Connect with us

Ongoing News

ഓട്ടത്തിനിടെ കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു

വൈദ്യുതിലൈനുമായി ഉരസിയതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Published

|

Last Updated

കോഴഞ്ചേരി | ഓട്ടത്തിനിടെ കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20ന് ചെറുകോല്‍പ്പുഴ-റാന്നി റോഡില്‍ അയിരൂരിലെ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റാന്നിയില്‍ ഫര്‍ണിച്ചര്‍ ഇറക്കിയതിനു ശേഷം തിരികെവന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള ലോറി വൈദ്യുതിലൈനുമായി ഉരസിയതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ലോറിയുടെ പിന്‍ഭാഗത്ത് തീയാളുന്നതു കണ്ട് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം നിര്‍ത്തി ഇറങ്ങി. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ സി പി എം അയിരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം മനു മോഹന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും ജനപ്രതിനിധികളുമാണ് ആദ്യഘട്ടത്തില്‍ തീ കെടുത്താന്‍ ശ്രമിച്ചത്. പിന്നീട് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് റാന്നിയില്‍ നിന്ന് രണ്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ലോറി ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ചു.

പ്രമോദ് നാരായണ്‍ എം എല്‍ എ, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം വി പ്രസാദ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. തിരുവല്ല, റാന്നി ഡി വൈ എസ് പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സേനാംഗങ്ങളും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് ചെറുകോല്‍പ്പുഴ-റാന്നി റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.