Connect with us

literature

ഭീതിയുടെ സൗന്ദര്യദർശനം

ഹൊറർ നോവലുകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളിലൊന്നായാണ് സഹൃദയലോകം ബ്രോം സ്റ്റോക്കറുടെ നോവലിനെ വിശേഷിപ്പിക്കുന്നത്. ഭീതിയുടെ തീക്ഷ്ണസൗന്ദര്യം ആദ്യന്തം വഴിഞ്ഞൊഴുകുന്ന അപൂർവങ്ങളിൽ അപൂർവമായ രചനയാണിത്. നൂറ്റി ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും അക്ഷരലോകത്ത് പുതുമ കെടാതെ നിലനിൽക്കുകയാണ് സ്റ്റോക്കറുടെ ഈ ഉജ്ജ്വല രചന.

Published

|

Last Updated

ലോക സാഹിത്യവേദിയിൽ ഭീതിയുടെ കൊടുങ്കാറ്റുയർത്തിയ നോവലാണ് ബ്രോം സ്റ്റോക്കറുടെ “ഡ്രാക്കുള’. ഹൊറർ നോവലുകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളിലൊന്നായാണ് സഹൃദയലോകം ഈ നോവലിനെ വിശേഷിപ്പിക്കുന്നത്. ഭീതിയുടെ തീക്ഷ്ണസൗന്ദര്യം ആദ്യന്തം വഴിഞ്ഞൊഴുകുന്ന അപൂർവങ്ങളിൽ അപൂർവമായ രചനയാണിത്. നൂറ്റി ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും അക്ഷരലോകത്ത് പുതുമ കെടാതെ നിലനിൽക്കുകയാണ് സ്റ്റോക്കറുടെ ഈ ഉജ്ജ്വല രചന.

1847 ൽ അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ച ബ്രോം സ്റ്റോക്കറുടെ ലോകം മുഴുവൻ വായിക്കപ്പെട്ട രചനയാണ്‌ “ഡ്രാക്കുള’. 1897 മെയ് മാസത്തിൽ പുസ്തകക്കടകളിൽ പ്രത്യക്ഷപ്പെട്ട സമയത്ത് പക്ഷെ ഈ പുസ്തകം വല്ലാതെയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആദ്യം പുറത്തിറങ്ങിയത് മുന്നൂറ് കോപ്പി മാത്രമായിരുന്നു. ആറ് ഷില്ലിംഗായിരുന്നു വില. എന്നാൽ വളരെ പെട്ടെന്നു തന്നെ നോവൽ വായനാലോകത്ത് സ്വീകാര്യത നേടുകയുണ്ടായി. വിവിധ ആനുകാലികങ്ങൾ മേരി ഷെല്ലിക്കും എഡ്ഗാർ അലൻ പോയ്‌ക്കും മുകളിലായാണ് ബ്രോം സ്റ്റോക്കറെ പ്രതിഷ്ഠിച്ചത്. ലോകസാഹിത്യത്തിലെ മികച്ച പത്ത് നോവലുകളിലൊന്നായി ഗാർഡിയൻ പത്രം “ഡ്രാക്കുള’യെ വിശേഷിപ്പിച്ചു. ആർതർ കൊനാൻ ഡോയൽ സ്റ്റോക്കർക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. “ഈ നോവൽ എന്നെ ആഴത്തിൽ സ്പർശിച്ചു. ഞാൻ വായിച്ച ഹൊറർ നോവലുകളിൽ ഏറ്റവും മികച്ചത് ഇതാണെന്നു നിസ്സംശയം പറയാം.’ പന്ത്രണ്ട് നോവലുകളും നിരവധി കഥകളും ബ്രോം സ്റ്റോക്കർ എഴുതിയിട്ടുെണ്ടങ്കിലും “ഡ്രാക്കുള’യാണ് അദ്ദേഹത്തെ രാജ്യാന്തര പ്രശസ്തനാക്കിയത്. പിൽക്കാലരചനകളായ “സമുദ്രരഹസ്യ’ത്തിനോ (1904) “വർത്തക പ്രമാണികൾ’ക്കോ (1910) “ഡ്രാക്കുള’യുടെ ജനപ്രീതിയും സ്വീകാര്യതയും നേടാനായില്ല. ഫാന്റം, മാൻഡ്രേക്ക്, ഷെർലക് ഹോംസ് തുടങ്ങിയ അനശ്വര കഥാപാത്രങ്ങളെപ്പോലെ ഡ്രാക്കുളയും തന്റെ സ്രഷ്ടാവിനെ നിഷ്പ്രഭനാക്കിക്കൊണ്ട് വായനാലോകത്ത് വിഹരിക്കുകയാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ റൊമാനിയായിലെ രാജാവായിരുന്ന വ്ലാദ്‍ നാലാമന്റെ കളിപ്പേരായിരുന്നു ഡ്രാക്കുള. “ചെകുത്താന്റെ സന്തതി’ എന്നത്രെ ഈ പേരിന്റെ അർഥം.

