Kerala
കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്ന സംഭവം; ഒരാള്‍ കസ്റ്റഡിയില്‍
പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം| തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പനയങ്കോട് സ്വദേശി രാഹുൽ അജികുമാറി(18)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ഉസ്മാൻ എന്നയാൾ പിടിയിലാകാനുണ്ട്. മരണപ്പെട്ട യുവാവിനെ ആരാണ് കുത്തിയത് എന്ന് വ്യക്തമായിട്ടില്ല. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. രാഹുല്‍ അജികുമാര്‍, ശ്രീക്കുട്ടന്‍ എന്ന വ്യക്തിക്ക് തന്റെ ബൈക്ക് വില്‍പ്പന നടത്തിയിരുന്നു. 10,000 രൂപയ്ക്കാണ് വില്പന ഉറപ്പിച്ചത്. ഇതില്‍ 6000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 4000 രൂപ കിട്ടുന്നതിനായി ഇയാള്‍ ശ്രീക്കുട്ടനെ ഫോണില്‍ വിളിച്ചു. ശ്രീക്കുട്ടന്റെ സഹോദരിയാണ് ഫോണ്‍ എടുത്തത്. സഹോദരിയോട് രാഹുല്‍ അജികുമാര്‍ മോശമായി സംസാരിച്ചു. ഈ വിവരം ശ്രീക്കുട്ടന്റെ സഹോദരി രാഹുലിനോട് പറഞ്ഞു.
ഇതറിഞ്ഞ രാഹുല്‍, രാഹുല്‍ അജികുമാറുമായും സുഹൃത്ത് ഉസ്മാനുമായും സംസാരിക്കാന്‍ എത്തി. ഇതിനിടെയാണ് താക്കോല്‍ കൂട്ടം കൊണ്ട് രാഹുലിന് കുത്ത് ഏല്‍ക്കുന്നത്. കുത്തേറ്റ ഉടന്‍ രാഹുലിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താക്കോല്‍ക്കൂട്ടത്തിനിടയില്‍ പേന കത്തി ഉണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയിലാണുള്ളത്.


