Connect with us

Prathivaram

മാറി നിന്ന് കൈയടിക്കുന്നവനല്ല കവി

അസ്വസ്ഥതയാണ് കവിതയുടെ മൂലധനമെന്ന് ഞാൻ വിചാരിക്കുന്നു. പ്രതികരണം എന്നതിലപ്പുറം നമ്മളതിന്റെ ഭാഗമാകുന്നു എന്നതാണ് എഴുത്തിന്റെ അടിസ്ഥാനം. പ്രദീപ് രാമനാട്ടുകര/ സജിത് കെ കൊടക്കാട്ട്

Published

|

Last Updated

? എന്നെപ്പോലെയോ മറ്റൊരാളെപ്പോലെയോ എഴുതരുത്. നിങ്ങൾ നിങ്ങളെപ്പോലെ എഴുതണമെന്ന് ഇടശ്ശേരി അക്കിത്തത്തെ ഉപദേശിച്ചിരുന്നു. കവിതയിലേക്ക് വരുന്ന കാലത്ത് പ്രദീപ് രാമനാട്ടുകരയെ സ്വാധീനിച്ച കവി ആരാകാം? ആദ്യ കവിതയുടെ ഓർമകൾ എന്തൊക്കെയാണ്.

വായനയുടെ ലഹരിയാണ് എഴുത്തിന്റെ ലോകം തുറന്നുതന്നത്. എട്ടാം തരത്തിൽ പഠിക്കുമ്പോൾ തന്നെ കവിതകൾ പോലെ ചിലതൊക്കെ എഴുതുമായിരുന്നെങ്കിലും പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആദ്യ കവിത അച്ചടിമഷി പുരളുന്നത്. യുക്തി രേഖയിലാണ് എന്റെ ആദ്യ കവിത അച്ചടിച്ചുവന്നത്. ഒരു പാപം കൂടി എന്ന ആ കവിത നർമദ ബചാ വോ ആന്ദോളനുമായി ബന്ധപ്പെട്ട പ്രതികരണം കൂടിയായിരുന്നു. മേധാ പട്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കവിത. പറഞ്ഞു വരുന്നത് വ്യക്തികൾ എന്നതിനേക്കാൾ ജീവിതമാണ് എന്നെ സ്വാധീനിച്ചത്. പൊതുജീവിതത്തിന്റെ അടരുകളിൽ സംഭവിക്കുന്നതെല്ലാം വല്ലാതെ ബാധിക്കുന്നു. എങ്ങനെ പ്രതികരിക്കണമെന്ന അസ്വസ്ഥതയാണ് ഒരർഥത്തിൽ കവിതയിലെത്തിച്ചത്. വഴങ്ങുന്ന മാധ്യമം തിരിച്ചറിയൽ എന്നുകൂടി പറയാം. അതു കൊണ്ട് കവികളേക്കാൾ സ്വാധീനിച്ചത് സാമൂഹിക ബന്ധങ്ങളും ജീവിത വൈവിദ്ധ്യവും തന്നെ. വായനയിലേക്ക് വഴികാട്ടിയ ചില വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. കവിതയെഴുത്തിൽ വൈലോപ്പിള്ളിയോളം എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കവിയില്ല.

? ഉള്ളിൽ കവിതയുടെ വിത്തുപാകിയ ഒരധ്യാപകനുണ്ടാകില്ലേ? ഗൃഹാന്തരീക്ഷത്തിൽ വായന ഉണ്ടായിരുന്നോ? കാവ്യസപര്യയിലൂടെ പ്രദീപ് രാമനാട്ടുകര ലോകത്തെ കാണാൻ തുടങ്ങിയിട്ട് എത്ര വർഷമായി.

അധ്യാപകരിൽ സ്നേഹം പകർന്നവരും അവഗണിച്ചവരും ഉണ്ട്. അവഗണനയുടെ അളവാണ് ഏറി നിൽക്കുന്നത്. രണ്ടും കരുത്തു പകരുന്നതിനാൽ ആരോടും പരിഭവമില്ല. ഇപ്പോഴും ചേർത്തു പിടിക്കുന്ന അധ്യാപകരുണ്ട്. സി േസതുമാധവൻ മാഷും വേലായുധൻ പന്തീരങ്കാവ് മാഷുമൊക്കെ മാതൃകാധ്യാപകരായിരുന്നു. അവരുടെയൊക്കെ സ്‌നേഹം ഇപ്പോഴും എഴുത്തിന് ശക്തി പകരുന്നു. അമ്മയുടെ രാമായണം വായന കേട്ടുകേട്ടാണ് ഞാൻ വളർന്നത്. പിന്നെ പിന്നെ അമ്മയോടൊപ്പം രാമായണം വായിക്കുന്ന ശീലം രൂപപ്പെട്ടു. പല ഭാഗങ്ങളും ഹൃദിസ്ഥമായിരുന്നു. തിരമാല പോലെ വാക്കുകൾ തിരയടിക്കുന്നത് അനുഭവിച്ചറിഞ്ഞു. കവിതയോടുള്ള ഇഷ്ടം തുടങ്ങുന്നതിൽ അതും കാരണമായിരിക്കാം. മറ്റു തരത്തിലുള്ള വായനയൊന്നും ഗൃഹാന്തരീക്ഷത്തിലില്ലായിരുന്നു. ആദ്യ കവിത പ്രസിദ്ധീകരിച്ചു വന്നതു പരിഗണിച്ചാൽ മുപ്പത് വർഷമായി കവിതയിലുണ്ട്. ആനുകാലികങ്ങളിൽ എഴുതിയും പുസ്തകങ്ങളിലൂടെ പുറത്തുവന്നും കവിതയിൽ ജീവിക്കുന്നു. കവിതയെഴുത്ത് ജീവിതത്തെ നിരന്തരം നവീകരിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. സാംസ്‌കാരിക മനുഷ്യന്റ രൂപപ്പെടലിൽ എഴുത്തിനും വായനക്കും വലിയ പങ്കുണ്ട്.

