Connect with us

National

ഹിജാബ് വിഷയം സഭയിലുന്നയിച്ച് ടി എന്‍ പ്രതാപന്‍; പ്രക്ഷുബ്ധമായി ലോക്‌സഭ

"മുസ്ലിം സ്ത്രീകളുടെ മതപരവും സാംസ്‌കാരികവുമായ അടയാളങ്ങളില്‍ ഒന്നാണ് ഹിജാബ്. ഹിന്ദുക്കള്‍ക്ക് മംഗള്‍സൂത്രവും, ക്രിസ്ത്യാനികള്‍ക്ക് കുരിശുമാലയും സിഖുകാര്‍ക്ക് തലപ്പാവും എന്നതുപോലെയാണ് ഇത്. എന്നാല്‍ എന്തിനെയും ഭീകരവത്കരിക്കാന്‍ മടിയില്ലാത്ത ഒരുകൂട്ടര്‍ നമ്മുടെ രാജ്യത്തുണ്ട്."

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ണാടകയിലെ ഹിജാബ് പ്രശ്‌നം ലോക്‌സഭയെ ബഹളത്തില്‍ മുക്കി. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ സാഹചര്യം ടി എന്‍ പ്രതാപന്‍ എംപി ലോകസഭയുടെ ശൂന്യവേളയില്‍ അവതരിപ്പിച്ചതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.

ഹിജാബ് ധരിക്കുന്നതിനാല്‍ കോളേജുകളില്‍ കയറാനാവാതെ വിദ്യാര്‍ത്ഥിനികള്‍ കലാലയങ്ങളുടെ പുറത്തിരിക്കുന്ന സാഹചര്യമാണെന്നും മൗലിക അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അവരുടെ ആവശ്യം കാണാതെ പോകരുതെന്നും പ്രതാപന്‍ പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ മതപരവും സാംസ്‌കാരികവുമായ അടയാളങ്ങളില്‍ ഒന്നാണ് ഹിജാബ്. ഹിന്ദുക്കള്‍ക്ക് മംഗള്‍സൂത്രവും, ക്രിസ്ത്യാനികള്‍ക്ക് കുരിശുമാലയും സിഖുകാര്‍ക്ക് തലപ്പാവും എന്നതുപോലെയാണ് ഇത്. എന്നാല്‍ എന്തിനെയും ഭീകരവത്കരിക്കാന്‍ മടിയില്ലാത്ത ഒരുകൂട്ടര്‍ നമ്മുടെ രാജ്യത്തുണ്ട്.

അവര്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന സിഖുകാരനെ ഖാലിസ്ഥാന്‍ തീവ്രവാദിയാക്കും. ട്രെയിനില്‍ സഭാവസ്ത്രത്തില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെ ആക്രമിക്കും ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തടയും. ഈ രാജ്യത്തെ നമ്മളെങ്ങോട്ടാണ് കൊണ്ടുപോകുന്നത്? നമുക്ക് നമ്മുടെ വൈവിധ്യങ്ങളെ നഷ്ടപ്പെടുത്താനാവില്ല – അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. ആ പെണ്‍കുട്ടികളുടെ ഭരണഘടനാ പ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ സരസ്വതി ദേവി വിദ്യാഭ്യാസം എല്ലാവര്ക്കും നല്‍കുന്നുണ്ട്. മതമോ ജാതിയോ വേഷമോ ഭാഷയോ നോക്കി ആരെയും തടയുന്നില്ലെന്നും പ്രതാപന്‍ പറഞ്ഞു.

ഇതോടെ ഭരണപക്ഷ എംപിമാര്‍ ബഹളം തുടങ്ങി. പ്രസംഗം ഒരു വട്ടം തടസ്സപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ എം പിമാര്‍ കൂട്ടത്തോടെ പ്രതിഷേധിച്ച ശേഷം സ്പീക്കര്‍ പ്രതാപനെ തുടരാന്‍ അനുവദിക്കുകയായിരുന്നു.

 

Latest