Uae
ഹത്ത വികസനത്തിന് കുതിപ്പേകി വിവിധ പദ്ധതികൾ
1.4 ബില്യൺ ദിർഹത്തിന്റെ ജലവൈദ്യുത നിലയം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു
ദുബൈ| വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി ഹത്തയിൽ നടപ്പാക്കുന്ന വൻകിട വികസന പദ്ധതികൾ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വിലയിരുത്തി. ഹത്ത സന്ദർശന വേളയിൽ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) 1.4 ബില്യൺ ദിർഹം ചെലവിൽ നിർമിച്ച പമ്പ്ഡ്-സ്റ്റോറേജ് ജലവൈദ്യുത നിലയം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജി സി സി മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. 2040-ഓടെ ഏകദേശം 1.2 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്ന ഹത്ത മാസ്റ്റർ ഡെവലപ്മെന്റ് പ്ലാൻ 2040 പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു.
ടൂറിസം, ഗതാഗതം, ഭവനനിർമാണം, ശുദ്ധോർജം, പൈതൃക സംരക്ഷണം എന്നീ മേഖലകളിലായി 2021-ൽ ആരംഭിച്ച പദ്ധതികളുടെ പുരോഗതി ശൈഖ് മുഹമ്മദ് പരിശോധിച്ചു. സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ ജനങ്ങളിലും അവരുടെ കഴിവുകളിലും നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹത്തയിലെ താമസക്കാരുമായും വ്യാപാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പുതിയ വിനോദസഞ്ചാര, ഗതാഗത പദ്ധതികൾ
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) ഡയറക്ടർ ജനറൽ മത്താർ അൽ തായർ വിവിധ പദ്ധതികൾ വിശദീകരിച്ചു. ഹത്ത ബീച്ച്, ഹത്ത ഹെറിറ്റേജ് വില്ലേജിന് സമീപമുള്ള ഹത്ത ഡിസ്ട്രിക്റ്റ് വാണിജ്യ കേന്ദ്രം, വാദി ഹബ്ബിന് സമീപം പുതിയ ഹോട്ടലും റിസോർട്ടും, 13 വാണിജ്യ യൂണിറ്റുകളുള്ള ഹത്ത സർവീസ് സെന്റർ, ഹത്ത സ്പോർട്സ് ക്ലബ്ബ് നവീകരണം, ഉമ്മുൽ നുസൂറിൽ 12.5 കിലോമീറ്റർ പർവത ട്രെക്കിംഗ് പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. നൂറോളം പേർക്ക് ഇരിക്കാവുന്ന ഹത്ത മജ്ലിസും അദ്ദേഹം സന്ദർശിച്ചു.
യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ആറ് മൊബിലിറ്റി ഹബ്ബുകൾ, റോഡ് വികസനം, 17 കിലോമീറ്ററിലധികം സൈക്ലിംഗ് ട്രാക്കുകൾ, 660-ലധികം പുതിയ പാർക്കിംഗ് ഇടങ്ങൾ എന്നിവ ആർ ടി എ ഒരുക്കുന്നുണ്ട്. ദുബൈ മാളിനും ഹത്തയ്ക്കും ഇടയിലുള്ള ഹത്ത എക്സ്പ്രസ് ബസ് സർവീസ് ദിവസവും രണ്ടായിരത്തോളം സന്ദർശകർക്ക് പ്രയോജനപ്പെടുന്നുണ്ട്.
1.4 ബില്യൺ ദിർഹത്തിന്റെ ശുദ്ധോർജ നിലയം
250 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയും 1,500 മെഗാവാട്ട്-അവർ സംഭരണ ശേഷിയുമുള്ള ജലവൈദ്യുത നിലയത്തിന് 80 വർഷത്തെ പ്രവർത്തന കാലാവധിയാണ് പ്രതീക്ഷിക്കുന്നത്. ദീവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അൽ തായർ നിലയത്തിന്റെ പ്രവർത്തനരീതി വിശദീകരിച്ചു. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സോളാർ പാർക്കിൽ നിന്നുള്ള സൗരോർജം ഉപയോഗിച്ച് ഹത്ത അണക്കെട്ടിൽ നിന്ന് മുകളിലെ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുകയും ആവശ്യാനുസരണം ടർബൈനുകൾ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ചരിത്രശേഷിപ്പുകളും ഭവന പദ്ധതികളും
ഹജർ പർവതനിരകളിലെ സുഹൈല പുരാവസ്തു കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളും ശൈഖ് മുഹമ്മദ് പരിശോധിച്ചു. പിൽക്കാല ഇസ്ലാമിക കാലഘട്ടത്തിലെ മൺപാത്രങ്ങൾ, ലോഹവസ്തുക്കൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ 400-ലധികം പുരാവസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
സ്വദേശി കുടുംബങ്ങൾക്കായി 500 മില്യൺ ദിർഹം ചെലവിൽ 213 വില്ലകളുമായി നിർമിക്കുന്ന മക്കാൻ 2 ഭവന പദ്ധതിയും അദ്ദേഹം സന്ദർശിച്ചു. ഈ വർഷം ഡിസംബർ അവസാനത്തോടെ വീടുകൾ കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം നിർദേശിച്ചു. മൂന്ന് വർഷം മുമ്പ് പൂർത്തിയായ 600 മില്യൺ ദിർഹത്തിന്റെ മക്കാൻ 1 പദ്ധതിയിലെ 344 വില്ലകളും അദ്ദേഹം പരിശോധിച്ചു.
Content Highlights: Sheikh Mohammed bin Rashid inaugurated the GCC’s first pumped-storage hydroelectric plant in Hatta, built by DEWA for AED 1.4 billion, and reviewed Hatta Master Development Plan 2040 projects. Initiatives span tourism, RTA transport, clean energy, heritage relics, and the AED 500 million Makan 2 housing project.