നിരവധി യുദ്ധങ്ങൾക്കും ആക്രമണങ്ങൾക്കും നേതൃത്വം നൽകിയ വ്ലാദിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വിചിത്രമായ ഒട്ടനവധി കഥകൾ പ്രചരിച്ചിരുന്നു. മനുഷ്യരക്തം കുടിച്ചാണ് രാജാവ് തന്റെ യൗവനം നിലനിർത്തുന്നത് എന്നായിരുന്നു അവയിലൊരു കഥ. വ്ലാദിന്റെ മരണശേഷം ഈ കഥകളെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിച്ചു കൊണ്ടിരുന്നു. മരിച്ചിട്ടും മരിക്കാത്ത തമ്പുരാനായി അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. അതിനെത്തുടർന്ന് ജനങ്ങളുടെ മനസ്സിൽ ഭയത്തിന്റെ എക്കാലത്തേയും വലിയ തമ്പുരാനായി വ്ലാദ്‍ രാജാവ് മാറുകയായിരുന്നു. ഈ കഥകളിൽ നിന്നുമാണ് ബ്രോം സ്റ്റോക്കർ തന്റെ നോവലിനുള്ള കഥാതന്തു വികസിപ്പിച്ചെടുത്തത്.
ഭീകരനോവലിന്റെ തീരെ ചെറിയ ഒരു കള്ളിയിൽ ഒതുക്കി നിർത്തേണ്ട രചനയല്ല “ഡ്രാക്കുള’ എന്നത് ഇതിന്റെ സൂക്ഷ്മ വായന കൃത്യമായിത്തന്നെ വായനക്കാരെ ബോധ്യപ്പെടുത്തുന്നുണ്ട്. റൊമാനിയയിലെ കാർപാത്തിയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ദുർഗവും ആധുനിക ജീവിതത്തിന്റെ മുദ്രകൾ നെഞ്ചേറ്റിയ ലണ്ടൻ നഗരവുമാണ് ഈ നോവലിന്റെ കഥാഗതികൾക്ക് പശ്ചാത്തലമൊരുക്കുന്നത്. മധ്യകാലഘട്ടത്തിലെ ഒരിരുണ്ട മിത്തിനെ പുതിയൊരു ഭാവുകത്വം നൽകി പുനഃസൃഷ്ടിക്കുകവഴി സ്ഥലകാലങ്ങളിലെ ഈ വൈരുദ്ധ്യം നോവലിസ്റ്റ് വിദഗ്ധമായി മായ്ചുകളയുന്നത് കാണാം.

