ഫീച്ചർ
വേദനയുടെ നാദം
ലോകത്തെ അടിമുടി പിടിച്ചുലച്ച ആ രംഗം മനുഷ്യത്വം അതുവരെ അപരിചിതമായ ഏറ്റവും ശക്തമായ ശബ്ദത്തിൽ സംസാരിക്കുന്നു. ഏതൊരു കുട്ടിയിലും കാരുണ്യത്തിന്റെ വിത്തുകൾ വിതയ്ക്കുന്നതിന് സ്നേഹവും ദയയും വളർത്തുക. അപ്പോൾ മാത്രമേ ഉന്നതമായ നാഗരികത, മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയൂവെന്നാണ് 2009ൽ ചിത്രം പകർത്തിയ ബ്രസീലിയൻ ഛായാഗ്രാഹകനും ഫോട്ടോഗ്രഫറുമായ മാർക്കോസ് ട്രിസ്റ്റാവോയുടെ വാക്കുകൾ.
സംഗീതത്തെ പലപ്പോഴും സാർവത്രിക ഭാഷയെന്ന് വിളിക്കാറുണ്ട്. നരവംശ സംഗീതജ്ഞയും ഫ്രീലാൻസ് എഴുത്തുകാരിയുമായ മരിയോൺ ജേക്കബ്സൺ ഇന്ത്യൻ രാഗങ്ങൾ മുതൽ കാജുൻ/ സൈഡെക്കോ വരെയുള്ള എല്ലാ പ്രധാന ലോക സംഗീത പാരമ്പര്യങ്ങളുടെയും നൂറുകണക്കിന് അവലോകനങ്ങളും ഫീച്ചറുകളും വാഷിംഗ്ടൺ പോസ്റ്റ്, സ്റ്റീരിയോ റിവ്യൂ, വിവിധ സംഗീത മാഗസിനുകൾ, വ്യത്യസ്‌ത ബ്ലോഗുകൾ എന്നിവക്കായി തയ്യാറാക്കിയിട്ടുണ്ട്. 2003ൽ ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് നരവംശ സംഗീതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ആർട്‌സ് വെസ്റ്റ് ചെസ്റ്ററിലെ ആദ്യ സ്റ്റാഫ് ഫോക്ക്‌ലോറിസ്റ്റും സ്റ്റാറ്റൻ ഐലൻഡ് കൗൺസിൽ ഓൺ ദി ആർട്‌സിലെ സ്റ്റാഫ് ഫോക്ക്‌ലോറിസ്റ്റും ബ്രൂക്ലിൻ ആർട്‌സ് കൗൺസിൽ, ബ്രോങ്ക്സ് കൗൺസിൽ ഓൺ ദി ആർട്‌സ്, ലോംഗ് ഐലൻഡ് ട്രഡീഷൻസ് എന്നിവയുടെ കൺസൾട്ടിംഗ് ഫോക്ക്‌ലോറിസ്റ്റുമായിരുന്നു. രചയിതാക്കളുടെ വാക്കുകൾക്കും പ്രതിച്ഛായകൾക്കും കഴിയാത്ത ചരിത്രത്തിന്റെയും മനുഷ്യാനുഭവത്തിന്റെയും രേഖ സംഗീതം നൽകുന്നു. ഓർമകൾ പകരാൻ അതിന് അതുല്യമായ കഴിവുണ്ട്. ഗാനരചനകൾക്കും ഈണങ്ങൾക്കും ആളുകളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും ഓർമിപ്പിക്കാൻ കഴിയുമെന്നാണ് മരിയോണിന്റെ അഭിപ്രായപ്രകടനം.
