Malappuram
സമസ്ത സെന്റിനറി - ഇസ്സാ കോഡ് ജില്ലാ റാലി: 'കാരവൻ ഓഫ് ലെഗസി' വിളംബര സഞ്ചാരത്തിന് നാളെ തുടക്കം
കൊളത്തൂർ, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, പുളിക്കൽ, എടവണ്ണപ്പാറ, അരീക്കോട്, നിലമ്പൂർ, എടക്കര, വണ്ടൂർ, മഞ്ചേരി ഈസ്റ്റ്, മഞ്ചേരി വെസ്റ്റ് എന്നീ 12 ഡിവിഷൻ കേന്ദ്രങ്ങളിൽ കാരവൻ ഓഫ് ലെഗസി (Caravan of Legacy) നടക്കും.
മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ്എസ്എഫ് (SSF) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര സഞ്ചാരം, ‘കാരവൻ ഓഫ് ലെഗസി’ നാളെയും മറ്റന്നാളും (സെപ്റ്റംബർ 26, 27) വിവിധ ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കും. ഒക്ടോബർ നാലിന് നിലമ്പൂരിൽ ‘ആശയ സഞ്ചാരം’ എന്ന പേരിൽ നടക്കുന്ന ഇസ്സ കോഡ് സന്നദ്ധ സംഘം അംഗങ്ങളുടെ ജില്ലാ റാലിയുടെ പ്രചാരണാർത്ഥമാണ് കാരവൻ ഓഫ് ലഗസി സംഘടിപ്പിക്കുന്നത്.
കൊളത്തൂർ, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, പുളിക്കൽ, എടവണ്ണപ്പാറ, അരീക്കോട്, നിലമ്പൂർ, എടക്കര, വണ്ടൂർ, മഞ്ചേരി ഈസ്റ്റ്, മഞ്ചേരി വെസ്റ്റ് എന്നീ 12 ഡിവിഷൻ കേന്ദ്രങ്ങളിൽ കാരവൻ ഓഫ് ലെഗസി (Caravan of Legacy) നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് സമസ്ത സ്ഥാപക നേതാക്കളിൽ പ്രധാനിയായ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാരുടെ ഖബർ സിയാറത്തോടെ ആരംഭിക്കുന്ന വിളംബര സഞ്ചാരം സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ ഫ്ലാഗ് ഓഫ് ചെയ്യും. 33 സ്ഥിരാംഗങ്ങൾ അടങ്ങിയ വിളംബര സഞ്ചാരത്തിന് വിവിധയിടങ്ങളിൽ സ്വീകരണം നൽകും. ഇവിടെ പ്രകടനം, ആശയപ്രഭാഷണം തുടങ്ങിയവ നടക്കും.
മരക്കാരുട്ടി മുസ്‌ലിയാർ, കണ്ണിയ്യത്ത് അഹ്മദ് കുട്ടി മുസ്ലിയാർ, തരുവണ ഉസ്താദ്, നെല്ലിക്കുത്ത് ഇസ്മായിൽ മുസ്ലിയാർ തുടങ്ങി സമസ്തയുടെ നേതൃസ്ഥാനങ്ങളിൽ പ്രധാനികളായിരുന്ന മഹത്തുക്കളുടെ ഖബർ സിയാറത്തും കാരവൻ ഓഫ് ലെഗസിയുടെ ഭാഗമായി നടക്കും. മുഴുവൻ കേന്ദ്രങ്ങളിലും അതാത് ഘടകങ്ങളിലെ സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ യാത്രയെ അഭിവാദ്യം ചെയ്യും.
‘ആശയ സഞ്ചാരം’ എന്ന പേരിൽ ഒക്ടോബർ നാലിന് നടക്കുന്ന ഇസ്സ കോഡ് ജില്ലാ റാലിയിൽ ജില്ലയിലെ 87 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങൾ അണിനിരക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന സമസ്തയുടെ സെന്റിനറി സമ്മേളനം ഉയർത്തുന്ന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയുമാണ് ജില്ലാ റാലിയുടെ ലക്ഷ്യം.
Content Highlights:
SSF Malappuram East conducts ‘Caravan of Legacy’ on Sep 26, 27 across 12 divisions for Samastha Centenary celebrations. Flaggoff by Alavi Saqafi Kolathur after Pangil Musliyar Ziyarat. Promotes Oct 4 Issa Squad rally in Nilambur.





