Connect with us

International

ചർച്ചകൾ വഴിമുട്ടാൻ കാരണം അമേരിക്കയുടെ യുക്തിരഹിതമായ ആവശ്യങ്ങളെന്ന് ഇറാൻ

യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത വിട്ടുവീഴ്ചകൾ അമേരിക്ക ചർച്ചയിലൂടെ ആവശ്യപ്പെട്ടതായി ഇറാൻ്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

Published

|

Last Updated

ഇസ്‌ലാമാബാദ് | അമേരിക്കയുടെ യുക്തിരഹിതമായ ആവശ്യങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായതെന്ന് ഇറാൻ. ഇറാൻ്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തങ്ങളുടെ പ്രതിനിധി സംഘം 21 മണിക്കൂർ തുടർച്ചയായി ചർച്ചകൾ നടത്തിയെങ്കിലും അമേരിക്കൻ പക്ഷത്തുനിന്നുണ്ടായ കടുത്ത നിബന്ധനകൾ പുരോഗതിയെ തടസ്സപ്പെടുത്തിയെന്ന് ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐ ആർ ഐ ബി ടെലഗ്രാമിലൂടെ വ്യക്തമാക്കി.

ഒറ്റ സെഷനിൽ തന്നെ ചർച്ചകൾ കരാറിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഖാഈ പറഞ്ഞു. അതേസമയം, പാകിസ്താനുമായും മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങളുമായും ഉള്ള ബന്ധം തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത വിട്ടുവീഴ്ചകൾ അമേരിക്ക ചർച്ചയിലൂടെ ആവശ്യപ്പെട്ടതായി ഇറാൻ്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച നിയന്ത്രണങ്ങളും ആണവ സാമഗ്രികൾ നീക്കം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

അമേരിക്കൻ പ്രതിനിധി സംഘത്തെ നയിച്ച വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് ഇത് തങ്ങളുടെ അവസാനത്തെയും മികച്ചതുമായ വാഗ്ദാനമാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം വന്നത്. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയത് അവർക്ക് തന്നെയാണ് ദോഷമെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന കൃത്യമായ ഉറപ്പ് ഇറാനിൽ നിന്ന് വേണമെന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചയുടെ വിവിധ ഘട്ടങ്ങളിൽ താൻ സംസാരിച്ചിരുന്നതായും ജെ ഡി വാൻസ് വെളിപ്പെടുത്തി.

ജെ ഡി വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിൻ്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് യു എസ് സംഘത്തിന് നേതൃത്വം നൽകിയത്. ഇറാൻ്റെ ഭാഗത്ത് നിന്ന് പാർലമെൻ്ററി സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ചി എന്നിവരുടെ നേതൃത്വത്തിൽ 71 അംഗ സംഘമാണ് പങ്കെടുത്തത്.

ഫെബ്രുവരി 28 ന് അമേരിക്കൻ ഇസ്റാഈൽ സൈന്യം ഇറാനെതിരെ നടത്തിയ ആക്രമണത്തോടെയാണ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇസ്റാഈലിലെയും ഗൾഫ് രാജ്യങ്ങളിലെയും യു എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകി. കഴിഞ്ഞ ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ ഇരുവിഭാഗവും ആക്രമണം തുടർന്നിരുന്നു.

Summary

The peace talks held in Islamabad between the United States and Iran to end the ongoing Middle East conflict have ended without an agreement. Iran cited “unreasonable demands” from the American delegation as the primary reason for the deadlock after 21 hours of intensive negotiations. US Vice President JD Vance stated that Iran declined their “final and best offer,” emphasizing that the US remains committed to ensuring Iran does not acquire nuclear weapons.