Connect with us

Kerala

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണം, ഇല്ലെങ്കില്‍ സമരം കത്തിപ്പടരും: വി ഡി സതീശന്‍

'സമരക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയോട് യാചിക്കുകയാണ്.'

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയാറായില്ലെങ്കില്‍ സമരം കത്തിപ്പടരുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയോട് യാചിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം ഡി സി സി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് എന്തിനാണിത്ര ഈഗോയെന്ന് സതീശന്‍ ചോദിച്ചു. നിങ്ങള്‍ മഹാരാജാവൊന്നുമല്ലല്ലോ. ജനങ്ങള്‍ തിരഞ്ഞെടുത്ത ആളല്ലേ. ആരോടാണ് ഈ ധാര്‍ഷ്ട്യവും ധിക്കാരവും കാണിക്കുന്നത്. പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രിയെ കേരളത്തിന് ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വീടുകള്‍ കടലെടുക്കുകയാണ്. 60 മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇടക്കാലത്ത് ജീവന്‍ നഷ്ടപ്പെട്ടത്. വലിയ തോതിലുള്ള തീരശോഷണമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. വികസനത്തിന്റെ ഇരകളായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണം. അവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മൂന്ന് മാസം മുമ്പ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Latest