Connect with us

തെളിയോളം

തന്നെക്കാൾ മികച്ച താരങ്ങളുണ്ടായാൽ കോച്ച് കൊച്ചാകുമോ?

ഒറ്റയ്ക്ക് നേടിയ വിജയം താത്കാലിക സംതൃപ്തി നൽകിയേക്കാം. എന്നാൽ മറ്റുള്ളവരുമായി പങ്കുവെക്കുന്ന വിജയം ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുന്നു.

Published

|

Last Updated

ർക്കും പുസ്തകം കൊടുക്കാത്ത ഒരു ലൈബ്രറിക്ക് എന്ത് മഹത്വമാണുള്ളത്? “അത് നിനക്ക് അറിയാമല്ലോ, ഒന്ന് പറഞ്ഞു തരുമോ?’ എന്ന് ചോദിച്ചാൽ, “ഞാൻ പിന്നെ പറഞ്ഞുതരാം, ഇപ്പോൾ ഞാൻ വേറൊരു തിരക്കിലാണ്’ എന്ന് ഒഴിഞ്ഞുമാറുന്നവരും ഏതാണ്ട് ഇതുപോലെത്തന്നെയാണ്. തനിക്കു മാത്രം അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർ പഠിച്ചാൽ, തനിക്കു കിട്ടേണ്ട അഭിനന്ദനങ്ങൾ കുറയുമെന്നും സ്വന്തം പ്രാധാന്യവും സ്വാധീനവും അധികാരവും നഷ്ടപ്പെടുമെന്നുമാണ് അവർ ഭയപ്പെടുന്നത്. ഇക്കാരണത്താൽ തങ്ങളുടെ അറിവും അനുഭവവും അതുല്യമായ കഴിവുകളും അവർ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുന്നു. യഥാർഥ മഹത്വം അറിവ് കൈവശം വെക്കുന്നതിലല്ല, മറിച്ച് അത് പങ്കുവെക്കുന്നതിലാണെന്ന് അവർ പലപ്പോഴും തിരിച്ചറിയാറില്ല.

“അറിവ് സമ്പത്താകുന്നത് അത് സ്വരുക്കൂട്ടുമ്പോഴല്ല, പങ്കുവെക്കുമ്പോഴാണ്’ എന്ന ആശയമുള്ള ഒരു പ്രസിദ്ധമായ ചൊല്ലുണ്ട്. നാം ആർജിച്ച കഴിവുകളും അനുഭവങ്ങളും കൊണ്ട് മറ്റുള്ളവരെ വളരാൻ സഹായിക്കുമ്പോൾ നമ്മൾ ചെറുതാകുന്നില്ല. പകരം, നമുക്ക് ചുറ്റുമുള്ള വെളിച്ചം കൂടുതൽ പരക്കുകയാണ് ചെയ്യുന്നത്. കൈയിലുള്ള പണം പങ്കിട്ടാൽ അതിൽ കുറവുവരും. ബാർട്ടർ സംവിധാനത്തിൽ നിങ്ങളുടെ പക്കലുള്ള ഒരു ആപ്പിൾ മറ്റൊരാൾക്ക് കൊടുത്ത് അയാളുടെ കൈയിലുള്ള ഒരു ഓറഞ്ച് വാങ്ങിയാലും, രണ്ടുപേരുടെയും കൈയിൽ ഓരോ പഴം വീതമാണുണ്ടാവുക. എന്നാൽ നിങ്ങൾ ഒരു ആശയം പങ്കുവെക്കുകയാണെങ്കിൽ, രണ്ടുപേർക്കും ഇപ്പോൾ രണ്ട് ആശയങ്ങൾ വീതമുണ്ടാകും.

തനിക്കറിയാത്ത കാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് സ്വന്തം വില കുറയ്ക്കുകയും അവരുടെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്യുമെന്ന തെറ്റായ ധാരണ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന പലർക്കുമുണ്ട്. ഇതും വളർച്ചയെ മുരടിപ്പിക്കുന്ന ഒരു മനോഭാവമാണ്. ജോലിസ്ഥലത്ത് ഒരു പ്രത്യേക കാര്യത്തിൽ മികച്ച പ്രാവീണ്യമുള്ള ഒരാൾ മറ്റാരെയും അത് പഠിപ്പിക്കാൻ തയ്യാറല്ലെന്ന് കരുതുക. ആ വിഷയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തിയായി അവിടുത്തെ “വിദഗ്ധൻ’ എന്ന സ്ഥാനമാനവും പ്രാധാന്യവും അയാൾ നന്നായി ആസ്വദിക്കുന്നുണ്ടാകാം. എന്നാൽ അയാൾ ഇല്ലാതിരിക്കുമ്പോൾ മുഴുവൻ ടീമും കഷ്ടപ്പെടുകയാണ് ഫലത്തിൽ സംഭവിക്കുക. ഒരാളുടെ അറിവ് ഒരു സംഘടനയുടെ ശക്തിയാകേണ്ടിടത്ത് അത് ഒരു ദൗർബല്യമായി മാറുന്നു.

