Connect with us

UAE

ആഗോള ആണവ സുരക്ഷാ സൂചികയിൽ യു എ ഇക്ക് നാലാം സ്ഥാനം

ന്യൂക്ലിയർ ത്രെറ്റ് ഓർഗനൈസേഷൻ റിപ്പോർട്ട് പുറത്ത്

Published

|

Last Updated

അബൂദബി|ആഗോള ആണവ സുരക്ഷാ സൂചികയിൽ യു എ ഇ ലോകത്ത് നാലാം സ്ഥാനം കരസ്ഥമാക്കി. ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ് (എൻ ടി ഐ) പുറത്തുവിട്ട 2026-ലെ റിപ്പോർട്ട് പ്രകാരമാണിത്. അട്ടിമറി പ്രവർത്തനങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും ആണവ നിലയങ്ങൾക്കുള്ള സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയ 48 രാജ്യങ്ങളുടെ പട്ടികയിലാണ് യു എ ഇ ഈ മികച്ച നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ സമാധാനപരമായ ആണവോർജ പദ്ധതികൾക്ക് ഒരുക്കിയിട്ടുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെയും വിവിധ വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനുള്ള തയ്യാറെടുപ്പുകളുടെയും അംഗീകാരമാണ് ഈ റാങ്കിംഗ്.

കൂടാതെ, ആണവ സാമഗ്രികളുടെ മോഷണം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ 154 രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ പതിനഞ്ചാം സ്ഥാനവും നേടി. നൂറിൽ 85 പോയിന്റുകൾ നേടിയാണ് ഈ വിഭാഗത്തിൽ മുന്നിലെത്തിയത്. 2023-ലെ സൂചികയേക്കാൾ രണ്ട് പോയിന്റ്അധികം നേടാൻ രാജ്യത്തിനായി.
ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവും ഇക്കണോമിസ്റ്റ് എന്റർപ്രൈസും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിൽ സുരക്ഷാ-നിയന്ത്രണ മാനദണ്ഡങ്ങൾ, അന്താരാഷ്ട്ര ചട്ടങ്ങൾ, ദേശീയ ശേഷി എന്നിവയാണ് പ്രധാനമായും വിലയിരുത്തിയത്.

സുരക്ഷാ-മേൽനോട്ട സംവിധാനങ്ങളിൽ രാജ്യം കൈവരിച്ച ശ്രദ്ധേയമായ പുരോഗതി റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഈ വിഭാഗത്തിൽ 2023-ൽ 66 പോയിന്റായിരുന്നത് 2026-ൽ 86 പോയിന്റായി ഉയർന്നു. ഭൗതിക സുരക്ഷ, ആഭ്യന്തര ഭീഷണികൾ തടയൽ, സൈബർ സുരക്ഷ, പ്രതികരണ ശേഷി എന്നിവയിലെല്ലാം വലിയ വളർച്ച രേഖപ്പെടുത്തി.

ആണവ സുരക്ഷാ സൂചികയിലെ മികച്ച പ്രകടനം സുസ്ഥിരവും ശക്തവുമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലുള്ള യു എ ഇയുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ് എ എൻ ആർ) ഡയറക്ടർ ജനറൽ ഹമദ് അൽ കഅബി പറഞ്ഞു.

Content Highlights:
The UAE ranked fourth globally in the 2026 Nuclear Security Index by the Nuclear Threat Initiative. The country scored 85 out of 100 in preventing nuclear theft, jumping two points since 2023. FANR Director General Hamad Al Kaabi highlighted this as proof of the UAE’s strong safety commitment.

 

Latest