Connect with us

Articles

ഉഷ്ണ തരംഗം ദുരന്തമാകാതിരിക്കാൻ

ഉഷ്ണ തരംഗം നമ്മുടെ ആരോഗ്യത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതികൂലമായി തന്നെ ബാധിക്കും. കുറേ കാലത്തേക്ക് ചൂട് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയെ മാത്രമല്ല ബാധിക്കുന്നതെന്ന് സാരം

Published

|

Last Updated

കൊടും ചൂടിൽ വെന്തുരുകുകയാണ് നമ്മുടെ രാജ്യം. കാലവർഷത്തിന് ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വേനൽമഴ ലഭിച്ചിട്ടില്ല. കേരളത്തിൽ പോലും തെക്കൻ ജില്ലകളിൽ മാത്രമാണ് മഴ ലഭിച്ചത്. അതും വളരെ കുറഞ്ഞ തോതിൽ. വടക്കൻ കേരളത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ നാമമാത്രമായ പ്രദേശങ്ങളിൽ ചെറിയ തോതിൽ മാത്രം മഴ പെയ്തുവെന്നതൊഴിച്ചാൽ ഭൂരിഭാഗം പ്രദേശങ്ങളിലും ചാറ്റൽ മഴ പോലും ലഭിച്ചിട്ടില്ല. കേരളത്തിൽ കായലുകളും പുഴകളും കിണറുകളും മറ്റ് ജലാശയങ്ങളും വറ്റി വരണ്ടുകൊണ്ടിരിക്കുന്നു. കത്തിജ്വലിക്കുന്ന സൂര്യന് കീഴെ ചുടുകാറ്റേറ്റ് തളർന്ന് ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. ചൂടിന്റെ കാഠിന്യമേറുംതോറും മനുഷ്യർ അടക്കമുള്ള ജീവജാലങ്ങൾ തളർന്ന് വീഴുന്നു. പലയിടങ്ങളിലും കൊടും ചൂടും സൂര്യാഘാതവും മൂലം മരണപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ഇത്തരമൊരു സ്ഥിതിവിശേഷം രാജ്യത്ത് ആദ്യമായാണ്. ഈ അവസ്ഥ തുടരുകയാണെങ്കിൽ താപനില ക്രമാതാതമായി ഉയരുകയും അസഹ്യമായ ചൂട് ജീവജാലങ്ങൾക്ക് കൂട്ടത്തോടെ ഹാനി വരുത്തുന്ന തരത്തിലുള്ള മഹാദുരന്തമായി മാറുകയും ചെയ്യും. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ്, സിക്കിം, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനങ്ങളിൽ ചൂട് 45 ഡിഗ്രിയിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപകടകരമായ തോതിൽ താപനില ഉയരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിക്കിം, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പഞ്ചാബിലും ഹരിയാനയിലും കഴിഞ്ഞ ദിവസത്തെ ചൂട് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. കേരളവും ഉഷ്ണതരംഗത്തിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും താപനില 40 ഡിഗ്രി കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് ശക്തമായ വേനൽമഴ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ മഴ കനിയുന്ന ലക്ഷണം കാണുന്നില്ല. കാർമേഘങ്ങൾ ഉരുണ്ടുകൂടി മാഞ്ഞുപോകുന്നു. മഴക്ക് കാത്തുനിൽക്കുന്നവർക്ക് നിരാശയാണ് ഫലം.
ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നവർക്ക് ഉഷ്ണരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മഹാരാഷ്ട്ര സർക്കാർ നടത്തിയ പരിപാടിയിൽ മണിക്കൂറുകളോളം തുറസ്സായ സ്ഥലത്ത് ഇരുന്നവരിൽ സൂര്യാഘാതമേറ്റ് 13 പേർ മരിച്ച സംഭവം രാജ്യത്തെ ആകമാനം നടുക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്ത പരിപാടിയാണ് ദുരന്തം ക്ഷണിച്ചുവരുത്തിയത്. കൊടും വെയിലിൽ യാതൊരു മുൻകരുതലും സ്വീകരിക്കാതെ ഇത്തരത്തിലുള്ള പരിപാടികൾ മഹാരാഷ്ട്രയിൽ മാത്രമല്ല കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. കേരളത്തിൽ സ്‌കൂളുകളെല്ലാം വേനലവധിക്ക് അടച്ചുപൂട്ടിയെങ്കിലും അങ്കൺവാടികൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ അങ്കൺവാടികളിൽ കൊടും ചൂട് കാരണം ദുരിതമനുഭവിക്കുകയാണെന്നാണ് പത്രറിപോർട്ടുകൾ.

