Kerala
തിരുവനന്തപുരത്ത് മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ദേഹാസ്വാസ്ഥ്യം; ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവുമടക്കമുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായത്
തിരുവനന്തപുരം| തിരുവനന്തപുരത്ത് മീന്‍ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മീന്‍ കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവുമടക്കമുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ തേടി. ബാക്കി വന്ന മീനിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നം നേരിട്ട മൂന്നുപേരില്‍ ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റില്‍നിന്നും മീന്‍ വിഭവങ്ങള്‍ കഴിച്ച് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചിരുന്നു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ റസ്റ്റോറന്റില്‍നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്.



