Connect with us

Kerala

ചരിത്രം ആവര്‍ത്തിക്കാനും തിരുത്താനും

പൊള്ളും വേനലില്‍ ഉള്ളു നോവിക്കുന്ന ഒട്ടേറെ വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടുക്കിയില്‍ കാട്ടുതീയായി പടരുന്നത്. പട്ടയം മുതല്‍ കാട്ടാന വരെയാണ് തുറുപ്പുചീട്ടുകള്‍.

Published

|

Last Updated

ഇടുക്കി | 20 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം തിരുത്താനുളള ശ്രമത്തിലാണ് ഇടുക്കിയില്‍ യു ഡി എഫ്. അങ്ങനെ എളുപ്പത്തില്‍ തിരുത്താന്‍ പറ്റില്ലെന്ന് എല്‍ ഡി എഫും. 2001ന് ശേഷം ജില്ലയില്‍ നിന്നും എം എല്‍ എമാരില്ലെന്ന കോണ്‍ഗ്രസ്സിന്റെ അവസ്ഥ തുടരുമെന്നും എല്‍ ഡി എഫ് അവകാശപ്പെടുന്നു. ഇടുക്കി മണ്ഡലം കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കാനുള്ള കേരള കോണ്‍ഗ്രസ്സ്-ജെ ചെയര്‍മാന്‍ പി ജെ ജോസഫിന്റെ തീരുമാനം യു ഡി എഫിലെ കെട്ടുറപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.

2021ല്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ പി ജെ ജോസഫിന്റെ തൊടുപുഴ മാത്രമായിരുന്നു യു ഡി എഫിന്. ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നീ നാല് ഹൈറേഞ്ച് മണ്ഡലങ്ങളും എല്‍ ഡി എഫ് കോട്ട പോലെ നിന്നു. 2001 മുതല്‍ യു ഡി എഫിന് വേണ്ടി ഇടുക്കി മണ്ഡലം കൈക്കുളളിലാക്കിയ കേരള കോണ്‍ഗ്രസ്സ്-എമ്മിന്റെ റോഷി അഗസ്റ്റിന്‍, പാര്‍ട്ടിവിട്ട് 2021ല്‍ എല്‍ ഡി എഫിലെത്തി ഇടുക്കി നിലനിര്‍ത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നെണ്ണം മാത്രമാണ് എല്‍ ഡി എഫിന്. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും യു ഡി എഫിനാണ് ആധിപത്യം.
കാട്ടുതീയായി

ഉള്ളു നോവിക്കും വിഷയങ്ങള്‍
പൊള്ളും വേനലില്‍ ഉള്ളു നോവിക്കുന്ന ഒട്ടേറെ വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടുക്കിയില്‍ കാട്ടുതീയായി പടരുന്നത്. പട്ടയം മുതല്‍ കാട്ടാന വരെയാണ് തുറുപ്പുചീട്ടുകള്‍. നല്‍കിയ പട്ടയങ്ങളുടെ എണ്ണം പറഞ്ഞാണ് എല്‍ ഡി എഫിന്റെ വോട്ട് തേടല്‍. നല്‍കാത്ത പട്ടയങ്ങളും നല്‍കിയവയിലെ നിയമപ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി യു ഡി എഫ് അതിന് തടയിടുന്നു. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ചവിട്ടി മെതിക്കുന്ന ജീവിതങ്ങളുടെ കഥ യു ഡി എഫ് പറയുമ്പോള്‍, കേന്ദ്ര വനനിയമങ്ങളെ അതിലെ വില്ലനാക്കുന്നു എല്‍ ഡി എഫ്.

മണ്ഡലങ്ങള്‍ എങ്ങോട്ട് ?
തൊടുപുഴയില്‍ പി ജെ ജോസഫ് 12-ാം അങ്കത്തിനിറങ്ങുമെന്ന സൂചന ഒടുക്കം വരെ നിലനിന്നെങ്കിലും മകനും കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫിനെയാണ് കളത്തിലിറക്കിയത്. കഴിഞ്ഞ തവണ പി ജെയുടെ ഭൂരിപക്ഷം 20,259 വോട്ടായിരുന്നു. എല്‍ ഡി എഫിനായി യൂത്ത് ഫ്രണ്ട്-എം സംസ്ഥാന അധ്യക്ഷന്‍ സിറിയക് ചാഴിക്കാടനാണ് മത്സരരംഗത്ത്. അപ്രതീക്ഷിതമായി ട്വന്റി 20യുടെ അഡ്വ. റോയി വാരിക്കാട്ട് എന്‍ ഡി എക്കായി എത്തിയതിന്റെ നിരാശ ബി ജെ പി അണികള്‍ മറച്ചുവെക്കുന്നില്ല.

