National
ഛത്തീസ്ഗഡില്‍ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
ഈ വര്‍ഷം മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്
റായ്പുര്‍| ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുകമയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളും ബീജപ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.
ഈ വര്‍ഷം മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്. സുകമയില്‍ വധിച്ച മാവോയിസ്റ്റുകളുടെ കൂട്ടത്തില്‍ മാവോയിസ്റ്റ് നേതാവ് മാംഗ്ഡു ഉള്‍പ്പെടുന്നു.
രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.
കഴിഞ്ഞ വര്‍ഷം ചത്തീസ്ഗഡില്‍ വിവിധ ഏറ്റുമുട്ടലുകളിലായി 285 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.