? താങ്കൾക്ക് കവിത പ്രതികരണത്തിനു കൂടിയുള്ള ആയുധമാണെന്നു പറയാമോ? കവിത വരുന്ന വഴികളേ കുറിച്ചു പറയൂ…

അസ്വസ്ഥതയാണ് കവിതയുടെ മൂലധനമെന്ന് ഞാൻ വിചാരിക്കുന്നു. പ്രതികരണം എന്നതിലപ്പുറം നമ്മളതിന്റെ ഭാഗമാകുന്നു എന്നതാണ് എഴുത്തിന്റെ അടിസ്ഥാനം. മാറി നിന്ന് കൈയടിക്കുന്നവനല്ല കവി. അനുതാപത്തിന്റെ ആഴമാണ് കവിതയുടെ കരുത്ത് നിർണയിക്കുന്നത്. പറയാനുള്ളതിനെ അക്ഷരങ്ങളിലൂടെ ശക്തമായി ആവിഷ്‌കരിക്കാനുള്ള അവസരമാണ് എഴുത്ത്. എല്ലാ കവിതകൾക്കകത്തും അതിന്റെ ജന്മ രഹസ്യമുണ്ടാകും. അത് തൊടുന്ന വായനക്കാരനോട് ബഹുമാനം കൂടും. ഓരോ കവിയും ആഗ്രഹിക്കുന്നത് മികച്ച വായനയുടെ അവാർഡുകളാണ്. അതനുഭവിക്കുമ്പോൾ പുതിയ കവിതയിലേക്കുള്ള വഴിയൊരുങ്ങുന്നു.

? വർത്തമാന ഇന്ത്യയുടെ പൊള്ളുന്ന മുഖം അടയാളപ്പെടുത്തുന്ന രാമന്റെ റഹിം, മനസ്സാക്ഷി, നിശ്ശബ്ദത പോലുള്ള നിരവധി കവിതകൾ സമീപകാലത്ത് പ്രദീപ് എഴുതിയിട്ടുണ്ട്. കവികൾ ഏതു പക്ഷത്താകണം നിൽക്കേണ്ടത്?

രാമന്റെ റഹിം പ്രസക്തമാകുന്ന ഇന്ത്യൻ അവസ്ഥ ഭയാനകമാണ്. അധികാരത്തിന്റെ ഭാഷയിൽ ഭരണകൂടം സങ്കുചിത മതബോധം കൊണ്ട് മനുഷ്യനെ വിലങ്ങിടുമ്പോൾ പേടിയാണ് നാട് ഭരിക്കുന്നതെന്ന് നാം തിരിച്ചറിയും . മതസൗഹാർദത്തിന്റെ മനോഹര ഭൂമിയിൽ വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുന്നത് ആദ്യം തിരിച്ചറിയുന്നത് കലാകാരൻ തന്നെയാണ്. ആ തിരിച്ചറിയലിന്റെ പങ്കു വെക്കലാണ് കവിതയിൽ സംഭവിക്കുന്നത്. മനുഷ്യന്റെയും പ്രകൃതിയുടെയും പക്ഷമാണ് കവിപക്ഷം.

? കവിതയിൽ നിന്ന് സൗന്ദര്യാത്മകതയുടെ ചില ഘടകങ്ങൾ വായനക്കാർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പുതു കവിതക്ക് ഇതൊക്കെ നൽകാൻ കഴിയുന്നുണ്ടോ? വേണ്ടത്ര കാവ്യാനുശീലനം ഇല്ലാത്തവരാണ് പുതുകവികളെന്നും ആർക്കും കേറി യഥേഷ്ടം വിഹരിക്കാവുന്ന ഇടമായി ഇന്ന് പുതു കവിത മാറി എന്നും പറഞ്ഞാൽ?
അങ്ങനെ ആർക്കും പറയാമെന്നല്ലാതെ വസ്തുതയുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. സൗന്ദര്യാത്മകതയുടെ ചിറകുകൾ വീശിപ്പറക്കുന്ന നിരവധി പുതു കവിതകൾ ഉദാഹരിക്കാനാകും. കാവ്യാ നശീലനം കൊണ്ട് മാത്രം കവിത ജനിക്കണമെന്നില്ല. എന്നാൽ കാവ്യാനുശീലനമില്ലെങ്കിലും പ്രതിഭയുണ്ടെങ്കിൽ നല്ല കവിത വരും. പ്രതിഭാധനരായവർക്ക് കാവ്യാനുശീലനം ഗുണം ചെയ്യും എന്നതിൽ തർക്കമില്ല. ആരൊക്കെ കേറി വിഹരിച്ചാലും കവിതയുണ്ടെങ്കിൽ കാലത്തെ അതിജീവിക്കും. അത്തരം അശങ്കകളൊന്നും ചർച്ച ചെയ്യേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.