വിക്ടോറിയൻ കാലഘട്ടത്തിലെ ഇംഗ്ലീഷ് മധ്യവർഗജീവിതത്തിന്റെ പുഴുക്കുത്തുകളായ സദാചാരഭ്രംശങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവ ഈ നോവലിൽ ദൃശ്യവത്കരിക്കുന്നുണ്ട്. മരണവും ലൈംഗികതയും പരസ്പരം വേർപെടുത്താനാവാത്ത വിധം ഇതിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നു. ഈ നോവലിൽ രാഷ്ട്രീയമുണ്ട്, തത്വചിന്തയുണ്ട്, മനശ്ശാസ്ത്രവും സാമൂഹിക ശാസ്ത്രവുമുണ്ട്. നമ്മുടെ കേവലസങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്‍തമായി മനുഷ്യരക്തത്തെ ഭീതിദമായ ഒരു പുനരുത്ഥാനശക്തിയായി വ്യാഖാനിക്കുന്ന വിസ്മയകരമായ ഒരാഖ്യാന തന്ത്രവും ഇതിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. “ഡ്രാക്കുള’യെ അതിനു മുൻപും പിൻപുമുള്ള മറ്റെല്ലാ ഹൊറർ നോവലുകളിൽനിന്നും വ്യത്യസ്തമാക്കുന്നതും ഈ ഘടകങ്ങൾ തന്നെയാണ്. ആഖ്യാനത്തിലെ പുതുമയും (കഥാപാത്രങ്ങളുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്) ചരിത്രവും മിത്തും തമ്മിലുള്ള അതിർവരമ്പുകളെ വിദഗ്ദ്ധമായി മായ്ക്കുന്ന രചനാതന്ത്രവും കഥാപാത്ര സൃഷ്ടിയിലെ സൂക്ഷ്മതയും “ഡ്രാക്കുള’യുടെ വായനയെ അവിസ്മരണീയമായൊരു അനുഭവമാക്കി മാറ്റുന്നു.

മലയാളമുൾപ്പെടെ ലോകത്തിലെ ചെറുതും വലുതുമായ മിക്കവാറും എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട അപൂർവം ചില നോവലുകളിലൊന്നാണ് “ഡ്രാക്കുള’. ലോകമെമ്പാടും നൂറുകണക്കിന് ചലച്ചിത്രങ്ങളും നാടകങ്ങളും ടെലിവിഷൻ പരമ്പരകളും ഈ നോവലിനെ അധികരിച്ചുകൊണ്ട് നിർമിക്കപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരിൽ ഭീതിയുടെ അതുവരെ കാണാത്ത ദൃശ്യവിസ്മയങ്ങൾ തീർത്തുകൊണ്ടാണ് അരങ്ങിലും സ്ക്രീനിലുമായി അവ ആടിത്തിമിർത്തത്.

“ഡ്രാക്കുള’ അക്ഷരലോകത്ത് അവതരിച്ചിട്ട് നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു. എങ്കിലും ഇപ്പോഴും ഈ പുസ്തകം കൈയിലെടുക്കുമ്പോൾ വായനക്കാരുടെ ഉള്ള് ഒന്ന് കിടുങ്ങുമെന്നത് യാഥാർഥ്യമാണ്. കോടമഞ്ഞു പുതച്ച ഡ്രാക്കുളക്കോട്ടയിലെ തണുത്തുറഞ്ഞ ശവപ്പെട്ടിയിൽനിന്നും ഓരോ രാത്രിയിലും പാതിരാക്കാറ്റിന്റെ സീൽക്കാരമുയരുമ്പോൾ ഭീതിയുടെ ഈ തമ്പുരാൻ ഉയർത്തെഴുന്നേൽക്കുന്നു. രക്തമിറ്റുന്ന ദംഷ്ട്രകളുമായി ചെന്നായ്ക്കളുടെയും കടവാതിലുകളുടെയും അകമ്പടിയോടെ അവൻ വായനക്കാരുടെ മനസ്സിലേക്ക് കടന്നുവരുന്നു; അവരുടെയുള്ളിൽ ഭീതിയുടേയും ജിജ്ഞാസയുടെയും പെരുമ്പറ മുഴക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട്…

Latest