Prathivaram
അപസ്മാര ചികിത്സയിൽ പോഷകാഹാരത്തിന്റെ പങ്ക്
അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ബോധവത്കരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട്, ഓരോ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാം തിങ്കളാഴ്ച അന്താരാഷ്ട്ര അപസ്മാര ദിനം ആചരിക്കപ്പെടുന്നു.
അപസ്മാരം (Epilepsy) ഇന്ന് ഫലപ്രദമായി നിയന്ത്രിക്കാനാകുന്ന ഒരു നാഡീരോഗമാണ്. സ്ഥിരമായ മരുന്ന് ചികിത്സയിലൂടെ ഭൂരിഭാഗം രോഗികളിലും അപസ്മാര ലക്ഷണങ്ങൾ നിയന്ത്രണത്തിലാകുന്നുണ്ട്. എന്നിരുന്നാലും, ചിലരിൽ മരുന്നുകൾക്കിടയിലും ക്ഷീണം, ശ്രദ്ധക്കുറവ്, ദഹനപ്രശ്‌നങ്ങൾ, എല്ലുകളുടെ ദുർബലത തുടങ്ങിയ ബുദ്ധിമുട്ടുകൾ തുടരാറുണ്ട്. ഇവിടെ പ്രാധാന്യമാർജിക്കുന്ന ഒരു സഹായ ചികിത്സയാണ് Medical Nutrition Therapy (MNT) – ശാസ്ത്രീയമായി ക്രമീകരിച്ച പോഷകാഹാര സമീപനം.
Medical Nutrition Therapy എന്താണ്?
Medical Nutrition Therapy എന്നത്, അപസ്മാരമുള്ള വ്യക്തിയുടെ പ്രായം, ആരോഗ്യനില, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ കണക്കിലെടുത്ത് ഭക്ഷണം ചികിത്സയുടെ ഭാഗമാക്കി ക്രമീകരിക്കുന്ന ശാസ്ത്രീയ സമീപനമാണ്. ഇത് മരുന്നിന് പകരമല്ല. മറിച്ച്, മരുന്നിന്റെ ഫലപ്രാപ്തി വർധിപ്പിക്കാനും ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്.
ശരിയായ പോഷകാഹാരം
• മസ്തിഷ്‌കത്തിന് സ്ഥിരമായ ഊർജം നൽകുന്നു
• ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ കുറയ്ക്കുന്നു
• ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
• ദീർഘകാല മരുന്ന് ഉപയോഗം മൂലമുള്ള പോഷകക്കുറവുകൾ പരിഹരിക്കാൻ സഹായിക്കുന്നു.
പ്രത്യേക ഭക്ഷണ രീതികൾ
ചില രോഗികളിൽ, പ്രത്യേകിച്ച് മരുന്നുകൾക്ക് മതിയായ പ്രതികരണം ലഭിക്കാത്ത സാഹചര്യങ്ങളിൽ, പ്രത്യേക ചികിത്സാ ഡയറ്റുകൾ പരിഗണിക്കാറുണ്ട്.
പ്രധാനമായവ
• കെറ്റോജനിക് ഡയറ്റ് (Ketogenic Diet)
കുട്ടികളിൽ കൂടുതലായി ഉപയോഗിക്കുന്ന, കർശന നിയന്ത്രണമുള്ള ഭക്ഷണരീതി. സാധാരണയായി ആശുപത്രി മേൽനോട്ടത്തിലാണ് ഇത് ആരംഭിക്കുന്നത്.
• മോഡിഫൈഡ് ആറ്റ്കിൻസ് ഡയറ്റ് (Modified Atkins Diet)
കൗമാരക്കാരിലും മുതിർന്നവരിലും പിന്തുടരാൻ എളുപ്പമുള്ള പരിഷ്‌കരിച്ച ഭക്ഷണരീതി.
• ലോ ഗ്ലൈസെമിക് ഇൻഡക്‌സ് ഡയറ്റ് (Low Glyceamic Index Diet)
രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനുള്ള ഭക്ഷണക്രമം.
