Connect with us

bank scam

ബേങ്ക് തട്ടിപ്പില്‍ സീതത്തോട് സര്‍വീസ് സഹകരണ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

2013 മുതല്‍ 18 വരെയുള്ള കാലയളവില്‍ ബാങ്കില്‍ 1.63 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു

Published

|

Last Updated

പത്തനംതിട്ട |  സീതത്തോട് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടറി കെ യു ജോസിനെ സസ്പെന്‍ഡ് ചെയ്തു. 2013 മുതല്‍ 18 വരെയുള്ള കാലയളവില്‍ ബാങ്കില്‍ 1.63 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. 65ാം നമ്പര്‍ വകുപ്പു തല എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബേങ്ക് പ്രസിഡന്റ് പി എ നിവാസ് ആണ് സെക്രട്ടറി കെ യു ജോസിനെ സസ്പെന്‍ഡ് ചെയ്തത്.

തട്ടിപ്പ് നടന്ന കാലയളവില്‍ താന്‍ സെക്രട്ടറിയല്ലെന്ന് സസ്പെന്‍ഷനിലായ കെ യു ജോസ് വ്യക്്തമാക്കി. ഇപ്പോഴത്തെ സി പി എം ഏരിയാ കമ്മറ്റിയംഗവും സീതത്തോട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവുമായ പി ആര്‍ പ്രമോദിന്റെ പിതാവ് പി എന്‍ രവീന്ദ്രന്‍ ആയിരുന്നു അന്ന് ബേങ്ക് പ്രസിഡന്റ്. സെക്രട്ടറി സുഭാഷ് എന്നയാളായിരുന്നു. കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഈ കാലയളവില്‍ ബേങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുകയുമായിരുന്നു. 2019 ജൂണില്‍ സെക്രട്ടറി സുഭാഷ് വിരമിച്ച ഒഴിവിലാണ് കെ യു ജോസ് സെക്രട്ടറിയായത്. തന്റെ ഭരണ കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതു വരെ പുറത്തു വന്നിട്ടില്ലെന്നും ക്രമക്കേട് ഒന്നും ഉണ്ടായിട്ടില്ലെന്നും ജോസ് പറയുന്നു.

ക്രമക്കേട് നടന്ന കാലയളവില്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന സുഭാഷിനും രവീന്ദ്രനുമാണ് എല്ലാ ഉത്തരവാദിത്തവും. അവര്‍ക്കൊപ്പം ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഈ തട്ടിപ്പില്‍ പങ്കുണ്ട്. എല്ലാം തന്റെ പേരിലാക്കി ബാക്കിയുള്ളവര്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍. വകുപ്പു തല അന്വേഷണത്തില്‍ തന്റെ ഭാഗം വിശദീകരിക്കും. പോലീസ് കേസെടുത്തതായി അറിവില്ലെന്നും ജോസ് പറയുന്നു. ജോസ് അസിസ്റ്റന്റ് സെക്രട്ടറി, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. സി പി എമ്മിന്റെ മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്നു.

ആറു കോടിയോളം രൂപയുടെ ക്രമക്കേടാണ് ബേങ്കില്‍ നടന്നിരിക്കുന്നത്. സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അവസാനത്തെ രണ്ടു സാമ്പത്തിക വര്‍ഷം ഓഡിറ്റിങ് നടന്നിട്ടില്ല. ഏറ്റവും ഒടുവിലായി പുറത്തു വന്ന 2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടം 2,16,52,409.33 രൂപയാണ്. കെ യു ജനീഷ് കുമാര്‍ എം എല്‍ എ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവരുടെ തട്ടകമായ ഈ സഹകരണ ബാങ്കില്‍ നടന്ന തിരിമറിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ബേങ്ക് സെക്രട്ടറിയുടെ തലയില്‍ കെട്ടി വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അവസാനമായി ഓഡിറ്റ് നടന്ന വര്‍ഷത്തെ മാത്രം കണക്കാണ് 2.16 കോടിയെന്നത്. 2019-20, 2021 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇനി പുറത്തു വരാനുണ്ട്. അതു കൂടിയാകുന്നതോടെ ബേങ്കിന്റെ തകര്‍ച്ച പൂര്‍ണമാകും.

ആകെ 20 കോടിക്ക് അടുത്തു നിക്ഷേപമുളള ബേങ്കാണ് ഇത്രയും വലിയ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ നിലനില്‍പ് തന്നെ ഭീഷണിയിലാണ്. ചട്ടവിരുദ്ധമായി തസ്തിക സൃഷ്ടിച്ചതിലൂടെയും ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിലൂടെയും കൂടുതല്‍ തുക ശമ്പള ഇനത്തില്‍ നല്‍കേണ്ടി വന്നിട്ടുണ്ട്.

മറ്റു ബേങ്കുകളിലേക്ക് അടയ്ക്കാന്‍ കൊണ്ടുപോകുന്ന തുക ജീവനക്കാര്‍ തന്നെ വസൂലാക്കി പണം നഷ്ടം വന്നുവെന്ന് കാണിക്കും. ബേങ്കിലെ നിക്ഷേപകരുടെ തുക സസ്പെന്‍സ് അക്കൗണ്ടിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പതിവുമുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുയോഗം ചേര്‍ന്ന് അംഗീകരിക്കാതെ ബേങ്ക് ഭരണ സമിതിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കാതെയാണ് ഇപ്പോഴത്തെ ഭരണ സമിതി രണ്ടു വര്‍ഷമായി തുടരുന്നത്.

ജനീഷ് കുമാര്‍ എം എല്‍ എയുടെ ഭാര്യ അനുമോള്‍, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവരെ ചട്ടം മറികടന്ന് നിയമിച്ചുവെന്നതാണ് പ്രധാന ആക്ഷേപം. നിയമനം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനുമോള്‍ രാജി വച്ചിരുന്നു. ബേങ്കില്‍ നടന്ന പ്യൂണ്‍ നിയമനത്തിലെ അഴിമതി സംബന്ധിച്ച് സീതത്തോട് മാലത്തറയില്‍ ശ്യാമള ഉദയഭാനു വിജിലന്‍സിനും സഹകരണ സംഘം രജിസ്ട്രാര്‍ക്കും പരാതി നല്‍കുന്നതോടെയാണ് ഉദ്യോഗസ്ഥരും ബാങ്ക് ഭരണ സമിതിയും തമ്മിലുളള പ്രശ്നം തുടങ്ങുന്നത്.

Latest