Connect with us

UAE

മുഖവും ശബ്ദവും കണ്ടാല്‍ മാത്രം വിശ്വസിക്കരുത്; 'ഡീപ്പ്ഫേക്ക്' തട്ടിപ്പുകളില്‍ ജാഗ്രത വേണമെന്ന് ദുബൈ ഇമിഗ്രേഷന്‍ വകുപ്പ്

ഉറവിടം പരിശോധിക്കാതെ സന്ദേശങ്ങള്‍ വിശ്വസിക്കരുത്.

Published

|

Last Updated

ദുബൈ | സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന ദൃശ്യങ്ങളും കേള്‍ക്കുന്ന ശബ്ദങ്ങളും പൂര്‍ണമായി യഥാര്‍ഥമാണെന്ന് തോന്നിയാലും ഉറവിടം പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് ദുബൈ ഇമിഗ്രേഷന്‍ വകുപ്പ് (ജി ഡി ആര്‍ എഫ് എ). എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും ചമച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ‘ഡീപ്പ്ഫേക്ക്’ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന പ്രത്യേക വീഡിയോ ജി ഡി ആര്‍ എഫ് എ പങ്കുവെച്ചത്.

വീഡിയോയില്‍ ഉദ്യോഗസ്ഥന്‍ എ ഐ സാങ്കേതികവിദ്യയുടെ സാധ്യതകളും അതിലൊളിഞ്ഞിരിക്കുന്ന ചതിക്കുഴികളും പ്രായോഗികമായി ബോധ്യപ്പെടുത്തി സ്വന്തം ശബ്ദവും സംസാരിക്കുന്ന ഭാഷയും ദൃശ്യ പശ്ചാത്തലവുമെല്ലാം വ്യത്യസ്ത രീതികളിലേക്ക് മാറ്റിക്കാണിച്ചുകൊണ്ട്, യഥാര്‍ഥമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ എത്ര നിസ്സാരമായി, കൃത്രിമമായി സൃഷ്ടിക്കാമെന്ന് വിശദീകരിക്കുന്നു.

ഒരാള്‍ പറയാത്ത കാര്യങ്ങള്‍ അയാളുടെ ശബ്ദത്തിലും ശരീരഭാഷയിലും പറഞ്ഞതായി വരുത്തിത്തീര്‍ക്കാനും ഇല്ലാത്ത സ്ഥലങ്ങളില്‍ നില്‍ക്കുന്നതായി ദൃശ്യങ്ങള്‍ ഉണ്ടാക്കാനും ഇത്തരം സാങ്കേതികവിദ്യയിലൂടെ സാധിക്കും. പ്രമുഖ വ്യക്തികളുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ സ്ഥാപന പ്രതിനിധികളുടെയോ മുഖവും ശബ്ദവും ദുരുപയോഗം ചെയ്ത് ആളുകളുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ പ്രധാന രീതി.

പ്രമുഖരുടെ ഉള്‍പ്പെടെ പരിചിതമായ മുഖങ്ങളും ശബ്ദങ്ങളും വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റുകളിലേക്കോ ലിങ്കുകളിലേക്കോ നയിക്കുകയും, വ്യക്തിഗത-ബേങ്കിംഗ് വിവരങ്ങള്‍ കൈക്കലാക്കി വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയുമാണ് സംഘങ്ങള്‍ ചെയ്യുന്നത്. അതിനാല്‍, വീഡിയോയില്‍ കാണുന്ന വ്യക്തിയെയോ കേള്‍ക്കുന്ന ശബ്ദത്തെയോ മാത്രം അടിസ്ഥാനമാക്കി ഒരു സന്ദേശത്തിന്റെയും ആധികാരികത വിലയിരുത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വീഡിയോകള്‍, ശബ്ദസന്ദേശങ്ങള്‍, അറിയിപ്പുകള്‍, വെബ്സൈറ്റ് ലിങ്കുകള്‍ എന്നിവ ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അംഗീകൃത സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയോ വിവരം സ്ഥിരീകരിച്ച ശേഷം മാത്രമേ പ്രതികരിക്കാവൂ എന്നും ഇത്തരം വ്യാജ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെക്കരുതെന്നും ജി ഡി ആര്‍ എഫ് എ ഓര്‍മിപ്പിച്ചു.

Content Highlights:
Dubai General Directorate of Residency and Foreigners Affairs has urged the public to stay cautious against deepfake scams. Fraudsters use advanced AI to clone faces and voices to deceive victims. Authorities advised verifying all digital interactions to prevent financial and personal loss.

 

---- facebook comment plugin here -----

Latest