Connect with us

List of Essential Medicines

384 അവശ്യ മരുന്നുകളുടെ പട്ടിക കേന്ദ്രം പുറത്തിറക്കി

34 പുതിയ മരുന്നുകള്‍ പട്ടികയില്‍; ക്യാന്‍സര്‍, പ്രമേഹ, ക്ഷയ രോഗ മരുന്നുകളുടെ വില കുറയും

Published

|

Last Updated

ന്യൂഡല്‍ഹി | അവശ്യ മരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 34 പുതിയ മരുന്നുകളടക്കം 384 അവശ്യ മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. നേരത്തെ പട്ടികയിലുണ്ടായ 26 മരുന്നുകളെ ഒഴിവാക്കി.

പുതുതായി പട്ടികയില്‍ എത്തിയതില്‍ ക്യാന്‍സര്‍ ചികിത്സക്കുള്ള നാല് മരുന്നുകള്‍ ഉള്‍പ്പെടുത്തി. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ ക്യാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയുമെന്നാണ് റിപ്പോര്‍ട്ട്.

ഓരോ മൂന്ന് വര്‍ഷത്തിലും അവശ്യമരുന്ന് പട്ടിക പരിഷ്‌ക്കരിക്കാറുണ്ട്. 2015ലാണ് അവസാനമായി പുതുക്കിയത്. കൊവിഡ് കാരണം പുതിയ പട്ടിക വൈകുകയായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള എന്‍ എല്‍ ഇ എം കമ്മിറ്റിയാണ് പുതിയ പട്ടിക തയാറാക്കിയത്.

അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി നിശ്ചയിക്കുന്ന വിലയില്‍ മാത്രമേ വില്‍ക്കാന്‍ അനുമതിയുള്ളു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂള്‍ഡ് ഡ്രഗുകളുടെ വില വര്‍ധന നിശ്ചയിക്കുന്നത്. എന്നാല്‍ നോണ്‍ഷെഡ്യൂള്‍ഡ് മരുന്നുകള്‍ക്ക്, കമ്പനികള്‍ക്ക് എല്ലാ വര്‍ഷവും പത്ത് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാം.

 

 

 

 

Latest