Connect with us

National

ബീഹാറിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്

ചില പുരുഷന്മാര്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെരുപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി |  ബീഹാറിലെ ബാങ്ക ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മന്ദാര്‍ ഹില്ലില്‍ വെച്ച് യുവതിയെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ തിരിച്ചറിയാത്ത ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സെപ്തംബര്‍ 3ന് നടന്ന സംഭവത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതിന് പിറകെയാണ് പോലീസ് കേസെടുത്തത്. ചില പുരുഷന്മാര്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെരുപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സെപ്റ്റംബര്‍ 22-ന് സോഷ്യല്‍ മീഡിയ സെല്‍ വഴിയാണ് ഈ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ബൗണ്‍സി പോലീസ് അന്വേഷണം ആരംഭിച്ചു.

കുറ്റക്കാരായ വ്യക്തികളെ തിരിച്ചറിഞ്ഞയുടന്‍ നിയമപ്രകാരം കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ഈ സംഭവം സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഉപദ്രവിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ബീഹാറിലെ ജമൂയിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച പുറത്തുവന്ന മറ്റൊരു വീഡിയോയില്‍, ബീഹാറിലെ സമസ്തിപൂരില്‍ മോട്ടോര്‍ സൈക്ലിലെത്തിയ നാലംഗ സംഘം ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും വളഞ്ഞ് വാക്കാല്‍ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സംഭവത്തിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: A case has been registered against six unidentified men for assaulting a woman at Mandar Hill in Bihar after a video surfaced online. Bounsi police initiated an investigation using the viral clip as evidence. The incident highlights rising concerns regarding tourist safety across the state.

 

Latest