Kerala
സീറത്തുന്നബിയ്യ്: അന്താരാഷ്ട്ര മീലാദ് സമ്മേളനം കൊല്ലത്ത്
പത്തിലധികം അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതര്‍ സംബന്ധിക്കും

കൊല്ലം | പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ 1500ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ഖാദിസിയ്യയുടെ പ്രവാചക ജീവിത ഗവേഷണ കേന്ദ്രമായ ത്വയ്ബ സെന്ററിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മിലാദ് സമ്മേളനം സംഘടിപ്പിക്കുന്നു. ദക്ഷിണ കേരളത്തിലെ പ്രഥമ അന്താരാഷ്ട്ര സമ്മേളനമാണിത്. ആഗസ്റ്റ് 30നും 31നും നടക്കുന്ന സമ്മേളനത്തില്‍ പത്തിലധികം അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതര്‍ സംബന്ധിക്കും.
പ്രാസ്ഥാനിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ജില്ലാ ക്യാബിനറ്റിന്റെയും സംഘാടക സമിതിയുടെയും സംയുക്ത യോഗം കൊല്ലം പ്രസ്സ് ക്ലബ് ഹാളില്‍ ചേര്‍ന്ന് പദ്ധതി വിശദീകരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ സെന്‍ട്രല്‍ ക്യാബിനറ്റ് ചെയര്‍മാനുമായ ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷത വഹിച്ചു. ത്വയ്ബ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കീനോട്ട് അവതരിപ്പിച്ചു. ലോഗോ ലോഞ്ച് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഡോ എന്‍ ഇല്യാസ് കുട്ടിയും ആമുഖ പ്രഭാഷണം ഷൗക്കത്ത് നഈമി അല്‍ബുഖാരിയും നിര്‍വഹിച്ചു.
മദീനത്തുല്‍ അന്‍വാര്‍ ചെയര്‍മാന്‍ സയ്യിദ് ഹസ്ബുല്ല ബാഫഖി, സയ്യിദ് ഹാഷിം തങ്ങള്‍, ഹാഷിര്‍ സഖാഫി പ്രസംഗിച്ചു.