Connect with us

Editorial

വി വി ഐ പി സന്ദര്‍ശനവും ഗതാഗത നിയന്ത്രണവും

ജനാധിപത്യ സംവിധാനത്തില്‍ സാധാരണ പൗരന്മാരുടെ ജീവനും സമയത്തിനും വി വി ഐ പികളുടേതിന് സമാനമായ വില കല്‍പ്പിക്കേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ടാകണം വി വി ഐ പി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്.

Published

|

Last Updated

ജനമനസ്സുകള്‍ കീഴടക്കാനാണ് രാഷ്ട്രീയ നേതാക്കളായ വി വി ഐ പികള്‍ തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ഭീതിയോടെയാണ് പൊതുസമൂഹം അവരുടെ വരവിനെ കാണുന്നത്. ജനങ്ങളെ യാത്രാ ദുരിതത്തിലാക്കുക മാത്രമല്ല ജീവന്‍ നഷ്ടപ്പെടുത്തുക കൂടി ചെയ്യുന്നു അവരുടെ സന്ദര്‍ശനം. മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുരക്ഷക്കായി കെട്ടിയ കയറില്‍ കുരുങ്ങി കൊച്ചി കോര്‍പറേഷനിലെ ജീവനക്കാരന്‍ വടുതല സ്വദേശി മനോജ് ഉണ്ണി എന്ന യുവാവ് ദാരുണമായി മരിച്ചത്. യാതൊരു മുന്‍കരുതലും സ്വീകരിക്കാതെ, ദൂരെ നിന്നു യാത്രക്കാരുടെ ദൃഷ്ടിയില്‍ പെടാത്ത വിധമായിരുന്നു റോഡിന് കുറുകെ കയര്‍ കെട്ടിയതെന്നാണ് മനോജ് ഉണ്ണിയുടെ കുടുംബവും സ്ഥലം എം എല്‍ എ. ടി ജെ വിനോദും ആരോപിക്കുന്നത്. വിവരമറിയാതെ അതുവഴി വരുന്ന യാത്രാക്കാരെ തടഞ്ഞു നിര്‍ത്താന്‍ ആ സമയം സ്ഥലത്ത് പോലീസുണ്ടായിരുന്നില്ലെന്നും കയര്‍ ദൃഷ്ടിയില്‍ പെടാന്‍ അതിനു മുകളില്‍ ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും എം എല്‍ എ പറയുന്നു.

അതേസമയം മനോജ് ഉണ്ണി മദ്യലഹരിയിലായിരുന്നതും അമിത സ്പീഡുമാണ് അപകടത്തിനു വഴിവെച്ചതെന്നാണ് കൊച്ചി പോലീസ് കമ്മീഷണറുടെ വിശദീകരണം. കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെ മാതാവ് വിളിച്ചപ്പോഴാണ് മനോജ് സ്‌കൂട്ടറില്‍ യാത്ര ചെയ്തതെന്ന ഒരു കഥയും അവതരിപ്പിക്കുന്നു പോലീസ്. ഇത് കള്ളക്കഥയാണ്; മനോജിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതായി സഹോദരി ചിപ്പി പറയുന്നു. ഒരു കുടുംബത്തിന്റെ അത്താണിയെയാണ് പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്നുളള ഈ ഗതാഗത നിയന്ത്രണം നഷ്ടമാക്കിയത്.

റോഡില്‍ കെട്ടിയ കയറില്‍ കുരുങ്ങിയുള്ള മരണം സംസ്ഥാനത്ത് മുമ്പും സംഭവിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് ഒന്നിന് കോട്ടയം കിളിരൂര്‍ കാരാപുഴ സ്വദേശി ജിഷ്ണുവെന്ന യുവാവ് റോഡിനു കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി തെറിച്ചു വീണ് മരിച്ചിരുന്നു. തിരുനക്കരയില്‍ പുളിമൂട് ജംഗ്ഷനിലേക്ക് പോകുന്ന മുനിസിപാലിറ്റിയുടെ കീഴിലുള്ള ഇടറോഡില്‍ ടൈല്‍ പാകുന്ന പണിയുമായി ബന്ധപ്പെട്ട് കരാറുകാരാണ് അന്ന് കയര്‍ കെട്ടിയത്. എന്നാല്‍ റോഡ് അടച്ചതിന്റെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. ഇതിനിടെ കയര്‍ ശ്രദ്ധയില്‍പ്പെടാതെ രാവിലെ ബൈക്കില്‍ വരികയായിരുന്ന വിഷ്ണുവിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി നിയന്ത്രണം വിട്ട് തെറിച്ചു വീഴുകയായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയില്‍ പെടാന്‍ കയറില്‍ പച്ചില കെട്ടിയിരുന്നുവെന്നും ജിഷ്ണു അമിത വേഗത്തിലായതു കൊണ്ടാണ് ശ്രദ്ധയില്‍ പെടാതെ പോയതെന്നുമാണ് കരാറുകാരന്‍ പറയുന്നത്. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനുളള പണം അധികൃതരില്‍ നിന്ന് ലഭിക്കാത്തത് കൊണ്ടാണ് അത് വെക്കാതിരുന്നതെന്നും അയാള്‍ പറയുകയുണ്ടായി. ഏതാനും വര്‍ഷം മുമ്പ് മുക്കം കാരശ്ശേരി ഭാഗത്ത് റോഡ് പണിക്കായി കെട്ടിയ കയറില്‍ കുരുങ്ങി മാവൂര്‍ സ്വദേശി അബ്ദുര്‍റഊഫ് എന്ന യുവാവ് മരിച്ചിരുന്നു.

