Kerala
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം ഇന്ന്
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ 'എക്സലന്‍സ് അവാര്‍ഡ്' കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മലേഷ്യന്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കും
കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീം ഇന്ന് (സെപ്തം: 13, ഞായര്‍) വൈകുന്നേരത്തോടെ കോഴിക്കോടെത്തും.ഇന്ന് വൈകിട്ട് 6.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന അന്‍വര്‍ ഇബ്രാഹിം തുടര്‍ന്ന് രാത്രി 7.30 മുതല്‍ 9.30 വരെ മര്‍കസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘എക്സലന്‍സ് അവാര്‍ഡ്’ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മലേഷ്യന്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കും.മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക സ്വീകരണ സംഗമത്തിലും ഗ്രാന്‍ഡ് മുഫ്തിയുടെ അത്താഴ വിരുന്നിലും സംബന്ധിക്കും.
വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങളില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും മര്‍കസില്‍ നടക്കും. ശേഷം ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സി എം വലിയുല്ലാഹി മഖാമില്‍ കാന്തപുരത്തിനൊപ്പം മലേഷ്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. നാളെ (തിങ്കള്‍) മാലിദ്വീപ് വഴി അദ്ദേഹം മലേഷ്യയിലേക്ക് മടങ്ങും.
ഇത് രണ്ടാം തവണയാണ് അന്‍വര്‍ ഇബ്‌റാഹീം ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2022 സെപ്തംബറിലായിരുന്നു ആദ്യ മര്‍കസ് സന്ദര്‍ശനം. 2023ല്‍ മതപണ്ഡിതര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്‌കാരം മലേഷ്യന്‍ സര്‍ക്കാര്‍ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 2023, 2024, 2025 വര്‍ഷങ്ങളില്‍ ക്വാലാലംപൂരില്‍ ഗ്രാന്‍ഡ് മുഫ്തിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
മലേഷ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായും തൊഴില്‍ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടും കേരളത്തില്‍ നിന്ന്, പ്രത്യേകിച്ച് കോഴിക്കോട് നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചും നേരത്തെ ഗ്രാന്‍ഡ് മുഫ്തി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ പര്യടനവും കേരള സന്ദര്‍ശനവും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യം, വിനോദ സഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ രംഗങ്ങളില്‍ വലിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി മര്‍കസില്‍ അതിവിപുലമായ സജ്ജീകരണങ്ങളും അതീവ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, ട്രാഫിക്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, പി ഡബ്ല്യു ഡി, സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് പ്രോട്ടോകോള്‍, തദ്ദേശ വകുപ്പ്, ആരോഗ്യ വകുപ്പ്, ഫുഡ് സേഫ്റ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, നാഷണല്‍ ഹൈവേ, രഹസ്യാനേഷണ വിഭാഗം ഉള്‍പ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി സംബന്ധിക്കുന്ന പരിപാടിയിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച വിദ്യാര്‍ഥികള്‍ക്കും അതിഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകര്‍ അറിയിച്ചു
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഇന്ന് വൈകിട്ട് മുതല്‍ ഗതാഗത നിയന്ത്രണം. വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക. വൈദ്യരങ്ങാടി രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതല്‍ കുന്നമംഗലംമടവൂര്‍ വരെയും പൂര്‍ണ ഗതാഗത നിയന്ത്രണമുണ്ടാകും.
നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പൊലീസ് ബദല്‍ ഗതാഗത മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.
വയനാട് ഭാഗത്ത് നിന്ന്: താമരശ്ശേരി ബാലുശ്ശേരി നന്മണ്ട എരഞ്ഞിപ്പാലം വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
കൊടുവള്ളി ഭാഗത്ത് നിന്ന്: പടനിലം കളരിക്കണ്ടി വരട്ട്യാക്ക് പെരിങ്ങളം വഴി യാത്ര ചെയ്യണം
.മുക്കം ഭാഗത്ത് നിന്ന്: ചെത്തുകടവ് പെരിങ്ങളം വഴി കോഴിക്കോട് നഗരത്തിലേക്ക് എത്തണം.
കണ്ണൂര്‍ ഭാഗത്ത് നിന്ന്: എലത്തൂര്‍ പാവങ്ങാട് നടക്കാവ് വഴിയുള്ള റോഡുകള്‍ ഉപയോഗിക്കണം.
യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന്: ഇടിമൂഴിക്കല്‍ രാമനാട്ടുകര ഫറോക്ക് ചെറുവണ്ണൂര്‍ വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണമെന്നാണ് നിര്‍ദേശം.
ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രക്കാര്‍ നേരത്തെ യാത്ര ക്രമീകരിക്കണമെന്നും ബദല്‍ റൂട്ടുകള്‍ പരമാവധി ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു
Content Highlights: Malaysian Prime Minister Anwar Ibrahim is visiting Kozhikode to meet Indian Grand Mufti Kanthapuram A P Aboobacker Musliyar at Markaz. Kanthapuram will present him with the inaugural Excellence Award instituted by Sheikh Aboobacker Foundation. Strict traffic restrictions have been imposed in Kozhikode city