കാല്‍നൂറ്റാണ്ടായി റോഷി അഗസ്റ്റിന്‍ (കേരള കോണ്‍-എം) ആര്‍ച്ച് ഡാം പോലെ ബലവത്തായി നിര്‍ത്തിയിരിക്കുന്ന ഇടുക്കി മണ്ഡലത്തില്‍ ഇളക്കമുണ്ടാക്കാനാണ് യു ഡി എഫ് ശ്രമം. കെ പി സി സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസാണ് റോഷിയുടെ എതിരാളി. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്ത്, രണ്ട് ബ്ലോക്ക്, കട്ടപ്പന നഗരസഭ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവ യു ഡി എഫിനാണ്. ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ്പ്രതീഷ് പ്രഭയാണ് എന്‍ ഡി എ സ്ഥാനാര്‍ഥി.

ഉടുമ്പന്‍ചോലയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രന്‍ രണ്ട് തിരഞ്ഞെടുപ്പുകളില്‍ അഴിച്ചുവെച്ച സ്ഥാനാര്‍ഥിത്വം വീണ്ടും അണിയുന്നു. 2016ലും 2021ലും എം എം മണി നടത്തിയ വികസനമാണ് ജയചന്ദ്രന്റെ തുറുപ്പുചീട്ട്. കെ പി സി സി മീഡിയ വക്താവ് അഡ്വ. സേനാപതി വേണുവിനെ യു ഡി എഫ് അവതരിപ്പിച്ചത് ഇത്തവണ അട്ടിമറി പ്രതീക്ഷിച്ചാണ്. എങ്കിലും ഉടുമ്പന്‍ചോലക്ക് മനംമാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്. അഡ്വ. സംഗീത വിശ്വനാഥനാണ് (ബി ഡി ജെ എസ്) എന്‍ ഡി എ സ്ഥാനാര്‍ഥി.

പീരുമേട്ടില്‍ 2016ല്‍ 314 വോട്ടിനും 2021ല്‍ 1835 വോട്ടിനും പരാജയപ്പെട്ട സിറിയക് തോമസിനെ കോണ്‍ഗ്രസ്സ് ഇത്തവണ വീണ്ടും ഇറക്കിയത് മണ്ഡലം കൈപ്പിടിയിലാക്കാനാണ്. എതിരാളിയും ചില്ലറക്കാരനല്ല. സി പി ഐ ജില്ലാ സെക്രട്ടറി കെ സലീം കുമാര്‍. 2006 മുതല്‍ സി പി ഐയുടെ കുത്തകയായ പീരുമേട് നിലനിര്‍ത്തിയേ തീരൂ എന്ന വാശിയിലാണ് പാര്‍ട്ടിയും ഇടതുമുന്നണിയും. രതീഷ് വരകുമലയാണ് (ബി ജെ പി) എന്‍ ഡി എ സ്ഥാനാര്‍ഥി.

ദേവികുളത്ത് രണ്ട് രാജമാരുടെ അങ്കത്തിലേക്ക് എസ് രാജേന്ദ്രന്‍ എന്ന സി പി എം മുന്‍ എം എല്‍ എ, ബി ജെ പി സ്ഥാനാര്‍ഥിയായി വേഷമിട്ടതാണ് ദേവികുളത്തെ കലക്കിമറിക്കുന്നത്. സിറ്റിംഗ് എം എല്‍ എ അഡ്വ. എ രാജയെ സി പി എം രണ്ടാമൂഴത്തിന് ഇറക്കിയിരിക്കുന്നു. ദലിത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഫ് രാജ എന്ന കന്നിക്കാരനാണ് എതിരാളി. 2021ല്‍ 7848 വോട്ടിനായിരുന്നു രാജയുടെ വിജയം. എസ് രാജേന്ദ്രന്റെ വരവ് വോട്ടുകള്‍ വര്‍ധിപ്പിക്കുമെന്നാണ് ബി ജെ പിയുടെ കരുതല്‍. എല്‍ ഡി എഫിന് തന്നെയാണ് മുന്‍തൂക്കമെന്നാണ് പൊതുവിലയിരുത്തല്‍.

 

മണ്ഡലങ്ങള്‍
തൊടുപുഴ
ഇടുക്കി
ഉടുമ്പന്‍ചോല
പീരുമേട്
ദേവികുളം

കക്ഷിനില
എല്‍ ഡി എഫ്- 04
യു ഡി എഫ്- 01

 

 

 

---- facebook comment plugin here -----

Latest