Connect with us

Kerala

വരാന്തയില്‍ തലയിടിച്ച് വീണ് രണ്ടു വയസുകാരന്‍ മരിച്ചു

കോഴിക്കോട് വളയത്ത് ജിതിന്‍-ബിജിഷ ദമ്പതികളുടെ മകന്‍ യവിന്‍ യുവിക് ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | വീടിന്റെ വരാന്തയില്‍ തലയിടിച്ച് വീണ് രണ്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് വളയത്ത് ജിതിന്‍-ബിജിഷ ദമ്പതികളുടെ മകന്‍ യവിന്‍ യുവിക് ആണ് മരിച്ചത്. വീണതിനെ തുടര്‍ന്ന് അല്പം കരഞ്ഞ കുട്ടി പിന്നീട് മയങ്ങിപ്പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി ഉണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചു നോക്കിയപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ അത്വിക്.

കുട്ടികള്‍ തലയിടിച്ചു വീണാല്‍ ജാഗ്രത കാണിക്കണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തലയിടിച്ചു വീണാല്‍ മിക്കവാറും കുട്ടികള്‍ ഒന്നു മയങ്ങുകയോ ഛര്‍ദിക്കുകയോ ചെയ്യാറുണ്ട്. രണ്ടിലധികം തവണ തുടര്‍ച്ചയായി ഛര്‍ദിക്കുക, ദീര്‍ഘ നേരം മയങ്ങുക, ഉദാസീനത കാണിക്കുക, പിടിവാശി കാണിക്കുക, കഠിനമായ തലവേദനയുള്ളതായി പരാതിപ്പെടുക, അബോധാവസ്ഥയുണ്ടാകുക, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഓര്‍മക്കുറവ്, കൈകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ കാണിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം.

ഇവയെല്ലാം മസ്തിഷ്‌കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കില്‍ കുട്ടിക്കു തീര്‍ച്ചയായും സിടി സ്‌കാന്‍ ചെയ്യണം. ഛര്‍ദിയുണ്ടെങ്കില്‍ ഒരു വശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയില്‍ മുറിവുണ്ടായാല്‍ നന്നായി മുറുകെ കെട്ടിവയ്ക്കണം. മുഴച്ചു വന്നിട്ടുണ്ടെങ്കില്‍ ഐസ് വയ്ക്കുന്നതു നല്ലതാണ്. മുഴ ശക്തിയായി തിരുമ്മുന്നതു നല്ലതല്ല.

Content Highlights:
A two-year-old toddler died in Kozhikode after falling and hitting his head on a veranda. The child went to sleep shortly after crying and became unresponsive. Doctors advise parents to monitor children closely for vomiting, prolonged drowsiness, or seizures after any head fall.

 

Latest