യു എന്‍ ഉപരോധം പുനഃസ്ഥാപിക്കുമെന്നാണ് ഇ യു രാജ്യങ്ങള്‍ യോഗം ചേര്‍ന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ചര്‍ച്ച ഉടന്‍ പുനരാരംഭിക്കുകയും അടുത്ത മാസത്തോടെ വ്യക്തമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തില്ലെങ്കില്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ടെലഫോണില്‍ വിളിച്ച് അറിയിച്ചുവെന്നാണ് റിപോർട്ട്.

വന്‍ശക്തികളുടെ പിടിയിലാണ് യു എന്‍ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഈ ഭീഷണി. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് തീരുമാനമെടുപ്പിക്കാവുന്ന സംവിധാനമാണ് ഐക്യരാഷ്ട്ര സഭ എന്ന് ആത്മവിശ്വാസമുള്ളത് കൊണ്ടാണല്ലോ യു എന്‍ ഉപരോധം കൊണ്ടുവരുമെന്ന് പാശ്ചാത്യ ശക്തികള്‍ പ്രഖ്യാപിക്കുന്നത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ ഏറ്റവും ശക്തമായ അടിത്തറ അതിന്റെ പരമാധികാരമാണ്. ജനതയുടെ അംഗീകാരമുള്ള നയങ്ങള്‍ രൂപപ്പെടുത്താനും അവ നടപ്പാക്കാനും സ്വാതന്ത്ര്യമുള്ളപ്പോഴാണ് ദേശരാഷ്ട്രമെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്. എന്നാല്‍ കൊളോണിയല്‍ കാലം അസ്തമിച്ചില്ലെന്ന നിലയിലാണ് ഇപ്പോഴും ചില വന്‍ ശക്തികള്‍ പെരുമാറുന്നത്. ഏത് രാജ്യത്തെയും അവര്‍ക്ക് ഭീഷണിപ്പെടുത്താം. നവ കോളനിവത്കരണത്തിന്റെ ഏറ്റവും മാരകമായ ഉപകരണമാണ് ഉപരോധം. ഒരു രാജ്യത്തെ ഇവര്‍ ശത്രുവായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അവരുമായി സഹകരിക്കുന്ന മുഴുവന്‍ പേര്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തും. കൗണ്ടറിംഗ് അമേരിക്കാസ് അഡൈ്വസറീസ് ത്രൂ സാംഗ്ഷന്‍ ആക്ട് (കാസ്റ്റ) എന്നൊരു നിയമം തന്നെ അമേരിക്കയിലുണ്ട്. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന ഒരു രാജ്യവുമായി സഹകരിക്കുന്ന മറ്റൊരു രാജ്യത്തിന് മേല്‍ അക്കാരണം കൊണ്ട് മാത്രം ഉപരോധം അടിച്ചേല്‍പ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ വിചിത്ര നിയമം. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേല്‍ ഇതിനേക്കാള്‍ വലിയ ഭീകരാക്രമണം വേറെയുണ്ടോ?
ഉപരോധത്തിന്റെ ദീര്‍ഘകാല ഇരയാണ് ഇറാന്‍. ആണവ പരിപാടിയെച്ചൊല്ലിയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇറാന്‍ ഉടന്‍ ആണവായുധമുണ്ടാക്കാന്‍ പോകുന്നുവെന്ന ഭീതി പരത്തുകയും അതിന് തെളിവ് തേടി പതിറ്റാണ്ടുകളായി ഇറാനിലെ ആണവ നിലയങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ)യുടെ പരിശോധന അടിച്ചേല്‍പ്പിക്കുകയുമാണ്. എന്നാല്‍ ഇറാന്റെ ആണവ പരിപാടി സമാധാനപരമല്ലെന്നതിന് വ്യക്തമായ കാരണം കണ്ടെത്താന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. 2015ല്‍ ഇറാനും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ ശക്തികളും ഒപ്പുവെച്ച കരാര്‍ ഈ പരിശോധനാ നാടകങ്ങള്‍ക്കും ആണവായുധ ആരോപണങ്ങള്‍ക്കും അന്ത്യം കുറിക്കാനുള്ള ശ്രമമായിരുന്നു.

