Connect with us

Kerala

സ്വപ്‌ന സുരേഷിന്റെ ആരോപണം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനൊരുങ്ങി തളിപ്പറമ്പ് പോലീസ്

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ 30 കോടി വാഗ്ദാനം ചെയ്ത് എം വി ഗോവിന്ദന്റെ ദൂതന്‍ എന്ന രീതിയില്‍ വിജേഷ് പിള്ള തന്നെ സമീപിച്ചുവെന്നാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്.

Published

|

Last Updated

തളിപ്പറമ്പ് | സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരനായ കെ സന്തോഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ 30 കോടി വാഗ്ദാനം ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ദൂതന്‍ എന്ന രീതിയില്‍ വിജേഷ് പിള്ള തന്നെ സമീപിച്ചുവെന്നാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്.

എം വി ഗോവിന്ദനെതിരെ സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു സന്തോഷിന്റെ പരാതി. തുടര്‍ന്ന് കലാപമുണ്ടാക്കല്‍, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് തളിപ്പറമ്പ് പോലീസ് സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കേസെടുത്തത്.

പരാതിക്കാരനായ സന്തോഷിനോട് മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയെടുത്തതിനു ശേഷം മാത്രമേ പോലീസ് തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളൂ. നിലവില്‍ തളിപ്പറമ്പ് പോലീസ് അന്വേഷിക്കുന്ന കേസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറണോ എന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചന.

അതേസമയം, കേസെടുത്ത കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പോലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ വിവരം അറിയിച്ചിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷ് പറയുന്നത്.

 

 

Latest