Kerala
മൂന്നിടത്ത് റെയില്‍പ്പാളങ്ങളില്‍ മരങ്ങള്‍ വീണു; മിക്ക ട്രെയിനുകളും ഇന്നും വൈകിയോടുന്നു
കഴക്കൂട്ടത്തും കടയ്ക്കാവൂരും ഏഴുപുന്നയിലുമാണ് റെയില്‍പ്പാളങ്ങളില്‍ മരങ്ങള്‍ വീണത്

തിരുവനന്തപുരം | ശക്തമായ കാറ്റിലും മഴയിലും റെയില്‍പ്പാളങ്ങളില്‍ മരങ്ങള്‍ വീണു. ഇതേത്തുടർന്ന് മിക്ക ട്രെയിനുകളും സംസ്ഥാനത്ത് വൈകിയോടുകയാണ്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തും കടയ്ക്കാവൂരും ആലപ്പുഴയില്‍ ഏഴുപുന്നയിലുമാണ് റെയില്‍പ്പാളങ്ങളില്‍ മരങ്ങള്‍ വീണത്. രണ്ട് മണിക്കൂറോളമാണ് ട്രെയിനുകള്‍ വൈകുന്നത്.
ആലപ്പുഴ റെയില്‍പ്പാളത്തില്‍ മരം വീണ് ആലപ്പുഴ- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം അല്‍പ്പസമയം നിലച്ചു. മരം മുറിച്ചുമാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
റെയില്‍വേ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളാണ് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ നടത്തിയത്. ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി റെയിൽപ്പാളങ്ങളിൽ മരങ്ങളും മറ്റും വീഴുന്നത് മൂലം വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകളുൾപ്പെടെ വൈകിയാണ് ഓടുന്നത്. അതിതീവ്ര മഴ നാളെയും പല ജില്ലകളിലും പ്രവചിച്ചിട്ടുണ്ട്. മഴക്കൊപ്പം അതിശക്തമായി കാറ്റും വീശുന്നതാണ് മരങ്ങൾ കടപുഴകാനിടയാക്കുന്നത്.