International
ഒടുവിൽ വഴങ്ങി അമേരിക്ക; ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകാൻ സമ്മതിച്ചു
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ആസ്തികൾ വിട്ടുനൽകാനുള്ള തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്‍ലാമാബാദ് | പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇറാന് മുന്നിൽ വഴങ്ങി അമേരിക്ക. ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലുമായി മരവിപ്പിച്ചു വെച്ചിരുന്ന ഇറാന്റെ ശതകോടി മൂല്യമുള്ള ആസ്തികൾ വിട്ടുനൽകാൻ അമേരിക്കൻ ഭരണകൂടം സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്ലാമാബാദിൽ വാഷിംഗ്ടണുമായി നടക്കുന്ന ചർച്ചകളിൽ ഇറാൻ കാണിക്കുന്ന ഗൗരവത്തിനുള്ള അംഗീകാരമായാണ് ഈ നീക്കത്തെ ഇറാൻ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ആസ്തികൾ വിട്ടുനൽകാനുള്ള തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. ആഗോള വിപണിയിൽ എണ്ണ വിതരണത്തിന് സുപ്രധാനമായ ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാൻ ഈ ആസ്തി കൈമാറ്റം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഇസ്ലാമാബാദിൽ വെച്ചാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ നടക്കുന്നത്. അമേരിക്കൻ പ്രതിനിധിയായി ജെ ഡി വാൻസ് ഉൾപ്പെടെയുള്ളവർ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ വക്താക്കൾ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ നീക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഈ ചർച്ചകൾ നിർണ്ണായകമാകും. ആസ്തികൾ മോചിപ്പിക്കാനുള്ള തീരുമാനം ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത കുറയ്ക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് നിരീക്ഷകർ കാണുന്നത്.
ചർച്ചകളിൽ പങ്കെടുക്കണമെങ്കിൽ ലബനാനിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുകിട്ടണമെന്നും ഇറാൻ ഇന്നലെ നിബന്ധന വെച്ചിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇതിനോട് പ്രതികരിച്ചിരുന്നത്.
Summary
The United States has reportedly agreed to release frozen Iranian assets held in Qatar and other international banks as a gesture of seriousness during peace talks in Islamabad. This move is closely linked to securing safe passage for maritime traffic through the strategic Strait of Hormuz. While Iran views this as a positive step toward a broader deal, US officials have yet to issue a formal public statement regarding the unfreezing of these funds.



