Connect with us

From the print

അവശ്യസാധനങ്ങൾ ഓർഡർ ചെയ്യാം; ട്രെയിനിലും ക്വിക്ക് കൊമേഴ്‌സ് സൗകര്യം വരുന്നു

സംസ്ഥാനത്തെ 21 സ്റ്റേഷനുകൾ പട്ടികയിൽ

Published

|

Last Updated

പാലക്കാട് | യാത്രക്കിടെ മൊബൈൽ ചാർജറോ ഹെഡ്‌ ഫോണോ ടൂത്ത് ബ്രഷോ മരുന്നുകളോ ആവശ്യമായി വന്നാൽ ഇനി അലയേണ്ടിവരില്ല. ട്രെയിനിൽ യാത്ര ചെയ്യുമ്പോഴും റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷവും നിത്യോപയോഗ സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്ത് കൈപ്പറ്റാനുള്ള സൗകര്യമൊരുക്കാൻ ദക്ഷിണ റെയിൽവേ ആലോചിക്കുന്നു. സംസ്ഥാനത്തെ 21 റെയിൽവേ സ്റ്റേഷനുകളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് നീക്കം. ഭക്ഷണവിതരണത്തിന് പുറമേ, യാത്രക്കാർക്ക് ആവശ്യമായ മറ്റ് ഉത്പന്നങ്ങളും ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവിൽ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിന് സമാനമായി, മറന്നുപോയതോ അപ്രതീക്ഷിതമായി ആവശ്യമായി വരുന്നതോ ആയ സാധനങ്ങൾ ലഭ്യമാക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്‍ഷൻ, ചെങ്ങന്നൂർ, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ, ആലുവ, തൃശൂർ എന്നീ പത്ത് സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്. പാലക്കാട് ഡിവിഷന് കീഴിൽ കോഴിക്കോട്, പാലക്കാട് ജംഗ്ഷൻ, കണ്ണൂർ, ഷൊർണൂർ, കാസർകോട്, തലശ്ശേരി, തിരൂർ, വടകര, പയ്യന്നൂർ, കൊയിലാണ്ടി, ഒറ്റപ്പാലം എന്നീ 11 സ്റ്റേഷനുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കിയോസ്‌കുകൾ
പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റുമായി ചേർന്നാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക കിയോസ്‌കുകൾ സജ്ജീകരിക്കാനും ഓൺലൈനായി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ യാത്രക്കാർക്ക് ട്രെയിനിലെത്തിച്ച് നൽകാനും പദ്ധതിയുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. സ്റ്റേഷനിൽ ഇറങ്ങിയശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്ത് ലക്ഷ്യസ്ഥാനത്തെ സ്റ്റേഷനിലെ വിതരണകേന്ദ്രത്തിൽനിന്ന് കൈപ്പറ്റാനാകും.
ട്രെയിനുകളിലെ ക്വിക്ക് കൊമേഴ്സിനായി രൂപവത്കരിച്ചിട്ടുള്ള റെയില്‍ക്വിക്ക് പ്ലാറ്റ്ഫോം വഴി 10 ഡിജിറ്റ് പി എന്‍ ആര്‍ നമ്പറോ ട്രെയിൻ നമ്പറോ നൽകി തങ്ങളുടെ കോച്ചും സീറ്റും കൃത്യമായി ട്രാക്ക് ചെയ്ത് ഓർഡറുകൾ നൽകാം. ദീർഘദൂര യാത്രക്കാർക്കും കണക്‌‍ഷൻ ട്രെയിനുകൾക്കായി സ്റ്റേഷനുകളിൽ കാത്തിരിക്കുന്നവർക്കും അടിയന്തരമായി അവശ്യസാധനങ്ങൾ വേണ്ടിവരുന്നവർക്കും സൗകര്യം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

#IndianRailways #SouthernRailway #QuickCommerce #Blinkit #RailQuick #KeralaNews #TravelConvenience #Palakkad #Trivandrum #SirajLive

Content Highlights: Southern Railway plans to launch quick commerce delivery services across 21 stations in Kerala. Passengers can order daily essentials like chargers and medicine directly to their coach or pick them up at station kiosks using Blinkit and RailQuick. The facility will cover major railway stations.

---- facebook comment plugin here -----

Latest