കഠിനമായ ചൂടിൽ പ്രത്യേകിച്ച് കൂടുതൽ വെല്ലുവിളി നേരിടുന്നത് ശിശുക്കൾ, വയോധികർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ എന്നിവരുൾപ്പെടെയുള്ള ദുർബലരായവരാണ്. ജലാംശം നിലനിർത്താനായി ആവശ്യത്തിന് വെള്ളവും പാനീയങ്ങളും കുടിക്കുന്നതടക്കമുള്ള വിവിധ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയിൽ കഴിഞ്ഞ മാർച്ച് മുതൽ സാധാരണ താപനിലയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇനി തെക്കേ ഇന്ത്യയിലും സമാനമായ സാഹചര്യത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഉഷ്ണ തരംഗം നമ്മുടെ ആരോഗ്യത്തെയും ശാരീരിക പ്രവർത്തനങ്ങളെയും പ്രതികൂലമായി തന്നെ ബാധിക്കും. കുറേ കാലത്തേക്ക് ചൂട് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയെ മാത്രമല്ല ബാധിക്കുന്നതെന്ന് സാരം. എങ്ങനെയാണ് ഒരു പ്രദേശം ഹീറ്റ് വേവിലേക്ക് എത്തിയെന്ന് കണക്കാക്കുന്നതെന്ന് പരിശോധിക്കാം. കാലാവസ്ഥാ വകുപ്പ് ഒരു സ്ഥലത്തെ ഉഷ്ണമേഖലാ പ്രദേശമായി കണക്കാക്കുന്നതിന് വേണ്ടി ചില മാനദണ്ഡങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. സമതലങ്ങളിൽ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലും തീര പ്രദേശങ്ങളിൽ കുറഞ്ഞത് 37 ഡിഗ്രി സെൽഷ്യസിലും മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസിലും എത്തുമ്പോഴാണ് അത് ഉഷ്ണ തരംഗമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങൾ എല്ലാം ഉഷ്ണതരംഗത്തിന് കീഴിലുള്ളവയായി പ്രഖ്യാപിക്കുന്നു. പരമാവധി താപനില സാധാരണയിൽ നിന്ന് 6.4 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കുമ്പോൾ കടുത്ത ഉഷ്ണതരംഗമായി കണക്കാക്കുന്നു.

ഉഷ്ണതരംഗം ഉൾപ്പെടെയുള്ള താപതരംഗങ്ങൾ എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം. ഇത് ശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. ഇതിനെ അവഗണിച്ചാൽ അത് പലപ്പോഴും ശരീരത്തിന്റെ ആന്തരികാവയവത്തെ വരെ ബാധിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നെങ്കിൽ ഉടനെ കൃത്യമായ വൈദ്യ പരിചരണം തേടേണ്ടതാണ്. ശരീരത്തിൽ താപനില അതികഠിനമായി വർധിക്കുന്നതനുസരിച്ച് ശരീരത്തിലെ രക്തക്കുഴലുകളും തുറക്കുന്നുണ്ട്. ഇത് ശരീരത്തിൽ രക്തസമ്മർദം പെട്ടെന്ന് കുറയുന്നതിന് കാരണമാകുന്നു. ഇത് ഹൃദയത്തെയും പ്രതികൂലമായി ബാധിക്കും ഹൃദയാഘാതം വരെ സംഭവിച്ചേക്കാം.

ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയായതിനാൽ ഒരു തരത്തിലും ആരോഗ്യത്തെ അവഗണിക്കാൻ പാടില്ല. ശരീരം നിർജലീകരണം പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നത് ജീവഹാനിക്ക് തന്നെ കാരണമാകാം. ചൂടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശരീരം പലപ്പോഴും വളരെയധികം വിയർക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് ശരീരത്തിലെ ജലാംശവും സ്വാഭാവികമായ ഉപ്പും എല്ലാം വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. ഇതോടെ നിർജലീകരണം സംഭവിക്കുകയും ജീവന് ആപത്തുണ്ടാകുകയും ചെയ്യുന്നു. പലപ്പോഴും നിർജലീകരണം നിമിത്തം ശരീരത്തിന് പ്രവർത്തിക്കാൻ കഴിയാത്തതാണ് മരണത്തിലേക്ക് എത്തിക്കുന്നത്. മറ്റ് ചില അസ്വസ്ഥതകളും ശരീരത്തെ ബാധിക്കുന്നുണ്ട്. കുറഞ്ഞ രക്തസമ്മർദം, പേശീവലിവ്, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയും ഉഷ്ണ തരംഗത്തിന്റെ ഭാഗമായി ഉണ്ടാകുന്നുണ്ട്.

ധാരാളം വെള്ളം കുടിക്കുകയെന്നതാണ് മുൻഗണന നൽകേണ്ട പ്രതിരോധം. ജലാംശം കൂടുതലുള്ള പഴങ്ങളും ഭക്ഷണങ്ങളും കഴിക്കുകയെന്നതും പ്രധാനമാണ്. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കണം. ഇതൊടൊപ്പം നമ്മുടെ ജീവിത രീതിയിലും വസ്ത്രധാരണ രീതിയിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. അതിഉഷ്ണമുള്ള സ്ഥലങ്ങളിൽ പോകാതിരിക്കാൻ ജാഗ്രത കാണിക്കണം. ജോലി സമയത്തിന്റെ ക്രമീകരണവും പ്രധാനപ്പെട്ട ഘടകമാണ്. വെയിലിൽ പണിയെടുക്കുന്നവർ ഉച്ചക്ക് 12 മണിക്കും വൈകിട്ട് മൂന്നിനും ഇടയിൽ വിശ്രമിക്കണമെന്ന നിർദേശം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തിൽ സ്വയം അവബോധത്തോടൊപ്പം പൊതുസമൂഹത്തിന്റെ സഹകരണവും അനിവാര്യ
മാണ്.