Connect with us

Editorial

സ്‌ക്രീന്‍ അടിമത്തം; ഈ നില മാറിയേ തീരൂ

സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും കുട്ടികളുടെ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ പരിഗണിച്ചുകൊണ്ടുള്ള നിയന്ത്രണമാണ് സ്‌ക്രീന്‍ ഉപയോഗത്തിലുണ്ടാകേണ്ടത്.

Published

|

Last Updated

പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികളില്‍ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. തികച്ചും സാമൂഹിക പ്രസക്തമായ ആശയമാണിത്. ആധുനിക സാങ്കേതിക വിദ്യകള്‍ എങ്ങനെയാണ് മനുഷ്യരുടെ ജീവിതത്തെ മൂല്യരഹിതമാക്കുന്നതെന്ന ഗൗരവപൂര്‍ണമായ ആലോചനയുണര്‍ത്തുന്നതാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും കുട്ടികളുടെ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ പരിഗണിച്ചുകൊണ്ടുള്ള നിയന്ത്രണമാണ് സ്‌ക്രീന്‍ ഉപയോഗത്തിലുണ്ടാകേണ്ടത്. നിയന്ത്രണം അടിച്ചേല്‍പ്പിക്കുകയല്ല മനശ്ശാസ്ത്രപരമായ സമീപനമാണ് വേണ്ടത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ആഴത്തില്‍ ചര്‍ച്ച നടത്തി വേണം ഈ നിയമനിര്‍മാണം സാധ്യമാക്കാന്‍. നിയമം നിര്‍മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ കെ വി മനോജ്കുമാര്‍, അംഗം ഷാജേഷ് ഭാസ്‌കര്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. വനിതാശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും ഉള്‍പ്പെടുന്നതാകണം ഉന്നതതല സമിതി. പാലക്കാട് കുമരനല്ലൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഫോണ്‍ ഉപയോഗിക്കുകയും ഫോണ്‍ തിരികെ നല്‍കാത്തതില്‍ ക്ഷുഭിതനാകുകയും പ്രിന്‍സിപ്പലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം വാര്‍ത്തയായതോടെയാണ് കമ്മീഷന്‍ ഇടപെട്ടത്.

കൊവിഡിനു ശേഷം സ്‌ക്രീന്‍ അഡിക്ഷന്‍ കുട്ടികളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യമായ നിരീക്ഷണമാണിത്. അന്ന് നാം കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചുവാങ്ങാനാകാത്ത സ്ഥിതിയാണിന്ന്. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മൊബൈല്‍ അടിമത്തത്തിലേക്ക് കുട്ടികളെ നയിച്ചുവെന്ന നിരീക്ഷണം തള്ളിക്കളയാവതല്ല. പഠനം ഓഫ് ലൈന്‍ ആയപ്പോഴും അവര്‍ സ്‌ക്രീന്‍ അടിമത്തത്തില്‍ നിന്ന് പുറത്ത് കടന്നില്ല. ടി വിയും കമ്പ്യൂട്ടറും ടാബ്ലറ്റും സ്മാര്‍ട്ട് ഫോണും ഉള്‍പ്പെടെ സ്‌ക്രീനുള്ള എല്ലാ ഗാഡ്ജറ്റുകളോടും തോന്നുന്ന അടിമത്ത മനോഭാവത്തെ ഇന്ന് മനശ്ശാസ്ത്ര ലോകം വിളിക്കുന്ന പേരാണ് സ്‌ക്രീന്‍ അഡിക്ഷന്‍. മുതിര്‍ന്നവരിലും ഇത് സാധാരണമായിട്ടുണ്ടെങ്കിലും കുട്ടികളിലും കൗമാരക്കാരിലും ശാരീരികവും മാനസികവുമായ കൂടുതല്‍ ഗൗരവമുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. വല്ലാത്തൊരു ഉള്‍വലിയലില്‍ അകപ്പെടുന്ന കുട്ടികളുടെ എല്ലാ തരത്തിലുള്ള വികാരങ്ങളും സ്‌ക്രീനിലെ കണ്ടന്റിനെ ആശ്രയിച്ചാകുന്ന സ്ഥിതിയുണ്ടാകുന്നു. വിനോദത്തില്‍ നിന്ന് അശ്ലീലത്തിലേക്കും പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലേക്കുമെല്ലാം കുട്ടികള്‍ എത്തിച്ചേരുന്നു. ദീര്‍ഘമായ സ്‌ക്രീന്‍ ടൈം ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെയും ചെറുതായി കാണാനാകില്ല. ചാറ്റ് ജി പി ടി, ജെമിനി പോലുള്ള എ ഐ സെര്‍ച്ച് എന്‍ജിനുകള്‍ കുട്ടികളുടെ സര്‍ഗാത്മകതയെ ഗുരുതരമായി ബാധിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ദുശ്ശാഠ്യവും അക്രമാസക്തതയും അതിവൈകാരിക പ്രതികരണവുമെല്ലാം കുട്ടികളിലെ സ്‌ക്രീന്‍ അഡിക്ഷന്റെ പാര്‍ശ്വഫലങ്ങളാണ്. ആ അര്‍ഥത്തില്‍ മയക്കുമരുന്നിനോളം തന്നെ അപകടകാരിയാണ് സ്‌ക്രീന്‍ അടിമത്തം. ബാലാവകാശ കമ്മീഷന്‍ കണക്കിലെടുത്ത പാലക്കാട്ടെ സംഭവം തന്നെ ഇതിന് തെളിവാണല്ലോ.

