Connect with us

Cover Story

സ്‌നേഹത്തിന്റെ ചെന്നിണം

രക്തദാനം മഹാദാനം എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് 122 തവണ രക്തം ദാനം ചെയ്ത, നിരവധി തവണ തന്റെ മുടി മുറിച്ചു നൽകി ക്യാൻസർ രോഗികൾക്ക് ആശ്വാസമേകിയ, ജാതി മത ഭേദമന്യേ ഏവരെയും സ്നേഹമെന്ന നൂലിൽ കോർത്ത സാധാരണക്കാരിയായ വീട്ടമ്മയുടെ ജീവിതകഥ.

Published

|

Last Updated

സീല’ എന്ന അറബ് നാമം പെൺകുട്ടികൾക്കിടുന്ന കേവലം ഒരു പേരുമാത്രമല്ല. അതിന്റെ അർഥതലങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോഴേ ആ വാക്കിന്റെ വ്യാപ്തി എത്രയോ ആഴമുള്ളതാണെന്നു മനസ്സിലാകൂ.. “ശ്രേഷ്ഠമായവൾ, ഉന്നത സ്ഥാനത്തുള്ളവൾ, അനുഗൃഹീത’ എന്നൊക്കെയാണ് ആ വാക്കിനെ പൂർണതയിലെത്തിക്കുന്നത്. അതിനെ അന്വർഥമാക്കുന്ന ജീവിതതാളമാണ് ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് പറയങ്കുളം ഫാത്തിമാസിൽ ഫസീല എന്ന വീട്ടമ്മയുടേത്. രക്തദാനം മഹാദാനം എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചു 122 പ്രാവശ്യം തന്റെ രക്തം ദാനം നൽകിയ ഒരു നാട്ടുമ്പുറത്തുകാരി. ക്യാൻസർ രോഗികൾക്കു നിരവധിപ്രാവശ്യം തന്റെ മുടിമുറിച്ചു നൽകി മറ്റൊരു സ്നേഹാധ്യായം തീർത്തവരാണ് അവരും മെഡിക്കൽ വിദ്യാർഥിയായ മകൾ ഫാത്തിമാ നാസറും.

വളരെ ചെറുപ്പത്തിൽ നടന്ന ഒരു അനുഭവം ഇപ്പോഴും അവരുടെ മനസ്സിൽ മായാതെ, മങ്ങാതെ കിടക്കുന്നു. നാൽപ്പത് വർഷം മുമ്പ് നടന്ന ആ സംഭവം പൊടിതട്ടിയെടുത്ത്് പറയുമ്പോൾ അനീതിക്കെതിരെ പ്രതികരിക്കണമെന്ന അവരുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നു തോന്നും. “അന്ന് വീട്ടിൽ വൈദ്യുതി ലഭിച്ചിട്ടില്ല. വെളിച്ചത്തിനായി മണ്ണെണ്ണ വിളക്കു മാത്രം. ഓടിട്ട ചെറിയവീട്ടിൽ ഒരു രാത്രിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് തുറന്നു കിടന്ന സമീപത്തെ ജനലിൽ കൂടി ഒരു കറുത്ത കൈ മെല്ലെ അകത്തേക്കു നീളുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും പിന്നെ ഒന്നും ആലോചിച്ചില്ല. തൊട്ടടുത്തിരുന്ന മണ്ണെണ്ണ വിളക്കെടുത്തു ആ കൈകൾക്കു നേരെ നീട്ടിമുട്ടിച്ചു. കൈ പൊള്ളിയതോടെ പെട്ടെന്നു നിലവിളിച്ചുകൊണ്ട് അയാൾ ഇരുട്ടിൽ ഓടിമറഞ്ഞു. ഒന്നും ആലോചിക്കാതെ പെട്ടെന്ന് അങ്ങനെ ചെയ്തതുകൊണ്ടു മാതാപിതാക്കളോട് പിന്നീടാണ് വിവരം പറയുന്നത്.

