Kerala
കോന്നിയില്‍ വാഹനാപകടം; ബാലിക മരിച്ചു, ഒമ്പത് പേര്‍ക്ക് പരുക്ക്
തെങ്കാശി സ്വദേശി വിഘ്‌നേശാ സന്ധ്യയാണ് (12) മരിച്ചത്.

കോന്നി | കോന്നിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട്ടുകാരിയായ ബാലിക മരിച്ചു. തെങ്കാശി സ്വദേശി വിഘ്‌നേശാ സന്ധ്യയാണ് (12) മരിച്ചത്. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു.
വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന ഞായറാഴ്ച രാത്രി 11.30 ഓടെ കോന്നി മാമൂട്ടിലാണ് അപകടം നടന്നത്. വിനോദയാത്രക്കു ശേഷം സംഘം തെങ്കാശിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍ വന്ന ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സംഘത്തില്‍ ഉണ്ടായിരുന്ന ആദികേശവന്‍ (23), മാരിസെല്‍വന്‍ (39), അന്നലക്ഷ്മി (35), കാര്‍ത്തിക (33), ആധവന്‍ (13), ആരീഷ് (6), മഗീഷ് (8), ആരുണ്യ (5), പെരിയസ്വാമി (46) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ കാര്‍ ഭാഗികമായും ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു.
കോന്നി അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരുക്കേറ്റവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൃതദേഹം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.