രണ്ട് വയസ്സ് വരെ കുട്ടികള്‍ക്ക് സ്‌ക്രീന്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസ്സ് വരെ സ്‌ക്രീന്‍ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ട് വയസ്സ് വരെ പഠനത്തിനു പുറമെ സ്‌ക്രീന്‍ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണെന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കമ്മീഷന്‍ അംഗീകരിക്കുന്നു. കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണോ ടാബോ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ലെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാല്‍ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ്സ് ടീച്ചര്‍ക്ക് കൈമാറേണ്ടതും നിയന്ത്രിതമായി ഉപയോഗിക്കാവുന്നതുമാണ്. ഇന്ത്യയില്‍ ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ നിരോധിക്കാനുള്ള നിയമനിര്‍മാണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

മുതിര്‍ന്നവരിലും സ്‌ക്രീന്‍ സമയ നിയന്ത്രണം അനിവാര്യമാണ്. മനുഷ്യ പെരുമാറ്റത്തെ സമ്പൂര്‍ണമായി മാറ്റിമറിക്കാന്‍ ശേഷിയുള്ള സാങ്കേതിക സംവിധാനമായി ഈ ചെറു സ്‌ക്രീനും അതില്‍ നിറയുന്ന ആപ്പുകളും ചിത്രങ്ങളും ദൃശ്യങ്ങളും ഗെയിമുകളും മാറിക്കഴിഞ്ഞിരിക്കുന്നു. കോടികള്‍ മറിയുന്ന കൂറ്റന്‍ ബിസിനസ്സാണിത്. കേവലം വിവര കൈമാറ്റം എന്നതില്‍ നിന്ന് അവബോധ നിര്‍മിതിയിലേക്കും ശരീരത്തിന്റെ മറ്റൊരവയവം പോലെ അനിവാര്യമായ നിലയിലേക്കും അത് വളര്‍ന്ന് കഴിഞ്ഞു. ഈ നില മാറിയേ തീരൂ. നിയമനിര്‍മാണത്തിനും ഭരണകൂട ഇടപെടലിനും കാത്തിരിക്കേണ്ടതില്ല. സ്വയം നിയന്ത്രണമാണ് ഏറ്റവും ഫലപ്രദം. കുട്ടികള്‍ പാലിക്കണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്ന നിയന്ത്രണം സ്വയം പാലിച്ച് മാതൃകയാകാന്‍ സാധിക്കണം. അധ്യാപകരും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം കൈകോര്‍ത്ത് പരിഹാരം കാണേണ്ട വിഷയമാണ് അമിത സ്‌ക്രീന്‍ സമയവും അനുബന്ധ പ്രശ്നങ്ങളും. ധാര്‍മിക മൂല്യങ്ങളുള്ള, സാമൂഹിക ബോധമുള്ള, സ്‌ക്രീനില്‍ കണ്ണെടുത്ത് ചുറ്റുപാടും നോക്കുന്ന ഉണര്‍വുള്ള കുട്ടികളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ നാന്ദിയാകട്ടെ.

 

---- facebook comment plugin here -----

Latest