ഒരു പക്ഷേ അപ്പോൾ അവരെ വിളിച്ചിരുന്നെങ്കിൽ അയാളെ പിന്നീട് കണ്ടെത്താൻ വിഷമമായേനെ. പിന്നീട് കൈപൊള്ളിയ ആരെങ്കിലും സമീപപ്രദേശങ്ങളിൽ ഉണ്ടോ എന്നു അന്വേഷണമായി വീട്ടുകാർ. അങ്ങനെയിരിക്കെ ഒരു ദിവസം കൈയിൽ പൊള്ളലേറ്റ നിലയിൽ കടത്തിണ്ണയിൽ ഒരാൾ ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ അന്വേഷിച്ചപ്പോൾ അയാളാണ് അന്ന് വീടിനുള്ളിൽ കൈ നീട്ടിയതെന്നു വ്യക്തമായി. “ഒരു പക്ഷേ ഇതായിരിക്കാം എന്റെ ആദ്യത്തെ പ്രതികരണം എന്നാണ് ഓർമ.’ പിന്നീടങ്ങോട്ട് എവിടെ തെറ്റുകണ്ടാലും ചൂണ്ടിക്കാട്ടുക ഒരു ശീലമായി. അതിൽ ഒരു മടിയും കാട്ടിയില്ല. മാതാപിതാക്കളും പിന്തുണ നൽകി. അമ്പത്തിയഞ്ചാം വയസ്സിലും മനുഷ്യാവകാശപ്രവർത്തകയായി സേവനം ചെയ്യുമ്പോഴും ആ ചെറുപ്പത്തിന്റെ വീറും വാശിയും ഇപ്പോഴും അവരിൽ നിഴലിക്കുന്നുണ്ട്.

രക്തദാനമെന്ന ദൗത്യം

“അന്നെനിക്ക് പതിനഞ്ച് വയസ്സേയുണ്ടായിരുന്നുള്ളൂ.അസുഖം വന്നാൽപ്പോലും ഇഞ്ചക്്ഷൻ ചെയ്യുന്നതു വലിയ ഭയമായിരുന്നു. സൂചി കാണുമ്പോഴേ പേടി. പിന്നെ കരഞ്ഞുതുടങ്ങും. അതുകണ്ടു എല്ലാവരും കളിയാക്കും. ഇതായിരുന്നു അന്നത്തെ എന്റെ അവസ്ഥ. ഒരിക്കൽ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ നിൽക്കുമ്പോൾ അപകടത്തിൽപ്പെട്ട ഒരാളെ കാറിൽ അവിടെ കൊണ്ടുവന്നു. ശരീരമാസകലം മുറിവ്. അയാളുടെ ശരീരത്തിലെ രക്തം കണ്ടപ്പോഴേ എനിക്കു തലകറങ്ങുന്നതായി തോന്നി. നിരവധി പേർ അവിടെ കൂടിയിട്ടുണ്ട്. കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച അയാളെ പരിശോധിച്ച ഡോക്ടർ അൽപ്പസമയം കഴിഞ്ഞപ്പോൾ പുറത്തുവന്നു പറഞ്ഞു. “ശസ്ത്രക്രിയ ചെയ്യേണ്ടതായിട്ടുണ്ട്. രക്തം വേണ്ടിവരും. എ പോസിറ്റീവ് ആണ് വേണ്ടത്.’

ഇതുകേട്ട് അപകടത്തിൽപ്പെട്ട ആളിന്റെ ബന്ധുക്കളും നാട്ടുകാരുമൊക്കെ രക്തത്തിനായി പരക്കം പാഞ്ഞു. എന്നാൽ പെട്ടെന്നു എ പോസിറ്റീവ് ഉള്ള ആളെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. അവരുടെ ആശങ്കകളും ബുദ്ധിമുട്ടുകളുമെല്ലാം കണ്ടപ്പോൾ അവിടെ കൂടി നിന്നവർ പലരും രക്തം കൊടുക്കാൻ മുന്നോട്ടു വന്നെങ്കിലും ആരുടേയും രക്തം എ പോസിറ്റീവ് ആയിരുന്നില്ല. എല്ലാവരും നിർബന്ധിച്ചതോടെ ഞാനും മനസ്സില്ലാ മനസ്സോടെ അതിന് തയ്യാറായപ്പോൾ എന്റെ രക്തം അനുയോജ്യമാണെന്നു കണ്ടെത്തി. സിറിഞ്ചും സൂചിയും ഇഞ്ചക്്ഷനും എല്ലാം ഏറെ ഭയത്തോടെ കണ്ടിരുന്ന ഞാൻ അന്നാദ്യമായി രക്തദാനത്തിനായി എന്റെ കൈകൾ നീട്ടി. കൂടുതൽ ഒന്നും ആലോചിക്കാതെ കണ്ണടച്ചു കിടന്നു. അപകടത്തിൽപ്പെട്ട ആൾ രക്ഷപ്പെടണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. അന്ന് രക്തം കൊടുത്തു പുറത്തിറങ്ങിയതോടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവുമാണ് തോന്നിയത്.

