special parliament session
പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം ആരംഭിച്ചു; ജി20യുടെ വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്ന് മോദി
ലോക്‌സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം ബഹളം വെക്കുകയും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
ന്യൂഡല്‍ഹി | പാര്‍ലിമെന്റിന്റെ അമൃത്കാല്‍ സമ്മേളനം ആരംഭിച്ചു. ഇന്ത്യയുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ പരിണാമം അടക്കം ചര്‍ച്ചയാകുന്ന പ്രത്യേക സമ്മേളനം അഞ്ച് ദിവസം നീളും. ലോക്‌സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം ബഹളം വെക്കുകയും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ദേശീയ ഗാനം രണ്ട് തവണ വെച്ചത് അംഗങ്ങള്‍ ചോദ്യം ചെയ്തു.
സ്പീക്കര്‍ ഓം ബിര്‍ള നടപടിക്രമങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പാര്‍ലിമെന്റിലേക്ക് ആദ്യമായി കടന്നുവന്നത് മുതലുള്ള ഓര്‍മകള്‍ മോദി പങ്കുവെച്ചു. ചാന്ദ്രയാന്റെ വിജയം ഇന്ത്യയുടെ ശേഷി ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തു. ജി20 ഉച്ചകോടിയുടെ വിജയം ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ അല്ല, 140 കോടി ഇന്ത്യക്കാരുടെതാണ്. ഈ രാജ്യം ഇത്രയധികം ആദരവും ശ്രദ്ധയും തനിക്ക് നല്‍കുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ലെന്നും മോദി പറഞ്ഞു.
സെന്‍ട്രല്‍ ഹാളില്‍ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍ ഒരുമിച്ചിരുന്ന് പാർലിമെൻ്റിൻ്റെ ജൈത്രയാത്ര സംബന്ധിച്ച് ചർച്ച ചെയ്യും. എട്ട് ബില്ലുകളാണ് പ്രത്യേക സമ്മേളനത്തിൽ ലിസ്റ്റ് ചെയ്തത്. ഗണേശ ചതുര്‍ഥി ദിനമായ നാളെ പുതിയ പാര്‍ലിമെന്റ് മന്ദിരത്തിലാണ് സമ്മേളനം. ചെറു പൂജയോടെയായിരിക്കും പുതിയ മന്ദിരത്തില്‍ സമ്മേളനത്തിന് തുടക്കമാകുക.