Connect with us

saudi arabia

സഊദിയിലേക്കുള്ള യാത്രാ വിലക്ക് നീങ്ങി: നാളെ മുതല്‍ രാജ്യത്തേക്ക് പ്രവേശനം

സഊദിയില്‍ നിന്നും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റീനും, ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും പൂര്‍ത്തിയാക്കണം

Published

|

Last Updated

ദമാം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീങ്ങിയതോടെ ബുധാനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ നേരിട്ട് രാജ്യത്തേക്ക് പ്രവേശനം ആരംഭിക്കുമെന്ന് സഊദി പാസ്സ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു.

ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്കായിരുന്നു കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 15 മുതല്‍ സഊദി അറേബ്യ നേരിട്ടുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഏറ്റവും ഉയര്‍ന്ന വിമാന ടിക്കറ്റുകള്‍ നിരക്കും, ക്വാറന്റീന്‍ ചെലവും വഹിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, മാലദ്വീപ്, അര്‍മീനിയ, നേപ്പാള്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയായിരുന്നു മലയാളികളടക്കമുള്ളവര്‍ സഊദിയിലെത്തിയിരുന്നത്. നേരിട്ട് പ്രവേശനം അനുവദിക്കുന്ന തീരുമാനം ആയിരകണക്കിന് ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസമാകും.

സഊദിയില്‍ നിന്നും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റീനും, ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും പൂര്‍ത്തിയാക്കണം. നേരത്തെ മറ്റൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. സഊദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. അതേസമയം, ഇന്ത്യയുടെ കൊവാക്‌സീന് സഊദിയില്‍ അംഗീകാരം ലഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് തവക്കല്‍ന ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല.

പ്രതീക്ഷയോടെ വ്യോമയാന മേഖല

ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം ലഭിക്കും. 2020 മാര്‍ച്ച് മാസം മുതല്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഡിസംബര്‍ പതിനഞ്ച് മുതല്‍ പുനരാരംഭിക്കുമെന്ന ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ് കൂടി വന്നതോടെ സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഉംറ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ വ്യോമയാന മേഖലയില്‍ സഊദി എയര്‍ലൈന്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വ്വീസുകളുടെ എണ്ണവും വര്‍ദ്ധിക്കും.