International
റിയാദ് വിമാനത്താവളത്തിലെ ആക്രമണം: ആലത്തൂര്‍ സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റു
മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റത് ആലത്തൂര്‍ സ്വദേശി മുഹമ്മദ് റബ്ബാന്.
പാലക്കാട് | സഊദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ആലത്തൂര്‍ സ്വദേശി മുഹമ്മദ് റബ്ബാന് ഗുരുതരമായി പൊള്ളലേറ്റു. വിമാനത്താവളത്തില്‍ വെന്‍ഡിങ് മെഷീന്‍ മെയിന്റനന്‍സ് ടെക്നീഷ്യനായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഒക്ടോബര്‍ 10-ന് നടന്ന ആക്രമണത്തിനു പിന്നാലെ റബ്ബാനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കണ്ടെത്തിയത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹൈദരാബാദ് സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഇന്ത്യക്കാരടക്കമുള്ളവര്‍ അപകടത്തില്‍പ്പെട്ടതായും റിപോര്‍ട്ടുണ്ട്.
സംഭവത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സി ഇടപെട്ടിട്ടുണ്ട്. റബ്ബാന് ആവശ്യമായ ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കാന്‍ പ്രാദേശിക അധികൃതരുമായി എംബസ്സി ബന്ധപ്പെട്ടു വരികയാണ്. സഊദിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.
Content Highlights:
An Alathur native suffered severe burn injuries in an attack at Riyadh airport. Authorities are investigating the incident, and support is being coordinated for the victim. Updates on his medical condition are awaited.