“നിങ്ങളെ ചിന്തിപ്പിക്കുന്ന ഇരുപത് ഭവനരഹിതരുടെ അനുഭവ കഥകൾ’
2024 ജൂൺ 23 ന് ബിയാട്രിസ് സിൽവ ആർക്‌ച ഗിവിംഗ് ഹോപ്പ് എന്ന ചാരിറ്റബിൾ സംഘടനയുടെ മാഗസിനിൽ എഴുതിയ ‘ട്വന്റി ഹോംലെസ് എക്‌സ്‌പീരിയൻസ് സ്റ്റോറീസ് ദാറ്റ് വിൽ മൂവ് യു’ (നിങ്ങളെ ചിന്തിപ്പിക്കുന്ന 20 ഭവനരഹിതരുടെ അനുഭവ കഥകൾ) ലേഖനം വായനക്കാരുടെ ഹൃദയം ഉലയ്‌ക്കുകയും മനസ്സ് തകർക്കുകയും ചെയ്യുന്നതാണ്. ഭവന‐ നഗരവികസന വകുപ്പിന്റെ കണക്ക് പ്രകാരം അമേരിക്കയിലെ ഏഴുലക്ഷത്തി എഴുപതിനായിരം ആളുകൾക്ക് വീടില്ല. സാമ്പത്തിക മാന്ദ്യവും രാജ്യത്താകെ വാടക വർധിച്ചുകൊണ്ടിരിക്കുന്നതുമാണ് പ്രധാന കാരണം. തെരുവുകളെ ആശ്രയിക്കുമ്പോൾ അതിജീവനത്തിനായുള്ള പിടച്ചിൽ വ്യക്തികളുടെ മാനസിക‐ശാരീരികാരോഗ്യം താറുമാറാക്കും. പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു കാര്യം പ്രതീക്ഷ.
‘ബ്രേക്ക്‌ഫാസ്‌റ്റ് അറ്റ് സാല്ലിസ്: വൺ ഹോംലെസ് മാൻസ് ഇൻസ്‌പിരേഷണൽ ജേർണി’‐2009 (സാല്ലിസിലെ പ്രാതൽ: ഒരു ഭവനരഹിതന്റെ പ്രചോദനാത്മക യാത്ര) എന്ന പുസ്തകമെഴുതിയ റിച്ചാർഡ് ലെമ്യൂക്‌സിന് സന്തോഷകരമായ ദാമ്പത്യജീവിതവും കൊട്ടാരസദൃശമായ വസതിയും ഉണ്ടായിരുന്നു, 40,000 ഡോളർ പൊടിച്ച് ഗ്രീസിൽ അവധിക്കാലം ചെലവഴിക്കുകപോലുമുണ്ടായി. ആത്മഹത്യാ പ്രവണതയുണ്ടായ കുടുംബം, കമ്പനി, വീട് എന്നിവ നഷ്ടപ്പെട്ടപ്പോൾ ജീവിതം തകർന്നു. എന്നാലും ഏറ്റവും സമ്പന്നമായ ആന്തരിക ജീവിതവും പ്രത്യാശയും കണ്ടെത്തി. ആ യാത്ര വായനക്കാർക്ക് പ്രചോദനമാണ്. ഒരു വാനിൽ തന്റെ പട്ടി വില്ലോയെ മാത്രം കൂട്ടുപിടിച്ച് ജീവിക്കുകയായിരുന്നു. സാമ്പത്തിക ദുരന്തം അഭിമുഖീകരിക്കുമ്പോഴും മനുഷ്യന്റെ പ്രതിരോധശേഷിയുടെ അതിശയകരമായ കഥയാണ് ആ ഓർമക്കുറിപ്പ്. ബാല്യത്തിൽ ലൈംഗിക ചൂഷണം നേരിട്ട ടൈലർ പെറിയുടെ ജീവിതം ക്ലേശകരമായിരുന്നു. അത് രോഷാകുലനായ കൗമാരക്കാരനാക്കി. എഴുത്തിലൂടെ യാഥാർഥ്യങ്ങൾ മറികടന്നു. അറ്റ്്ലാന്റയിലേക്ക് താമസം മാറിയശേഷം രചിച്ച നാടകം വേദിയിലെത്തിക്കാൻ ശ്രമിച്ചു, എന്നാൽ ആറ് പ്രാവശ്യവും പരാജയപ്പെട്ടു. പണമില്ലാത്തതിനാൽ സ്വന്തം കാറിൽ താമസിക്കാൻ നിർബന്ധിതനായി. 1998ൽ സൃഷ്ടി ഹിറ്റാവുകയും പുതുജീവിതം ആരംഭിക്കുകയും ചെയ്തു.
