Kerala
സിദ്ധാര്‍ഥന്റെ മരണം: ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള നീക്കം മരവിപ്പിച്ച് ഗവര്‍ണര്‍
സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് മരവിപ്പിച്ചത്.
		
      																					
              
              
            തിരുവനന്തപുരം | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ നടപടിക്ക് വിധേയരായ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്ത് ഗവര്‍ണര്‍. സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനത്തിനാണ് ഗവര്‍ണര്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
മുന്‍ ഡീന്‍ എം കെ നാരായണനും മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥനും വീഴ്ച പറ്റിയെന്ന, ചാന്‍സിലര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍ മറികടന്നായിരുന്നു ഇരുവരെയും തിരിച്ചെടുക്കാനുള്ള മാനേജിങ് കൗണ്‍സില്‍ തീരുമാനം. നാരായണനെയും കാന്തനാഥനെയും തിരിച്ചെടുത്ത് കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ നിയമിക്കാനായിരുന്നു നീക്കം. ഇതുസംബന്ധിച്ച കൗണ്‍സില്‍ ഭരണസമിതി യോഗത്തിന്റെ മിനുട്‌സ് ഗവര്‍ണര്‍ മരവിപ്പിച്ചു.
ഇരുവരെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ (മാനേജിങ് കൗണ്‍സില്‍) നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
