Connect with us

Kerala

മക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം: പിതാവിന് 133 വര്‍ഷം കഠിനതടവും 8.85 ലക്ഷം രൂപ പിഴയും

മഞ്ചേരി സ്വദേശിയായ 42കാരനെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

മഞ്ചേരി | പതിമൂന്നുകാരിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നും 11 കാരിയായ മകള്‍ക്ക് മാനഹാനി വരുത്തിയെന്നുമുള്ള കേസില്‍ പ്രതിയായ പിതാവിനെ മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി 133 വര്‍ഷം കഠിന തടവിനും 8.85 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്.

2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൂത്ത മകളെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് എടവണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ്. ഈ കേസില്‍ ബലാത്സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പ്, പോക്സോ ആക്ട് അഞ്ച് (എല്‍), അഞ്ച് (എന്‍), ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ആദ്യ മൂന്ന് വകുപ്പുകളിലും 40 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ജെ ജെ ആക്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം.

പതിനൊന്നുകാരിയായ മകള്‍ക്ക് മാനഹാനി വരുത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ 10 വര്‍ഷം കഠിന തടവും 1,85,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് മാനഹാനി വരുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (രണ്ട്) പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ്, 354 എ (മൂന്ന്) പ്രകാരം ഒരു വര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവ്, പോക്സോ ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം അധിക തടവ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. റിമാന്‍ഡില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവ് നല്‍കാനും കോടതി വിധിച്ചു.

എടവണ്ണ പോലീസ് ഇന്‍സ്പെക്ടറായിരുന്ന അബ്ദുല്‍ മജീദ് ആണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.

ഭീഷണിപ്പെടുത്തിയാണ് കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രതി മകളെ ബലാത്സംഗം ചെയ്തത്. പുറത്തു പറഞ്ഞാല്‍ രണ്ടാമത്തെ മകളെയും പീഡനത്തിനിരയാക്കുമെന്നായിരുന്നു ഭീഷണി. ഇതുകാരണം കുട്ടി പീഡന വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍, പിന്നീട് രണ്ടാമത്തെ കുട്ടിക്കു നേരെയും പീഡനശ്രമം നടക്കുകയും ഇക്കാര്യം കുട്ടി മാതാവിനോട് പറയുകയുമായിരുന്നു. മാതാവ് ഇക്കാര്യം തൊട്ടടുത്ത അങ്കണ്‍വാടി അധ്യാപികയെ അറിയിച്ചു. ഇവര്‍ മുഖാന്തിരം പഞ്ചായത്ത് മെമ്പറെയും വിവരമറിയിച്ചു. തുടര്‍ന്ന് കാരക്കുന്ന് ഐ സി ഡി എസ് ഓഫീസര്‍ വഴി ചൈല്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമെത്തിയതോടെയാണ് സംഭവം പുറത്തായത്.

 

Latest