വീടില്ലാത്ത ഡാനിയേൽ ക്രെയ്ഗ്
ക്രിസ് ഗാർഡ്നറുടെ മധ്യവയസ്സിലാണ് എല്ലാം തകിടം മറിഞ്ഞത്. സാമ്പത്തിക സ്ഥിതി തീരെ മെച്ചമല്ലെന്ന് കണ്ട ഭാര്യ അദ്ദേഹത്തെയും മകനെയും ഉപേക്ഷിച്ചു. താമസിയാതെ ക്രിസിനെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കി, പോകാൻ മറ്റൊരിടവുമില്ലാതായപ്പോൾ സബ്‌വേ സ്റ്റേഷനുകളിൽ ഉറങ്ങാൻ നിർബന്ധിതരായി. പ്രശസ്ത ബ്രോക്കറേജ് സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് എടുത്തു, അത് വാൾ സ്ട്രീറ്റിലെ ശതകോടീശ്വരനായ ബ്രോക്കറായി വളർത്തി. ബ്രിട്ടീഷ് നടൻ ഡാനിയേൽ ക്രെയ്ഗ്, വീടില്ലാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആദ്യകാലങ്ങളിൽ വിവിധ റസ്റ്റോറന്റുകളിൽ തൊഴിലെടുത്ത് ഉപജീവനം കണ്ടെത്തേണ്ടിയും വന്നു. ലണ്ടനിലെ പാർക്കുകളിലായിരുന്നു ഉറക്കം.
15 കോടി ഡോളർ ആസ്തിയുള്ള കനേഡിയൻ‐ അമേരിക്കൻ കൊമേഡിയനായ ജിം കാരി (ജെയിംസ് യൂജിൻ കാരി) ഒരുകാലത്ത് ഭവനരഹിതനായിരുന്നുവെന്നത് അവിശ്വസനീയമായി തോന്നാം. 16ാം ജന്മദിനത്തിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന ശേഷം കുടുംബത്തോടൊപ്പം ചെറിയ ബസിലാണ് കഴിഞ്ഞത്. അതിൽനിന്ന് ഇറക്കിവിട്ടതിനാൽ പലയിടങ്ങളിലായി ചുറ്റിത്തിരിഞ്ഞു. അദ്ദേഹവും മൂത്ത സഹോദരനും ടയർ ഫാക്ടറിയിൽ ഗേറ്റ്‌കീപ്പർമാരായും ജോലി ചെയ്യുമായിരുന്നു. വൈകുന്നേരം ആറ് മുതൽ അടുത്ത ദിവസം രാവിലെ വരെ എട്ട് മണിക്കൂർ ഷിഫ്റ്റുകൾ. ഒരു തുറമുഖത്തിനടിയിൽ താമസിക്കവെ ആൻഡി ആൻഡ്രൂസിനെ കണ്ടുമുട്ടിയത് ജീവിതം മാറ്റിമറിച്ചു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർ അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളെന്ന് പരാമർശിച്ച അദ്ദേഹം, അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ‘ദി ട്രാവലേഴ്സ് ഗിഫ്‌റ്റ്’ എന്ന കൃതിയിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്.
ലോകത്തെ പിടിച്ചുലച്ച ഡീഗോ ഫ്രാസോ ടർക്കറ്റോ
ഇത്തരത്തിൽ ബിയാട്രിസ് സിൽവ സമാഹരിച്ച അനുഭവ പരന്പരയിൽ ഏറ്റവും ഹൃദയസ്‌പർശിയാണ് കരയുന്ന കുട്ടി സംഗീതജ്ഞന്റെ ചിത്രം. ആധുനിക ചരിത്രത്തിലെ ഏറ്റവും വികാരഭരിതമായ ഫോട്ടോകളിൽ ഒന്നായി അത് കണക്കാക്കപ്പെടുന്നു. കൊടിയ ദാരിദ്ര്യവും അപകടകരങ്ങളായ കുറ്റകൃത്യങ്ങളും എക്കാലത്തെയും വലിയ ഭീഷണിയായി ഭയപ്പെടുത്തിയ അന്തരീക്ഷത്തിൽനിന്ന് തന്നെ രക്ഷിച്ച അധ്യാപകനും ഉപദേഷ്ടാവുമായ ഇവാൻഡ്രോ ജോവോ ഡ സിൽവയുടെ ശവസംസ്കാര ചടങ്ങിൽ കണ്ണീർതൂകി വയലിൻ വായിക്കുകയായിരുന്നു 12 വയസ്സുള്ള ബ്രസീലിയൻ ബാലൻ ഡീഗോ ഫ്രാസോ ടർക്കറ്റോ. ലോകത്തെ അടിമുടി പിടിച്ചുലച്ച ആ രംഗം മനുഷ്യത്വം അതുവരെ അപരിചിതമായ ഏറ്റവും ശക്തമായ ശബ്ദത്തിൽ സംസാരിക്കുന്നു. ഏതൊരു കുട്ടിയിലും കാരുണ്യത്തിന്റെ വിത്തുകൾ വിതയ്ക്കുന്നതിന് സ്നേഹവും ദയയും വളർത്തുക. അപ്പോൾ മാത്രമേ ഉന്നതമായ നാഗരികത, മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയൂവെന്നാണ് 2009ൽ ചിത്രം പകർത്തിയ ബ്രസീലിയൻ ഛായാഗ്രാഹകനും ഫോട്ടോഗ്രഫറുമായ മാർക്കോസ് ട്രിസ്റ്റാവോയുടെ വാക്കുകൾ.
