suresh gopi
സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് : സുരേഷ് ഗോപിയെ ചെയര്‍മാനാക്കുന്നതിനെതിരെ വിദ്യാര്‍ഥി യൂണിയന്‍
രാഷ്ട്രീയ താല്‍പര്യങ്ങളുള്ള ആള്‍ ഉന്നത പദവിയില്‍ എത്തിയാല്‍ സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയും കലാപരമായ സ്വാതന്ത്ര്യവും തകരുമെന്ന്
ന്യൂഡല്‍ഹി | സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതിതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നു ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാവുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതും വിഭാഗീയ പ്രസ്താവനകള്‍ നടത്തുന്നതുമായ ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്‌തേക്കാമെന്ന ആശങ്കയുണ്ടെന്നു പ്രസ്താവനയില്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ഗാത്മഗതയുടേയും കലാപ്രകടനത്തിന്റേയും ആശയ കൈമാറ്റത്തിന്റേയും കേന്ദ്രമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയത്തെ സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കാന്‍ ഈ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അധ്യക്ഷനും ചെയര്‍മാനും ഉണ്ടായിരിക്കണം. സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തുമെന്ന് തങ്ങളെ ആശങ്കപ്പെടുത്തുന്നു.
കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും.
രാഷ്ട്രീയത്തില്‍ നിന്നു തന്നെ ഒതുക്കാനുള്ള ആസൂത്രിത നീക്കമാണ് അധ്യക്ഷ നിയമനം എന്നു സംശയിക്കുന്നതിനാല്‍ സുരേഷ് ഗോപി നിയമനത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേന്ദ്രമന്ത്രി പദം പോലെ ഉന്നതമായ പദവി സ്വപ്‌നം കാണുന്ന താരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നാടുകടത്താനുള്ള നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേഷ് ഗോപി അനുകൂലികള്‍ കരുതുന്നു.