Connect with us

editorial

ഉയ്ഗൂർ മുസ്‌ലിംകൾ: ചൈനക്ക് സംശയം തീരുന്നില്ല

മുസ്‌ലിംകളെ പഠിപ്പിക്കുന്നതിന് മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഇസ്‌ലാമിനെ കുറിച്ച് പഠിക്കട്ടെ. ഷിൻജിയാംഗിൽ എന്ത് നടക്കുന്നുവെന്ന് പഠിക്കാൻ ലോകത്തിന് അവസരമൊരുക്കട്ടെ.

Published

|

Last Updated

വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാംഗ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. ഇതു സംബന്ധിച്ച് യു എൻ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ ലോകത്താകെ ചർച്ചയാകുകയും ചൈനീസ് ഭരണകൂടത്തിന് അത് വലിയ പ്രതിച്ഛായാ നഷ്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ഉപദേശങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്തെത്തിയിരിക്കുന്നു.

ശരിയായ രാഷ്ട്രീയ ദിശയിലല്ല ഉയ്ഗൂർ മുസ്‌ലിംകൾ നീങ്ങുന്നതെന്നും അവർ ദേശസ്‌നേഹത്തിന്റെ കൊടി ഉയർത്തിപ്പിടിക്കാത്തതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും പാർട്ടിയുടെ ഉന്നത സമിതിയായ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ നാലാമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാംഗ് യാംഗ് ആരോപിക്കുന്നു. ചൈനാ ഇസ്‌ലാമിക് അസ്സോസിയേഷൻ പ്രതിനിധികളോടാണ് വാംഗ് യാംഗ് ഇക്കാര്യം പറഞ്ഞത്. മതത്തെ കുറിച്ചുള്ള പാർട്ടിയുടെ അടിസ്ഥാന കാഴ്ചപ്പാട് പൂർണമായി നടപ്പാക്കാൻ മുസ്‌ലിം സംഘങ്ങൾ തയ്യാറാകണമെന്നും നേതാക്കൾ ഈ ദിശയിൽ അണികളെ സ്വാധീനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ദേശസ്‌നേഹവും സ്ഥിതിസമത്വവുമായിരിക്കണം മുസ്‌ലിംകളെ നയിക്കേണ്ടത്. ചൈനീസ് അവസ്ഥക്ക് പര്യാപ്തമായ ഇസ്‌ലാമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. വാംഗ് പറയുന്നുവെന്നാൽ അതിനർഥം ഭരണകൂടം അങ്ങനെ ഉത്തരവിടുന്നു എന്ന് തന്നെയാണ്. ചൈനയിൽ പാർട്ടി തന്നെയാണല്ലോ ഭരണകൂടം.

ഷിൻജിയാംഗിലെ ഉയ്ഗൂർ മുസ്‌ലിംകൾ അനുഭവിക്കുന്ന അന്യവത്കരണത്തിന്റെയും പീഡനത്തിന്റെയും അടിസ്ഥാന കാരണം വാംഗ് യാംഗിന്റെ ഈ ഉപദേശത്തിലുണ്ട്. മുസ്‌ലിംകളെ ഭരണകൂടം വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഇമാമുമാരുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്താറുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളുമായി ചൈനക്ക് നല്ല ബന്ധവുമുണ്ട്. എല്ലാം ശരി തന്നെ. പക്ഷേ, മുസ്‌ലിംകളോടുള്ള സമീപനത്തിൽ വലിയ പിശകുണ്ട്. മുൻധാരണയുടെ കോട്ടയിലാണ് പാർട്ടിയുള്ളത്. മതം അനുഷ്ഠിക്കുന്നവർ മുഴുവൻ തീവ്രവാദികളോട് അനുതാപമുള്ളവരാണെന്ന ഇസ്‌ലാമോഫോബിക് ആഖ്യാനം തൊണ്ടതൊടാതെ വീഴുങ്ങുകയാണ് ചൈനീസ് ഭരണകൂടം. നിങ്ങൾ മതവിശ്വാസിയാണെങ്കിൽ എവിടെയോ വേരുകളുള്ള ഒരാളാണെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത, ചിരപുരാതന വിഡ്ഢിത്തം ആവർത്തിക്കുകയാണ് പോളിറ്റ്ബ്യൂറോയിലെ വലിയ നേതാവ് ചെയ്യുന്നത്. അത്‌കൊണ്ട് ദേശസ്‌നേഹം ഉണ്ടാക്കിയെടുക്കണം; സോഷ്യലിസ്റ്റാകാൻ പഠിക്കണം. ചൈനക്ക് പാകമായ ഒരു ഇസ്‌ലാമുണ്ടാക്കണം.

ദേശക്കൂറും സ്ഥിതിസമത്വവും വിശ്വാസത്തിന്റെ ഭാഗമാണെന്ന് അർഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ച മതത്തിലെ നിഷ്‌കളങ്കരായ വിശ്വാസികളോടാണ് ഇതു പറയുന്നതെന്നോർക്കണം. എല്ലാവരും ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിക്കായി നിർബന്ധിത ദാനം ഏർപ്പെടുത്തിയ മതം. ലോകത്താദ്യമായി സ്ത്രീകൾക്ക് സ്വത്തവകാശം നൽകിയ ജീവിതക്രമം. വർണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്ത പ്രവാചക അധ്യാപനങ്ങൾ നയിക്കുന്ന മതം. അതതിടങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക യാഥാർഥ്യങ്ങളോട് ചേർന്നുനിന്നു കൊണ്ട് തന്നെ ഉത്തമ മതവിശ്വാസിയാകാൻ മുസ്‌ലിംകൾക്ക് സാധിക്കുമെന്നതിന് തെളിവാണ് ലോകത്താകെയുള്ള വിശ്വാസി സമൂഹം.