അടിച്ചമർത്തലില്ലാതെ ദയയിലൂടെ നീതി നടപ്പാക്കിയതിനും നിയമം പഠിപ്പിക്കാൻ വിധിന്യായങ്ങളിൽ പലപ്പോഴും കുട്ടികളെ ഉൾപ്പെടുത്തിയതിനും വ്യാപക പ്രശംസനേടിയ ആഗോള പ്രശസ്‌ത അമേരിക്കൻ ജഡ്ജിയും രാഷ്ട്രീയക്കാരനുമായിരുന്ന ഫ്രാങ്ക് കാപ്രിയോയും ഡീഗോ ഫ്രാസോ ടർക്കറ്റോയുടെ കണ്ണീരിനാൽ ഹൃദയം നനഞ്ഞയാളാണ്. കോടതിയിലെ കാരുണ്യപരമായ വിധിന്യായങ്ങൾക്ക് ലോകത്തിലെ ഏറ്റവും നല്ല ജഡ്ജിയെന്നും അറിയപ്പെട്ട അദ്ദേഹം നാല് പതിറ്റാണ്ട് റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിൽ സേവനമനുഷ്ഠിച്ചു. വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പിഴകൾ ഒഴിവാക്കിയത് കണ്ട് ലക്ഷക്കണക്കിനാളുകൾ കൈകൂപ്പി. കോടതിമുറി നടപടിക്രമങ്ങൾ പലതും കാട്ട് ഇൻ പ്രൊവിഡൻസ് പരിപാടിയിൽ സംപ്രേഷണം ചെയ്തു. കഠിനാധ്വാനികളായ കുടിയേറ്റ കുടുംബത്തിൽ ജനിച്ച അച്ഛൻ ദരിദ്രരോടുള്ള കാരുണ്യത്തിന്റെ മൂല്യം പഠിപ്പിച്ച പഴക്കച്ചവടക്കാരനായിരുന്നു. അതിനാലാണ് ആ മനസ്സിൽ ഡീഗോ ഫ്രാസോ ടർക്കറ്റോ സ്ഥിരപ്രതിഷ്‌ഠ നേടിയത്.
പ്രതിരോധ ശേഷിയുടെ ആഗോള പ്രതീകം
പ്രതീക്ഷയുടെയും സഹനശക്തിയുടെയും പ്രതീകമായി മാറിയ ഡീഗോ ഫ്രാസാവോ ടോർക്വാറ്റോ 1997ൽ റിയോ ഡി ജനീറോയിലാണ് പിറന്നത്. യുവാക്കളെ കലകൾ അഭ്യസിപ്പിക്കുന്നതിന് സമർപ്പിതമായിരുന്ന ആഫ്രോറെഗ്ഗെ കൾച്ചറൽ ഗ്രൂപ്പിലെത്തിയതോടെ അവന്റെ ജീവിതത്തിൽ പരിവർത്തനാത്മക വഴിത്തിരിവുണ്ടായി. ജോസ് ജൂനിയർ 1993ൽ റിയോ ഡി ജനീറോയിൽ സ്ഥാപിതമായ പ്രശസ്ത സർക്കാരിതര സംഘടനയാണ്. യുവാക്കൾക്ക് സാമൂഹിക ബദലുകൾ നൽകുന്നതിനും അക്രമത്തെ ചെറുക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെയും കലാപരമായ ആവിഷ്കാരത്തിലൂടെയും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനും സംഗീതം, നൃത്തം, കല – പ്രത്യേകിച്ച് റെഗ്ഗെ, സോൾ, ഹിപ്-ഹോപ്പ് എന്നിവ ഉപയോഗിച്ചു.