ഒരു യഥാർഥ നേതാവ് സ്വന്തം പ്രാഗത്ഭ്യം മറ്റുള്ളവർക്ക് പകർന്നു നൽകുകയും വിഭവങ്ങൾ പങ്കുവെക്കുകയും മുഴുവൻ ടീമിന്റെയും കഴിവ് വളർത്തുകയും ചെയ്യുന്നു. അത്തരമൊരാൾ എവിടെ പോയാലും ശക്തി സൃഷ്ടിക്കുന്നു.
താൻ ഉണ്ടാക്കുന്ന വിഭവത്തിന്റെ രുചി മറ്റാർക്കും ആവർത്തിക്കാനാകരുതെന്ന് ആഗ്രഹിക്കുന്ന ഒരു മുത്തശ്ശിയെ സങ്കൽപ്പിക്കുക. “ഈ കറിയുടെ രുചിക്കൂട്ട് സ്പെഷ്യലാണ്; അത് ഞാൻ ആർക്കും പറഞ്ഞുതരില്ല’ എന്ന് അവർ അഭിമാനത്തോടെ പറയാറുണ്ട്. എന്നാൽ വർഷങ്ങൾക്കുശേഷം, കുടുംബത്തിലെ ആർക്കും അത് എങ്ങനെ ഉണ്ടാക്കണമെന്ന് അറിയാതെ ആ അതുല്യമായ പാചകക്കുറിപ്പ് എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. പങ്കിടാത്ത അറിവ് അതിന്റെ ഉടമയോടൊപ്പം മാഞ്ഞുപോകുന്നു; പങ്കുവെക്കുന്ന അറിവാകട്ടെ ഒരു പൈതൃകമായി തലമുറകളിലൂടെ ജീവിക്കുന്നു.

പ്രകൃതി തന്നെ ഈ സത്യം നമ്മെ പഠിപ്പിക്കുന്നു. ഒരു വൃക്ഷം സ്വന്തം ഫലം തിന്നുന്നില്ല. ഒരു നദി സ്വന്തം വെള്ളം കുടിക്കുന്നില്ല. സൂര്യൻ തനിക്കുവേണ്ടി മാത്രം പ്രകാശിക്കുന്നില്ല. പ്രകൃതിയിലെ എല്ലാം മറ്റൊന്നിന്റെ വളർച്ചക്ക് കാരണമാകുന്നു. മനുഷ്യനും അങ്ങനെ ജീവിക്കുമ്പോഴാണ് അവനിൽ യഥാർഥ മഹത്വം ജനിക്കുന്നത്.
നമ്മുടെ സ്വതസിദ്ധമായ അറിവുകളും ശേഷികളും അനുഭവങ്ങളും കൊണ്ട് മറ്റുള്ളവരുടെ ലോകം കൂടി വിശാലമാക്കാൻ സഹായിക്കുമ്പോഴാണ് അവ ശരിക്കും അർഥവത്താകുന്നത്. മഹത്തായ അധ്യാപകരെയും പരിശീലകരെയും ഉപദേശകരെയും നേതാക്കളെയും ചരിത്രം ഓർക്കുന്നത് അവർ അനുയായികളെ ശേഖരിച്ചതുകൊണ്ടല്ല; മറിച്ച് അവർ ആളുകളെ വളർത്തിയതുകൊണ്ടാണ്.

മികച്ച അധ്യാപകൻ തന്റെ ബുദ്ധി പ്രദർശിപ്പിക്കുന്നവനല്ല; വിദ്യാർഥികളിലെ ബുദ്ധിയെ ഉണർത്തുന്നവനാണ്. എല്ലാ ജോലികളും നിയന്ത്രിക്കുന്നവനല്ല, ഉത്തരവാദിത്വം ഏറ്റെടുക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുന്നവനാണ് മികച്ച മാനേജർ. കുട്ടികളെ എന്നെന്നേക്കുമായി ആശ്രിതരാക്കുന്നവനല്ല, സ്വന്തം കാലിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ അവരെ പ്രാപ്തരാക്കുന്നവനാണ് മികച്ച രക്ഷിതാവ്.

