National
വിരമിച്ചിട്ടും ഔദ്യോഗിക വസതി വിടുന്നില്ല; മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഉടൻ മാറ്റണമെന്ന് സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് അടക്കം നിലവിലുള്ള 33 ജഡ്ജിമാരിൽ നാല് പേർക്ക് നിലവിൽ താമസ സൗകര്യമില്ല

ന്യൂഡൽഹി | വിരമിച്ചിട്ടും ഔദ്യോഗിക വസതിയിൽ താമസിക്കുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ഉടൻ അവിടെ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി. ചന്ദ്രചൂഡിനെ ഉടൻ മാറ്റി ആ വീട് കോടതിയുടെ ഹൗസിംഗ് പൂളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ കേന്ദ്ര സർക്കാറിന് കത്ത് നൽകി.
സുപ്രീം കോടതിയിൽ നിലവിലുളള ജഡ്ജിമാർക്ക് മതിയായ താമസസൗകര്യം ഇല്ലാത്തതിനാലാണ് നടപടി. ചീഫ് ജസ്റ്റിസ് അടക്കം നിലവിലുള്ള 33 ജഡ്ജിമാരിൽ നാല് പേർക്ക് നിലവിൽ താമസ സൗകര്യമില്ല. ഇവരിൽ ഒരാൾ നിലവിൽ സർക്കാർ ഗസ്റ്റ് ഹൗസിലും മൂന്ന് പേർ കോടതിയുടെ ട്രാൻസിറ്റ് അപ്പാർട്മെന്റുകളിലുമാണ് താമസം. ഇതോടെയാണ് കൃഷ്ണ മേനോൻ മാർഗ് ബംഗ്ലാവിൽ നിന്ന് ചന്ദ്രചൂഢിനെ മാറ്റണമെന്ന ആവശ്യം ഉയർന്നത്.
2024 നവംബർ പത്തിനാണ് ഡി വൈ ചന്ദ്രചൂഡ്വിരമിച്ചത്. വിരമിച്ച ശേഷവും ചീഫ് ജസ്റ്റിസുമാർക്ക് ആറ് മാസക്കാലം ഔദ്യോഗിക വസതിയിയിൽ താമസിക്കാമെന്ന് നിയമമുണ്ട്. എന്നാൽ ചന്ദ്രചൂഡ് ഔദ്യോഗിക വസതിയിൽ ഇപ്പോൾ എട്ട് മാസത്തോളം താമസിച്ചുവരികയാണ്. തനിക്ക് ശേഷം വന്ന ചീഫ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജയ് ഖന്ന എന്നിവർ നിലവിലുള്ള വസതിയിൽ തന്നെ തുടരാൻ തീരുമാനിച്ചത് മൂലമാണ് ചന്ദ്രചൂഡിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വരാതിരുന്നത്.