1993 ആഗസ്റ്റിൽ വിഗാരിയോ ജെറൽ ഫാവെലയിൽ ഭീകര കൂട്ടക്കൊല നടന്നു. പോലീസ് നടപടികളിൽ 21 നിരപരാധികൾ കൊല്ലപ്പെട്ടു. ആ ഘട്ടത്തിലാണ് ആഫ്രോറെഗ്ഗെ സമൂഹത്തിൽ കൂടുതൽ അറിയപ്പെട്ടു തുടങ്ങിയത്. കുറ്റകൃത്യങ്ങൾക്ക് ബദലുകൾ വാഗ്ദാനം ചെയ്‌ത് ആളുകളിൽ പ്രത്യേകിച്ച് കുട്ടികളിൽ മാറ്റമുണ്ടാക്കാൻ അതിന് കഴിഞ്ഞു. കൊളംബിയയിലും ബ്രിട്ടനിലും മറ്റും ആഫ്രോറെഗ്ഗെയുടെ സജീവ സാന്നിധ്യമുണ്ടായി. ബ്രസീലിൽ കൂട്ടായ്‌മയുടെ പ്രധാനികൾ പെട്രോബ്രാസ്, നാച്ചുറ, ബാൻകോ റിയൽ എന്നിവരാണ്. ആഫ്രോറെഗ്ഗെ കോ ഓർഡിനേറ്റർ ഇവാൻഡ്രോ ജോവോ ഡ സിൽവയുടെ മാർഗനിർദേശപ്രകാരമാണ് ഡീഗോ ഫ്രാസോ ടർക്കറ്റോ വയലിൻ വായിക്കാൻ പഠിക്കുന്നത്.
2009 ഒക്ടോബർ 18ന് റിയോ ഡി ജനീറോയിൽ നടന്ന കവർച്ചക്കിടെ വയറിൽ വെടിയേറ്റ് ഡ സിൽവ മരിച്ചു. അതൊരു അജ്ഞാത യാചകനാണെന്ന് കരുതി പോലീസ് കാര്യമായ നടപടികളിലേക്ക് നീങ്ങിയില്ല. ശവസംസ്കാര ചടങ്ങിൽ ഡീഗോ ആഴത്തിൽ വികാരഭരിതനായി പ്രകടനം നടത്തിയതാണ് മാർക്കോസ് ട്രിസ്റ്റാവോ ക്യാമറക്കണ്ണുകളിലേക്ക് ആവാഹിച്ചത്. അത് ലോകമെമ്പാടും പ്രതിധ്വനിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് കണ്ണീർ തളംകെട്ടി. ദുഃഖകരമെന്നു പറയട്ടെ, അധികം വൈകാതെ കുട്ടി സംഗീതജ്ഞന്റെ ജീവിതത്തിനും തിരശീല വീണു. 2010 മാർച്ചിൽ അപ്പെൻഡിക്സ് ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ കാരണം രക്താർബുദം ബാധിച്ച് ലോകത്തോട് വിടപറഞ്ഞു. ഹ്രസ്വമായ ആയുസ്സേ ഉണ്ടായിരുന്നെങ്കിലും അവന്റെ കഥ പ്രചോദനം നൽകുകയും കരുണയും കലയും പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ സാന്ത്വനമാകാമെന്നും സാക്ഷ്യപ്പെടുത്തി. മാർഗനിർദേശത്തിന്റെയും പരിവർത്തന ശക്തിയുടെയും മനുഷ്യചൈതന്യത്തിന്റെയും പ്രതിരോധശേഷിയുടെയും ആഗോള പ്രതീകമായി ആ ചിത്രം മാറി.