റോഡ് പണിക്കോ വി വി ഐ പികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടോ റോഡ് അടച്ചിടുമ്പോള്‍ പാലിക്കേണ്ട ചില നിയമപരമായ ബാധ്യതകളും സാമാന്യ മര്യാദകളുമുണ്ട്. റോഡില്‍ കയര്‍ കെട്ടിയ, ബാരിക്കേഡ് സ്ഥാപിച്ചതു സംബന്ധമായ അറിയിപ്പോ റിഫ്ളക്ടീവ് സ്റ്റോപ്പ് സൈനോ നൂറ് മീറ്റര്‍ മുമ്പെങ്കിലും സ്ഥാപിച്ചിരിക്കണം. കടമ നിര്‍വഹിച്ചുവെന്ന് വരുത്തിയാല്‍ പോരാ, മനുഷ്യ ജീവന്റെ വില മനസ്സിലാക്കി യാത്രക്കാരുടെ ദൃഷ്ടിയില്‍ പെടുന്ന വിധമായിരിക്കണം സ്ഥാപിക്കേണ്ടത്. എങ്കിലേ യാത്രക്കാര്‍ക്ക് അപകടത്തില്‍ പെടാതെ വാഹനം നിയന്ത്രിക്കാന്‍ സാധ്യമാകുകയുള്ളൂ. അപകടം സംഭവിച്ച ശേഷം എന്തെങ്കിലും ന്യായങ്ങള്‍ പറഞ്ഞു രക്ഷപ്പെടുന്നതിലല്ല, അപകടം വരാതെ സൂക്ഷിക്കുന്നതിലാണ് ഉദ്യോഗസ്ഥര്‍ മിടുക്ക് കാണിക്കേണ്ടത്. ഈ കാര്യത്തില്‍ വീഴ്ച കാണിക്കുന്ന ഉദ്യോഗസ്ഥരെയും കരാറുകാരെയും കൊലക്കുറ്റത്തിന് കേസെടുത്ത് നിയമനപടികള്‍ക്കു വിധേയമാക്കേണ്ടതാണ്.

പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ കേരള സന്ദര്‍ശനം ഒരു ജീവന്‍ അപരഹരിച്ചതിനു പുറമെ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതക്കയത്തിലാക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയുടെ അന്നത്തെ താമസം എറണാകുളം ഗസ്റ്റ് ഹൗസിലായതിനാല്‍ ആ ഭാഗത്തേക്കുള്ള റോഡുകളിലെല്ലാം ഗതാഗത നിരോധനമേര്‍പ്പെടുത്തിയിരുന്നു. അടുത്ത ദിവസം രാവിലെ പ്രധാനമന്ത്രി ഗസ്റ്റ്ഹൗസില്‍ നിന്ന് നാവിക വിമാനത്താവളത്തിലേക്ക് തിരിക്കുന്നതു വരെ നിരോധം നീണ്ടതിനാല്‍ അന്ന് കാലത്ത് ഓഫീസുകളിലേക്ക് പുറപ്പെട്ട ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലേക്ക് തിരിച്ച യാത്രക്കാരും അത്യാഹിത രോഗികളെയുമായി ആശുപത്രികളിലേക്ക് പുറപ്പെട്ട ആംബുലന്‍സുകളും മണിക്കൂറുകളോളം പൊരിവെയിലത്ത് റോഡില്‍ കുടുങ്ങി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ നാവിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ശേഷമാണ് ഗതാഗത നിയന്ത്രണം പിന്‍വലിച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട് പ്രധാനമന്ത്രിയുടെ റോഡ്ഷോകളും റാലികളും. അവിടെയെല്ലാം ഗതാഗതവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും തടയുകയും അവരെ ദുരിതത്തിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരു നഗരത്തില്‍ പ്രധാനമന്ത്രിയുടെ 40 കി. മീറ്റര്‍ റോഡ് ഷോ പൊതുജനത്തിനു സൃഷ്ടിച്ച ദുരിതങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്. ആംബുലന്‍സ് അടക്കമുളള അടിയന്തര സ്വഭാവമുളള സര്‍വീസുകളടക്കം മണിക്കൂറുകളോളം അന്ന് സ്തംഭനത്തിലായി. വി വി ഐ പികളുടെ ജീവനും സമയത്തിനുമെന്ന പോലെ വിലയും നിലയും കല്‍പ്പിക്കേണ്ടതുണ്ട് ഒരു ജനാധിപത്യ സംവിധാനത്തില്‍ സാധാരണ പൗരന്മാരുടെ ജീവനും സമയത്തിനും. ഈ യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ടാകണം അവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. മാത്രമല്ല ഔദ്യോഗിക സംവിധാനവും പൊതുഖജനാവിലെ പണവും ഉപയോഗപ്പെടുത്തി മന്ത്രിമാരും ജനപ്രതിനിധികളും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ധാര്‍മിക, ജനാധിപത്യ സാധുത പരിശോധിക്കപ്പെടേണ്ടതുമാണ്

 

Latest