Connect with us

editorial

ആശങ്ക ഉയര്‍ത്തി സ്‌ട്രോംഗ് റൂം വിവാദങ്ങള്‍

വോട്ടെടുപ്പിനും വോട്ടെണ്ണലിനുമിടയിലെ ഇടവേളയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ചെറിയൊരു സംശയം പോലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കും.

Published

|

Last Updated

തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് മെഷീനുകള്‍ (ഇ വി എം) സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ തുറക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്ത സംഭവങ്ങള്‍. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, കുന്ദമംഗലം, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച കോഴിക്കോട് വെള്ളിമാട്കുന്ന് ജെ ഡി ടി സ്‌കൂളിലെ സ്‌ട്രോംഗ് റൂമാണ് തിങ്കളാഴ്ച രാവിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ തുറന്നത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നത്, വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച മുറിയല്ലെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം.

എന്‍കോര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാണത്രെ റൂമില്‍ പ്രവേശിച്ചത്. നാമനിര്‍ദേശ പത്രികാസമര്‍പ്പണം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനുള്ള സോഫ്റ്റ്‌വെയറാണ് എന്‍കോര്‍. അതേസമയം ഡെപ്യൂട്ടി കലക്ടര്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്. വോട്ടെടുപ്പ് ദിവസത്തെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കാനാണ് മുറി തുറന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഈ വിശദീകരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംതൃപ്തരല്ല. തിരഞ്ഞെടുപ്പ് പ്രക്രിയക്കിടെ സംഭവിച്ച ഈ ഗുരുതര വീഴ്ചക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കത്ത് നല്‍കിയിരിക്കുകയാണ് ആറ് നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍. മലപ്പുറത്തും പാലക്കാട്ടും സ്‌ട്രോംഗ് റൂമുകള്‍ തുറക്കാനുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ ശ്രമം രാഷ്ട്രീയ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയാണുണ്ടായത്.

ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുകളുടെ ഓരോ ഘട്ടത്തിലും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കേണ്ടതുണ്ട്. വോട്ട് രേഖപ്പെടുത്തുന്നത് മുതല്‍ എണ്ണി ഫലപ്രഖ്യാപനം നടത്തുന്നത് വരെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടവും സംശയരഹിതമായിരിക്കണം. ജനവിധി രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നതോടെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണായക ഘട്ടം ആരംഭിക്കുകയായി. സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്യുന്ന സ്‌ട്രോംഗ് റൂമുകള്‍ പിന്നീട് വോട്ടെണ്ണല്‍ ദിവസത്തില്‍ മാത്രമേ തുറക്കാവൂ എന്നാണ് ചട്ടം.

കടുത്ത സുരക്ഷാസംവിധാനങ്ങളാണ് ചട്ടപ്രകാരം സ്‌ട്രോംഗ് റൂമുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത്. വോട്ടിംഗ് മെഷീനുകളിലും സ്‌ട്രോംഗ് റൂമിനും പ്രത്യേക സീലുകളാല്‍ മുദ്രവെക്കപ്പെടണം. ഡബിള്‍ ലോക്ക് സംവിധാനമുള്ളതായിരിക്കും സ്‌ട്രോംഗ് റൂമുകള്‍. ഒന്നിന്റെ ചാവി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മറ്റൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കൈവശം വെക്കും. 24 മണിക്കൂറും കേന്ദ്ര സേനയുടെയും സംസ്ഥാന പോലീസിന്റെയും കാവലുണ്ടായിരിക്കും. സ്‌ട്രോംഗ് റൂമുകളുടെ പ്രവേശനകവാടവും പരിസരവും സി സി ടി വി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.

രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാർക്ക് സ്‌ട്രോംഗ് റൂമിന് പുറത്ത് കാവല്‍ നില്‍ക്കാന്‍ അനുവാദം നല്‍കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കണം വോട്ടെണ്ണല്‍ ദിവസം സ്‌ട്രോംഗ് റൂം തുറക്കേണ്ടത്. വോട്ടിംഗ് മെഷീനുകളില്‍ പതിച്ച മുദ്രകള്‍ക്ക് എന്തെങ്കിലും ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ മെഷീന്‍ പുറത്തെടുക്കുകയുള്ളൂ. ഇത്രയും ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും ഇടക്ക് പലപ്പോഴും വിവാദങ്ങള്‍ ഉയരുന്നത് ഈ സംവിധാനങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വോട്ടെടുപ്പിനും വോട്ടെണ്ണലിനുമിടയിലെ ഇടവേളയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ചെറിയൊരു സംശയം പോലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കും. ഭരണപരമോ സാങ്കേതികമോ ആയ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത് രാഷ്ട്രീയ കക്ഷികളില്‍ ആശങ്ക സൃഷ്ടിക്കുക സ്വാഭാവികം. വോട്ടിംഗ് മെഷീന്‍ സംബന്ധിച്ചുതന്നെ സംശയം നിലനില്‍ക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.

തീര്‍ത്തും സുരക്ഷിതവും കൃത്രിമത്വത്തിന് യാതൊരു സാധ്യതയില്ലാത്തതുമാണ് രാജ്യത്ത് ഉപയോഗിച്ചു വരുന്ന മെഷീനുകളെന്ന് തിര. കമ്മീഷന്‍ ആവര്‍ത്തിച്ച് ആണയിടുന്നുണ്ടെങ്കിലും ജനങ്ങളുടെ സംശയങ്ങള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. വി വി പാറ്റ് എണ്ണങ്ങളെ സംബന്ധിച്ചും എസ് ഐ ആറിലെ നടപടി ക്രമങ്ങളെക്കുറിച്ചും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. അതിനിടെ സംശയാസ്പദമായ രീതിയിലുള്ള ഉദ്യോഗസ്ഥരുടെ സ്‌ട്രോംഗ് റൂം തുറക്കല്‍ ജനങ്ങളുടെ സന്ദേഹം വര്‍ധിപ്പിക്കും.

പുതിയ വിവാദങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ വോട്ടെണ്ണല്‍ ദിവസമായ മേയ് നാലിന് മുമ്പായി ഒരു കാരണവശാലും സ്‌ട്രോംഗ് റൂമുകള്‍ തുറക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. സീല്‍ ചെയ്ത റൂം മാത്രമല്ല, തിരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറികളും തുറക്കരുതെന്നും ജില്ലാ പോളിംഗ് ഓഫീസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ച ഉത്തരവില്‍ പറയുന്നുണ്ട്. ഇതാശ്വാസകരമാണ്. എങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്.

സുതാര്യതയാണ് ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ജീവവായു. അത് സംരക്ഷിക്കാന്‍ കമ്മീഷന്‍ സജീവ ജാഗ്രത പുലര്‍ത്തണം. ഒപ്പം രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും. തീര്‍ത്തും സംശയരഹിതമാകട്ടെ മേയ് നാലിന് പുറത്തുവരുന്ന ജനവിധി.

Latest