• MCT ഡയറ്റ്
തേങ്ങയെ അടിസ്ഥാനമാക്കിയ കൊഴുപ്പുകൾ ഉൾപ്പെടുന്ന, കേരള ഭക്ഷണശീലങ്ങളോട് യോജിക്കുന്ന സമീപനം.
ഈ ഭക്ഷണരീതികൾ ഫാഡ് ഡയറ്റുകൾ അല്ല; ചികിത്സയുടെ ഭാഗമായതിനാൽ ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും മേൽനോട്ടം അനിവാര്യമാണ്.
സുരക്ഷയും സ്ഥിരമായ നിരീക്ഷണവും
ചികിത്സാ ഡയറ്റുകൾ പിന്തുടരുമ്പോൾ സുരക്ഷക്ക് മുൻഗണന നൽകണം.
ഡയറ്റ് ആരംഭിക്കുന്നതിന് മുന്പും തുടർന്നും രക്തത്തിലെ കൊഴുപ്പ്, വൃക്ക – കരൾ പ്രവർത്തനം, വിറ്റാമിൻ D, കാത്സ്യം തുടങ്ങിയവ പരിശോധനയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ചിലരിൽ കിഡ്‌നി സ്റ്റോൺ, കൊളസ്ട്രോൾ വർധനവ്, കുട്ടികളിൽ ഉയരവളർച്ച മന്ദഗതിയിലാകൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ദീർഘകാല അപസ്മാര മരുന്നുകൾ എല്ലുകളുടെ ശക്തി കുറയ്ക്കാനും ഇടയാക്കാം. അതിനാൽ മതിയായ കാത്സ്യം, വിറ്റാമിൻ D, ശരീരചലനം എന്നിവ ശ്രദ്ധിക്കണം.
സ്ത്രീകളും പ്രജനനാരോഗ്യവും
ഗർഭധാരണ സാധ്യതയുള്ള അപസ്മാര രോഗികൾക്ക് ഫോളിക് ആസിഡ് നിർബന്ധമാണ്. മരുന്നുകളുടെ തിരഞ്ഞെടുപ്പും ഫോളിക് ആസിഡിന്റെ അളവും ചികിത്സിക്കുന്ന ന്യൂറോളജിസ്റ്റുമായി ചർച്ച ചെയ്യണം.
ഭക്ഷണവും മരുന്നും തമ്മിലുള്ള ബന്ധം
ചില അപസ്മാര മരുന്നുകൾ വിറ്റാമിൻ D, ഫോളേറ്റ് തുടങ്ങിയവയുടെ അളവ് കുറയ്ക്കാം. അതിനാൽ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഇത് പൂരിപ്പിക്കേണ്ടിവരും.
ഗ്രേപ്പ് ഫ്രൂട്ട്, ചില ഹെർബൽ ഉത്പന്നങ്ങൾ എന്നിവ മരുന്നുകളുമായി പ്രതികൂലമായി ഇടപെടാൻ സാധ്യതയുള്ളതിനാൽ, പുതിയ സപ്ലിമെന്റുകൾ തുടങ്ങുന്നതിന് മുന്പ് ഡോക്ടറോട് നിർബന്ധമായും ചോദിക്കണം.
ഓർക്കേണ്ടത്
•എല്ലാ അപസ്മാര രോഗികൾക്കും പ്രത്യേക ഡയറ്റ് ആവശ്യമില്ല
•ചികിത്സാ ഡയറ്റുകൾ വിദഗ്ധ മാർഗനിർദേശമില്ലാതെ ആരംഭിക്കരുത്
•മരുന്ന് ഒരിക്കലും സ്വമേധയാ നിർത്തരുത്
•ശാസ്ത്രീയ ചികിത്സയും ചിട്ടയായ ഭക്ഷണക്രമവും ഒരുമിച്ചാൽ ജീവിതഗുണമേന്മ മെച്ചപ്പെടും
അപസ്മാര ചികിത്സയിൽ മരുന്ന് അടിസ്ഥാനം തന്നെയാണ്. എന്നാൽ ശരിയായ പോഷകാഹാരം ആ അടിസ്ഥാനം ശക്തമാക്കുന്ന ഘടകമാണ്.