ഒബാമ യു എസിലും ഹസന്‍ റൂഹാനി ഇറാനിലും പ്രസിഡന്റായപ്പോള്‍ നിലവില്‍ വന്ന കരാര്‍ ഇറാന്‍ ആണവായുധ ശക്തിയാകാനുള്ള വിദൂര സാധ്യതകളെപ്പോലും തകര്‍ത്തു കളയുന്നതായിരുന്നു. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം മൂന്നിലൊന്നായി കുറക്കണം. സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം 19,000ത്തില്‍ നിന്ന് വെറും 6,104 ആയി വെട്ടിച്ചുരുക്കും. യുറേനിയം സമ്പുഷ്ടീകരണം 3.67 ശതമാനമായി പരിമിതപ്പെടുത്തും. (അണുബോംബ് ഉണ്ടാക്കാന്‍ 90 ശതമാനമെങ്കിലും സമ്പുഷ്ടീകരണം വേണം). പതിനഞ്ച് വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഒരു പ്ലാന്റ് പോലും നിര്‍മിക്കില്ല. ഫോര്‍ദോ ആണവ നിലയം അടച്ചു പൂട്ടി അത് ന്യൂക്ലിയര്‍ ഫിസിക്‌സ് പഠന കേന്ദ്രമാക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആണവ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും. പ്ലൂട്ടോണിയം ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയാക്ടര്‍ ആയ അരാക് നിലയത്തിന്റെ പ്രവര്‍ത്തനവും ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. പകരമായി ഇറാനെതിരെയുള്ള ഉപരോധം ഘട്ടം ഘട്ടമായി നീക്കും. വ്യാപാര ഉപരോധവും ആയുധ ഉപരോധവും സാമ്പത്തിക ഉപരോധവുമെല്ലാം സാവധാനമെങ്കിലും ഇല്ലാതാകും. ഇത്രയുമായിരുന്നു കരാറിന്റെ വിശദാംശം. തങ്ങള്‍ക്ക് അത്യന്തം ദോഷകരമായിട്ടും അത്തരമൊരു കരാറിന് ഇറാന്‍ നേതൃത്വം വഴങ്ങുകയായിരുന്നു. എന്നാല്‍ ഒബാമ പോയി ട്രംപ് ഒന്നാമൂഴം വന്നപ്പോള്‍ ആ കരാര്‍ റദ്ദാക്കി. സര്‍വ ഉപരോധങ്ങളും തിരിച്ചുവന്നു. ഇറാന്‍ അനങ്ങാനാകാതെ വലഞ്ഞു. ട്രംപിന്റെ രണ്ടാമൂഴം ഈ വര്‍ഷം തുടങ്ങിയയുടന്‍ തന്നെ ഇറാനുമായി ആണവ ചര്‍ച്ചക്കും തുടക്കമായിരുന്നു. അത് ലക്ഷ്യപ്രാപ്തിയിലെത്തുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇസ്‌റാഈല്‍ ഏകപക്ഷീയമായി ആക്രമിച്ചതും ഇറാന്‍ ശക്തമായി തിരിച്ചടിച്ചതും. മാനം കാക്കാന്‍ യു എസ് തന്നെ രംഗത്തിറങ്ങിയിട്ടും ഇറാന്റെ ആണവ സങ്കേതങ്ങള്‍ നശിപ്പിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ വെടിനിര്‍ത്തലിന് വഴങ്ങേണ്ടി വന്നു, യു എസിനും ഇസ്‌റാഈലിനും.
ഇറാനല്ല ആണവ ചര്‍ച്ച പൊളിച്ചത്. ഐ എ ഇ എയുടെ വിശ്വാസ്യത തകര്‍ത്തതും ഇറാനല്ല. ആക്രമണം തുടങ്ങിയതും അവരല്ല. എല്ലാം അമേരിക്കയും ഇസ്‌റാഈലുമാണ്. എന്നിട്ടും യൂറോപ്യന്‍ യൂനിയന്‍ ഭീഷണി മുഴക്കുന്നത് ഇറാന് നേരെയാണ്. എന്തൊരു വിരോധാഭാസമാണത്. യൂറോപ്യന്‍ യൂനിയനും ഇ-3 രാജ്യങ്ങളും കരാറില്‍ പങ്കുവഹിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. ഭീഷണിയുടെയും സമ്മര്‍ദത്തിന്റെയും പഴഞ്ചന്‍ നയങ്ങള്‍ മാറ്റണമെന്ന ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചിയുടെ വാക്കുകള്‍ വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്.

ബ്രിക്‌സ് കൂട്ടായ്മയടക്കമുള്ള ബദല്‍ സഖ്യങ്ങള്‍ ഉപരോധമെന്ന അതിക്രമത്തിനെതിരെ നിലപാടെടുക്കേണ്ടതുണ്ട്. ഇന്ത്യക്ക് ദീര്‍ഘകാലത്തെ ഊഷ്മളമായ ബന്ധമുള്ള രാജ്യമാണ് ഇറാന്‍. എണ്ണ ഇടപാടില്‍ മാത്രമല്ല, മറ്റ് വ്യാപാര, വാണിജ്യ, വ്യവസായ മേഖലകളിലെല്ലാം ആ രാജ്യവുമായി ഇന്ത്യ ശക്തമായ ബന്ധം പുലര്‍ത്തി വരുന്നു. എന്നിട്ടും ഇറാനുമായി സ്വാഭാവിക കൈമാറ്റങ്ങള്‍ ശക്തമായി തുടരുന്നതില്‍ ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത് ഒറ്റ കാര്യമാണ്. ഉപരോധ ഭീഷണി. റഷ്യയുമായി സഹകരിച്ചാലും അതുതന്നെ സ്ഥിതി. ആണവ ചര്‍ച്ച തുടരണമെന്ന് പാശ്ചാത്യ ശക്തികള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാനെതിരായ ഉപരോധ ഭീഷണി നിര്‍ത്തുകയാണ് വേണ്ടത്. അങ്ങനെ മാത്രമേ മേഖലയിലെ ഇറാന്‍ ഭീതിക്ക് പരിഹാരം കാണാനാകൂ.

Latest