ഒരു ജീവൻ രക്ഷിക്കാനായ സംതൃപ്തിയും.’ ഈ കഥ പറഞ്ഞു തീരുമ്പോൾ അവരുടെ മുഖത്ത് ആത്മനിർവൃതി പ്രകടമായിരുന്നു. എം എസ്‌ സി എം എൽ ടി പാസ്സായ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് സഊദി മിനിസ്ട്രിയിലേക്കു പാരാമെഡിക്കൽ വിഭാഗത്തിൽ ആളെ എടുക്കുന്നതായി അറിഞ്ഞത്. അങ്ങനെ ODEPEC (Overseas Development and Employment Promotion Consultants) ൽ അപേക്ഷ നൽകി. 480 പേരാണ് അന്ന് അപേക്ഷ നൽകിയിരുന്നത്. അതിൽ തിരഞ്ഞെടുത്ത പത്ത് പേരിൽ ഒരാളായിരുന്നു ഫസീല. അങ്ങനെ 27 വർഷം സഊദിയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ ടൂട്ടറായി ജോലി ചെയ്തത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനു കാരണമായതായി ഫസീല പറയുന്നു.

ആ കാലയളവിൽ അവർക്കുണ്ടായ അനുഭവങ്ങൾ ഒട്ടേറെയാണ്. വ്യത്യസ്ത രോഗികൾ, ഭാഷകൾ, വിവിധ രാജ്യങ്ങളിൽ പഠിച്ച വിദ്യാർഥികൾ, അവരുടെയൊക്കെ രാജ്യങ്ങളിലെ നിയമങ്ങൾ എങ്ങനെ എന്നെല്ലാം പഠിക്കാനായി. മിക്ക വിദേശ രാജ്യങ്ങളിലും ഒരിക്കൽ രക്തം ദാനം ചെയ്താൽ പിന്നെ 56 ദിവസത്തിനു ശേഷം വീണ്ടും രക്തം എടുക്കാൻ അനുവാദമുണ്ട്. എന്നാൽ ഇന്ത്യയിൽ അതുപറ്റില്ല. നാല് മാസം കഴിയണം വീണ്ടും രക്തം എടുക്കണമെങ്കിൽ. എങ്കിലും രക്തത്തിനായി നെട്ടോട്ടമോടുന്നവരെ കാണുമ്പോൾ ഏറെ വേദനയായിരുന്നു മനസ്സിൽ. അതായിരുന്നു രക്തം കൊടുക്കാനുള്ള പ്രചോദനം. 56 ദിവസങ്ങൾക്കു ശേഷം രക്തം കൊടുക്കാൻ അനുവാദമുള്ളതുകാരണം വിദേശത്ത് ജോലി ചെയ്തിരുന്നപ്പോൾ നിരവധി പേർക്ക്, വിവിധ സന്ദർഭങ്ങളിൽ രക്തം കൊടുക്കാനായി. എത്ര പ്രാവശ്യം കൊടുത്തു എന്ന് കൈയും കണക്കുമില്ല. ഒടുവിൽ അതെല്ലാം ഒന്നു രേഖപ്പെടുത്തണമെന്നു തോന്നി.

