Kerala
ശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്കങ്ങള്‍ ഒക്ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണം
നവംബര്‍ ഒന്നിന് റവന്യൂ, പൊതുമരാമത്ത്, ദേവസം, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി പൂര്‍ത്തിയായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം
പത്തനംതിട്ട | ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ ഒക്തോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എ നിസാമുദീന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് നടപടി. നവംബര്‍ ഒന്നിന് റവന്യൂ, പൊതുമരാമത്ത്, ദേവസം, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി പൂര്‍ത്തിയായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം. മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെയുള്ള തീര്‍ത്ഥാടന പാതയുടെ അറ്റകുറ്റപ്പണി മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കണം.
ക്രാഷ് ഗാര്‍ഡ്, റിഫ്ളക്ടര്‍, റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡ് തുടങ്ങി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം. ദേവസ്വം ബോര്‍ഡില്‍ നിന്ന് പൊതുമരാമത്തിന് കൈമാറി ലഭിച്ച ചാലക്കയം – പമ്പ റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനും വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ എന്നിവയുടെ കേബിള്‍ വര്‍ക്കുകള്‍ ഒക്ടോബര്‍ ആദ്യവാരം പൂര്‍ത്തിയാക്കുവാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
സന്നിധാനം, പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണ ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കി. സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത്, പോലീസിന് വേണ്ട സൗകര്യങ്ങള്‍, സി സി ടിവി, പാര്‍ക്കിംഗ് ഗ്രൗണ്ടുകളുടെ അറ്റകുറ്റപ്പണി, പമ്പയിലെ തുണി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന കരാര്‍ തുടങ്ങിയവ ദേവസ്വം ബോര്‍ഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പമ്പ, സന്നിധാനം,നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ദേവസ്വം എന്‍ജിനീയറിങ് വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്നിവര്‍ സംയുക്ത പരിശോധന നടത്തി ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു
ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, തിരുവല്ല സബ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍, എ ഡി എം ആര്‍ രാജലക്ഷ്മി, ദുരന്ത വാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ വിജയന്‍ പങ്കെടുത്തു.
Content Highlights: Pathanamthitta District Collector A Nizamudeen directed departments to complete all Sabarimala pilgrimage preparations by October 31. A joint inspection by Revenue, PWD, Devaswom, and KSEB will take place on November 1. Road repair works and safety arrangements on the pilgrimage route are prioritized.






