International
പശ്ചിമേഷ്യന്‍ സംഘര്‍ഷം: യു എ ഇ-ഇറാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി
മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇരുകൂട്ടരും പിന്തുണക്കും.
അബൂദബി | ന്യൂഡല്‍ഹിയില്‍ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ, അബൂദബി കിരീടാവകാശി ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തി. പരസ്പര താത്പര്യമുള്ള മേഖല, അന്താരാഷ്ട്ര വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇരുകൂട്ടരും പിന്തുണക്കും. ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യവും ചര്‍ച്ചയായി.
‘പ്രതിരോധ ശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കല്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്നത്. രാഷ്ട്രീയം, സുരക്ഷാ സഹകരണം, സാമ്പത്തിക-ധനകാര്യ വിഷയങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയെല്ലാം ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു.
2024 ജനുവരി മുതല്‍ യു എ ഇ ബ്രിക്സില്‍ ഒരു പൂര്‍ണ അംഗമാണ്. ബഹുമുഖ സഹകരണത്തിനായുള്ള രാജ്യത്തിന്റെ നയത്തിന്റെ ഭാഗമാണ് ഈ അംഗത്വം. വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ സാമ്പത്തിക വികസനം, വ്യാപാരം, നിക്ഷേപം, ആഗോള ഭരണനിര്‍വഹണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബ്രിക്സ് വേദി ഒരുക്കുന്നു.
Content Highlights:
UAE and Iran leaders held high-level discussions focusing on the rapidly escalating tensions in West Asia. Both nations emphasized the urgent need for diplomatic resolution and regional stability to mitigate further confrontation. The dialogue marks a pivotal move toward de-escalating regional crisis.




