Connect with us

International

യു എസ് സ്റ്റേറ്റ് സെക്രട്ടറി സഊദിയില്‍; കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കാര്യങ്ങളും വിവിധ മേഖലകളില്‍ അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും അവലോകനം ചെയ്തു.

Published

|

Last Updated

റിയാദ് | സഊദി സന്ദര്‍ശനത്തിനെത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി.

റൂബിയോയെയും, പ്രതിനിധി സംഘത്തെയും കിരീടാവകാശി സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കാര്യങ്ങളും വിവിധ മേഖലകളില്‍ അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും അവലോകനം ചെയ്തു. പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ചയായി.

യുക്രൈനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച യു എസ്-റഷ്യ ചര്‍ച്ചകള്‍ക്കായി സഊദി അറേബ്യയില്‍ എത്തിയതായിരുന്നു യു എസ് സ്റ്റേറ്റ് സെക്രട്ടറി. കൂടിക്കാഴ്ചയില്‍ അമേരിക്കയിലെ സഊദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് അല്‍-ഐബാന്‍, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദര്‍ അല്‍-റഷീദ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, യു എസ് എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്സ് അലിസണ്‍ ദില്‍വര്‍ത്ത്, മിഡില്‍ ഈസ്റ്റിലെ യു എസിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍ഡ്രോബെക്ക്, സ്റ്റേറ്റ് സെക്രട്ടറിയുടെ ഉപദേഷ്ടാവ് മൈക്കല്‍ നീധാം, നയ-ആസൂത്രണ ഡയറക്ടര്‍ മൈക്കല്‍ ആന്റണ്‍, മുതിര്‍ന്ന ഉപദേഷ്ടാവ് ജുവാന്‍ വരേല എന്നിവര്‍ പങ്കെടുത്തു.

നേരത്തെ, റൂബിയോ സഊദി വിദേശകാര്യ സഹമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ റിയാദിലെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. റൂബിയോയും പ്രിന്‍സ് ഫൈസലും ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു.

യു എസ് സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷം റൂബിയോയുടെ ആദ്യ സഊദി സന്ദര്‍ശനമാണിത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനാണ് റൂബിയോ ഇവിടെ എത്തിയത്.

യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സും മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇന്നലെ റിയാദിലെത്തിയിരുന്നു. റഷ്യന്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചകള്‍ക്കായി അവര്‍ റൂബിയോയ്ക്കൊപ്പം ചേരും. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വിദേശകാര്യനയ ഉപദേഷ്ടാവായ യൂറി ഉഷാക്കോവും ഇന്ന് റിയാദില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ക്രെംലിന്‍ അറിയിച്ചു.

 

Latest