അങ്ങനെയാണ് ഇപ്പോൾ 122 പ്രാവശ്യം കൊടുത്തതായി ഓർമവരുന്നത്. 118ാം തവണ രക്തദാനം നിർവഹിച്ചതിന് പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇത്തരത്തിൽ രക്തദാനം നടത്തിയതിനു സഊദി ഗവൺമെന്റിന്റെ ആദരവും ഇവരെ തേടിയെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങിവന്നതോടെ ഒട്ടേറെ സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അത് രക്ത ദാനം നടത്താൻ കൂടുതൽ സാഹചര്യം ഒരുക്കി. പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയുടെ ആലപ്പുഴ ജില്ലാ ചീഫ് കോ ഓർഡിനേറ്റർ ആണ് ഇപ്പോൾ. ഇതുവഴി നിരവധി സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. അവിടെയെല്ലാം ആദ്യം രക്തം നൽകാൻ ഫസീല തന്നെയായിരിക്കും മുന്നിൽ നിൽക്കുക. നാഷനൽ ചൈൽഡ് ആൻഡ് വുമൺ ഡവലപ്‌മെന്റ്കൗൺസിൽ സംസ്ഥാന പ്രസിഡന്റുകൂടിയായ ഇവർ കുട്ടികൾക്കും അമ്മമാർക്കും പ്രാധാന്യം നൽകുന്ന ഒട്ടേറെ വിഷയങ്ങളിൽ ഇടപെട്ടു ക്ലാസ്സുകളും എടുത്തുവരുന്നു.

മുടി ദാനം ചെയ്ത വിശാലത

ഒരിക്കൽ സഊദിയിൽ നിന്ന് കേരളത്തിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ കരളലിയിക്കുന്ന ഒരു കാഴ്ചകാണാൻ ഇടയായതായി ഫസീല പറയുന്നു. ക്യാൻസർ ബാധിച്ച ഒരു കുട്ടി ചികിത്സയുടെ ഭാഗമായി കീമോ ചെയ്തതിനെത്തുടർന്ന് മുടി പോയതിൽ ഏറെ ദുഃഖിതയായി സീറ്റിൽ ഇരിക്കുന്നതു കണ്ടു. തന്റെ കൈയിലിരുന്ന കണ്ണാടിയിൽ പല പ്രാവശ്യംനോക്കി തലയിൽ തടവി അമ്മയോടായി എന്തൊക്കെയോ പറയുന്നുണ്ട്. അതു തന്റെ മുടിയെക്കുറിച്ചാണെന്നു മനസ്സിലാക്കിയ ഫസീലയുടെ മനസ്സ് അതു കണ്ട് ആകെ പിടഞ്ഞു. മുടിയില്ലാത്തതിന്റെ പേരിൽ ഒരു കൊച്ചു കുട്ടി പോലും എത്രയോ പ്രയാസം അനുഭവിക്കുന്നെങ്കിൽ, പിന്നെ പ്രായമുള്ളവർ എത്രത്തോളമാകും മാനസിക സംഘർഷം അനുഭവിക്കുക എന്ന ചിന്തയായിരുന്നു മനസ്സിൽ. വീട്ടിൽ മടങ്ങിവന്ന അവരുടെ മനസ്സ് അലകടൽപോലെ ആടിയുലഞ്ഞുകൊണ്ടേയിരുന്നു. മനസ്സ് ശാന്തമായപ്പോൾ അന്ന് അവർ ഒരു തീരുമാനത്തിലെത്തി.

തനിക്കു ഭംഗി നൽകുന്ന മുടി അല്ലാഹു നൽകിയതാണ്. അതു മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടണം. തന്റെ മുടി ക്യാൻസർ രോഗികൾക്ക് ദാനം ചെയ്യണം… അത് ഒരു ഉറച്ച തീരുമാനമായിരുന്നു. ഒപ്പം “ഭൂമിയിലുള്ളവരോട് കരുണകാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും’ എന്ന നബിവചനവും അവരുടെ മനസ്സിൽ ഓടിയെത്തി. പിന്നീട് അവർ ആദ്യം ചെയ്തത് ഇത്തരത്തിൽ മുടി വാങ്ങുന്ന കോട്ടയം ക്യാൻസർ സെന്റർ, എറണാകുളം ക്യാൻസർ റിസർച്ച് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തന്റെ നീളമുള്ള മുടി മുറിച്ചു നൽകുകയായിരുന്നു. അത്തരത്തിൽ പത്ത് പ്രാവശ്യമാണ് അവർ മുടി ദാനം ചെയ്തത്. ഉമ്മയുടെ ഈ പ്രവൃത്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മകളും അഞ്ച് പ്രാവശ്യം മുടി ദാനം നൽകിയിട്ടുണ്ട്.

