National
ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി; ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ പ്രതിഷേധം
വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി). ഒക്ടോബര്‍ രണ്ടിന് മുംബൈയിലാണ് പ്രതിഷേധം. പിന്നാലെ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കാനാണ് സിജെപി തീരുമാനം. ഗാന്ധി ജയന്തി(ഒക്ടോബര്‍ രണ്ട്) ദിനത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് സിജെപി ദേശീയ കണ്‍വീനര്‍ അഭിജിത് ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിന് സിജെപി നല്‍കിയ അന്ത്യശാസന നാളെ അവസാനിക്കും.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷം നീക്കങ്ങള്‍ കടുപ്പിക്കുകയാണ്. വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ സജീവമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപക പ്രതിഷേധങ്ങളും ആരംഭിച്ചു. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഇംപീച്ച്മെന്റ് പ്രമേയങ്ങള്‍ സ്പീക്കര്‍ തള്ളിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ എംപിമാരുമായി ചര്‍ച്ചകള്‍ സജീവമാക്കിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും വീണ്ടും നോട്ടീസുകള്‍ നല്‍കും. കോണ്‍ഗ്രസ് പിസിസികളുടെ നേതൃത്വത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും നാളെ മുതല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ പ്രതിഷേധങ്ങള്‍ ഭയന്ന് ഗ്യാനേഷ് കുമാറിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാക്കളെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച് നടത്താനിരുന്ന ഗ്രാന്‍ഡ് ഡയലോഗ് പരിപാടിയാണ് റദ്ദാക്കിയത്. തിങ്കളാഴ്ച വാരാണസിയില്‍ നടത്താനിരുന്ന പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.
Content Highlights: The Cockroach Janata Party declared protests demanding Chief Election Commissioner Gyanesh Kumar’s resignation. Meanwhile, Opposition parties led by Congress are preparing to move a new impeachment motion against him. Following growing public anger, several scheduled events of Gyanesh Kumar were cancelled.