കൂടുതൽ സ്വയം ഭരണാവകാശം വേണമെന്ന രാഷ്ട്രീയ ആവശ്യം മുന്നോട്ട് വെച്ചത് കൊണ്ടു മാത്രമാണ് ഉയ്ഗൂർ മുസ്‌ലിംകളെ ഇന്നും ചൈനീസ് ഭരണകൂടം അവിശ്വസിക്കുന്നത്. ആ ആവശ്യം മതപരമായിരുന്നില്ല. 1949ലാണ് ഷിൻജിയാംഗ് ഔപചാരികമായി ചൈനയോട് ചേർക്കപ്പെടുന്നത്. സ്വയംഭരണ പദവി നൽകിയെന്നായിരുന്നു അന്നത്തെ അവകാശവാദം. തങ്ങളുടെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വം പ്രഖ്യാപിക്കാനായി മുസ്‌ലിംകൾ നടത്തിയ സംഘംചേരലുകളെ വിഘടനവാദപരമെന്ന് മുദ്രകുത്തുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. അവരുടെ ദേശക്കൂറിൽ സംശയം പ്രഖ്യാപിച്ച ചൈനീസ് ഭരണകൂടം 1950കളിൽ ഉയ്ഗൂർ മേഖലയുടെ സമഗ്ര വികസനത്തിനെന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചു. ചൈനീസ് വംശജരായ ഹാൻ വിഭാഗത്തെ അവിടേക്ക് കടത്തി വിട്ടുവെന്നതായിരുന്നു പദ്ധതിയുടെ ആത്യന്തിക ഫലം. ഉയ്ഗൂറുകളെ സ്വന്തം മണ്ണിൽ അന്യരാക്കാനുള്ള തന്ത്രം.

ഷിൻജിയാംഗിലെ ഫലഭൂയിഷ്ടമായ മണ്ണിൽ ഹാൻ വംശജർ കൃഷിയിറക്കി. സൈന്യത്തിൽ നിന്ന് വിരമിച്ചവരെയും അവരുടെ കുടുംബങ്ങളെയും സർക്കാർ ശമ്പളം നൽകി പ്രവിശ്യയിൽ കുടിയിരുത്തുകയായിരുന്നു. പ്രവിശ്യയുടെ സാമൂഹിക പശ്ചാത്തലത്തിൽ ഹാൻ വംശജർ കടന്നുകയറി. സർക്കാർ സംരക്ഷണത്തിന്റെ ഹുങ്കിൽ അവർ ഉയ്ഗൂറുകളെ ആക്രമിച്ചു. അവരെ സ്വാഭാവിക തൊഴിൽ മേഖലകളിൽ നിന്ന് പിഴുതെറിഞ്ഞു. അതോടെ നിൽക്കക്കള്ളിയില്ലാതായ മുസ്‌ലിംകൾക്ക് മേൽ ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന തെളിവുകളാണ് യു എൻ റിപോർട്ട് വരച്ചു കാണിക്കുന്നത്.

ഷിൻജിയാംഗിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം നടക്കുന്നുണ്ടെന്നാണ് യു എൻ റിപോർട്ടിലെ ഏറ്റവും ഗൗരവതരമായ കണ്ടെത്തൽ. തൊഴിൽ പരിശീലന ക്യാമ്പെന്ന പേരിൽ ഷിൻജിയാംഗിൽ പ്രവർത്തിക്കുന്ന സംവിധാനം കൊടിയ പീഡന കേന്ദ്രമാണെന്ന് റിപോർട്ട് വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ ക്യാമ്പിൽ മാനസികവും ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ നടക്കുന്നു. മതപരമായ ആചാരങ്ങൾ അനുവർത്തിച്ചുവരുന്ന മുസ്‌ലിം വിഭാഗങ്ങളിലെ യുവാക്കളെ അറസ്റ്റ് ചെയ്താണ് ഇത്തരം ക്യാമ്പുകളിൽ തള്ളുന്നത്. ഇവിടെ ചൈനീസ് അധികൃതർ പറയുന്ന രീതിയിലുള്ള ജീവിതരീതി പിന്തുടരാൻ ഇവരെ നിർബന്ധിക്കുകയാണ്. അതിന് വഴങ്ങാത്തവർക്ക് കൊടിയ പീഡനമാണ് ഏൽക്കേണ്ടി വരിക.

അധികൃതരുമായി സഹകരിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന സംവിധാനമാണ് ഷിൻജിയാംഗിലെ പരിശീലന കേന്ദ്രങ്ങളിലുള്ളതെന്നും റിപോർട്ടിൽ പറയുന്നു. ഈ റിപോർട്ടിനെതിരെ ചൈന നടത്തുന്ന പ്രതികരണങ്ങുടെ ഭാഷ നോക്കിയാലറിയാം അവരെ അത് എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്ന്. അത്‌കൊണ്ട് മുസ്‌ലിംകളെ പഠിപ്പിക്കുന്നതിന് മുമ്പ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഇസ്‌ലാമിനെ കുറിച്ച് പഠിക്കട്ടെ. ഷിൻജിയാംഗിൽ എന്ത് നടക്കുന്നുവെന്ന് പഠിക്കാൻ ലോകത്തിന് അവസരമൊരുക്കട്ടെ.

Latest