National
ഭിന്നതകള്‍ക്കിടെ പൊതുപരിപാടികള്‍ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍
ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയില്‍ ഹരജി
ന്യൂഡല്‍ഹി | വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി പേരു നീക്കം ചെയ്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത നിലനില്‍ക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാക്കളെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച് നടത്താനിരുന്ന ഗ്രാന്‍ഡ് ഡയലോഗ് പരിപാടിയാണ് റദ്ദാക്കിയത്. തിങ്കളാഴ്ച വാരാണസിയില്‍ നടത്താനിരുന്ന പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. അതേ സമയം ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയില്‍ ഹരജിയും എത്തിയിട്ടുണ്ട്
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തര്‍ക്കം നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സിഇസിക്ക് രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നു.
കഴിഞ്ഞ പത്തുമാസത്തിനിടെ വോട്ടര്‍പട്ടികയില്‍നിന്ന് കോടിക്കണക്കിന് പേരുകള്‍ നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ കത്തുകള്‍ നല്‍കിയിരുന്നു.
വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യാ സഖ്യം തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: A petition was filed in the Bombay High Court demanding the annulment of decisions made by Gyanesh Kumar. The plea questions the validity and execution of official actions taken during his tenure. The court is expected to hear the matter soon.