ഒറ്റയ്ക്ക് നേടിയ വിജയം താത്കാലിക സംതൃപ്തി നൽകിയേക്കാം. എന്നാൽ മറ്റുള്ളവരുമായി പങ്കുവെക്കുന്ന വിജയം ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുന്നു. ആളുകൾ തങ്ങളുടെ ശക്തികൾ മനസ്സ് തുറന്ന് പങ്കുവെക്കുകയും പരസ്പര വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ സംഘടനകളും സമൂഹങ്ങളും കുടുംബങ്ങളും തഴച്ചുവളരുന്നു.
നാം വളർത്തിയെടുക്കാൻ സഹായിച്ച ഒരാളുടെ വിജയം ആത്മാർഥമായി ആഘോഷിക്കാൻ കഴിയുമോ എന്നതാണ് നമ്മുടെ സ്വഭാവത്തിന്റെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്ന്. ഷോയിലെ താരമാകുന്നവർ ധാരാളമുണ്ടാകും. എന്നാൽ മറ്റുള്ളവരെ താരങ്ങളാക്കാൻ സഹായിക്കുന്നവർ വളരെ കുറവാണ്. എന്നിട്ടും ലോകത്തിലെ ഏറ്റവും ആഴമേറിയ കാൽപ്പാടുകൾ അവശേഷിപ്പിക്കുന്നത് ആ താരങ്ങളെ സൃഷ്ടിച്ചവർ തന്നെയാണ്.

മുഴുവൻ രഹസ്യ തന്ത്രങ്ങളും കൈമാറി തന്നെക്കാൾ മികച്ച ഒരു അത്‌ലറ്റിനെ വാർത്തെടുക്കുന്നവനാണ് കഴിവുറ്റ പരിശീലകൻ. ലീഡർഷിപ്പ് എന്നത് ഒരു മുറിയിലെ ഏറ്റവും മിടുക്കനായ വ്യക്തിയായിരിക്കുന്നതല്ല; ആ മുറിയിലുള്ള എല്ലാവരെയും കൂടുതൽ മിടുക്കരാക്കുന്ന പ്രക്രിയയാണ്. നമ്മൾ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുമ്പോഴോ, ഒരു വൈദഗ്ധ്യം പഠിപ്പിക്കുമ്പോഴോ, ഒരു അവസരം പങ്കുവെക്കുമ്പോഴോ, അല്ലെങ്കിൽ മറ്റൊരാളെ അവരുടെ കഴിവ് കണ്ടെത്താൻ സഹായിക്കുമ്പോഴോ, നമ്മെക്കാൾ വലിയ ഒരു സംഭാവനയാണ് നാം ലോകത്തിന് നൽകുന്നത്.
ജീവിതാവസാനം നമ്മൾ എത്ര അറിവ് സമ്പാദിച്ചുവെന്നതല്ല ലോകം ഓർക്കുക; ആ അറിവുകൊണ്ട് എത്ര ജീവിതങ്ങൾ പ്രകാശിപ്പിച്ചുവെന്നതാണ്. മറ്റൊരു തിരി കത്തിച്ചാൽ ഒരു തിരിയുടെ വെളിച്ചം കുറയില്ല.

മറിച്ച് ഇരുട്ട് കുറയും. അതുകൊണ്ടാണ് യഥാർഥ നേതാക്കൾ അനുയായികളെ സൃഷ്ടിക്കാതെ നേതാക്കളെ സൃഷ്ടിക്കുന്നത്; അറിവ് ഒളിപ്പിക്കാതെ പങ്കുവെക്കുന്നത്; സ്വന്തം വെളിച്ചം മാത്രം കാത്തുസൂക്ഷിക്കാതെ മറ്റുള്ളവരെയും പ്രകാശിപ്പിക്കുന്നത്. യഥാർഥ നേതാക്കൾ ശ്രദ്ധിക്കുന്നത് തങ്ങൾക്കുവേണ്ടി എത്രപേർ പ്രവർത്തിക്കുന്നു എന്നതല്ല; തങ്ങൾ കാരണം എത്രപേർ വളരുന്നു എന്നതാണ്.

Content Highlights:
True greatness and effective leadership lie in sharing knowledge rather than keeping it to oneself. Hoarding information and skills out of fear of losing personal importance only hinders organizational growth and collective progress. Real leaders empower others by sharing experiences and resources to foster a sustainable and lasting legacy. Ultimately, a person’s impact on society is measured by how many lives they illuminated through guidance rather than individual accomplishments.