ഉദ്യാന നിർമാണത്തിലേക്ക്

തന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താനുള്ള മാർഗമായിരുന്നു അപൂർവയിനം ചെടികളുടെ നഴ്‌സറി. അതിൽ നിന്ന് കിട്ടുന്ന വരുമാനം അത്തരത്തിൽ വിനിയോഗിക്കുകയാണ് അവർ. ചെറിയ രീതിയിൽ ആരംഭിച്ച നഴ്‌സറി ഇപ്പോൾ നിരവധിയിനം ബിഗോണിയ ചെടികളുടെ ശേഖരമായി മാറിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് സുഹൃത്തുക്കൾ വഴി സംഘടിപ്പിച്ച അത്തരം ചെടികൾ വിൽക്കുന്ന കേരളത്തിലെ അപൂർവം സ്ഥാപനങ്ങളിൽ ഒന്നായി ഇതു വളർന്നുകഴിഞ്ഞു. വീടുകൾക്കുള്ളിലേയും പുറത്തേയും അന്തരീക്ഷ മലിനീകരണം തടയുന്ന ചെടിയാണ് ബിഗോണിയ. ഇതിന്റെ ഇലകൾ മുറിച്ചുമാറ്റി മണ്ണിൽ കുഴിച്ചുവെച്ചാൽ ആ ഇലയിൽ വേരുകൾ ഇറങ്ങും. ഏറെ പരിചരണത്തോടെ ശ്രദ്ധിച്ചാൽ ഇത്തരത്തിൽ ഒരു ചെടിയിൽ നിന്ന് നിരവധി ചെടികൾ വളർത്താനാകും. ഏതാണ്ട് അറുന്നൂറ് ഇനം ബിഗോണിയ ചെടികളാണ് ഇവരുടെ ശേഖരത്തിലുള്ളത്. ഇതിനെക്കുറിച്ച് പഠിക്കാനും മറ്റുമായി നിരവധി പേർ ദിവസേന ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.

നിയമനിഷേധം അനുഭവിക്കേണ്ടിവരുന്ന സാധാരണ പൗരന്മാർക്ക് ഒരു കൈത്താങ്ങായി അവരോടൊപ്പം മുന്നിൽ നിൽക്കുന്ന ഫസീല ഒട്ടനവധിപേരുടെ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാനും ഇതിനോടകം ശ്രദ്ധിച്ചിട്ടുണ്ട്. നാഷനൽ ഹ്യൂമൻ റൈറ്റ്‌സ് ആന്റീ കറപ്ഷൻ ഫോഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായി സേവനം അനുഷ്ഠിച്ചുവരുന്ന ഇവർ ഹ്യൂമൻ റിസോഴ്‌സസ് റീജിയണൽ സ്റ്റേറ്റ് പ്രോഗ്രാം കോ ഓർഡിനേറ്ററുമാണ്. ലഹരിക്കെതിരെ പോരാട്ടം നടത്തുന്നതോടൊപ്പം സിവിൽ ഡിഫൻസ് വോളണ്ടിയർ, പാലിയേറ്റീവ് കെയർ, റെഡ്‌ക്രോസ് സൊസൈറ്റി, തണൽ രക്തദാന സേന തുടങ്ങിയ സംഘടനകളുമായി നല്ല ബന്ധം പുലർത്തുന്ന ഇവർക്ക് ഒട്ടേറെ പുരസ്‌കാരങ്ങളും നേടാനായി. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി പുരസ്‌കാരം, ജനസേവ ശിശുഭവൻ പുരസ്‌കാരം, ഫാക്ട് എംപ്ലോയീസ് സോഷ്യൽ ഫോറം പുരസ്‌കാരം, കേരള ആക്്ഷൻ ഫോഴ്‌സ് പുരസ്‌കാരം തുടങ്ങി ചെറുതും വലുതുമായ നൂറോളം പരസ്‌കാരങ്ങളാണ് അവരെ തേടിയെത്തിയത്.

 

.

Latest