editorial
നിര്‍ഭയ നിയമമൊക്കെയുണ്ട്, എന്തുകാര്യം?
രാജ്യത്തിന്റെ മുഖമാണ് അതിന്റെ തലസ്ഥാനം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരും വിനോദസഞ്ചാരികളും വ്യവസായ പ്രമുഖരും ധാരാളമായി എത്തിച്ചേരുന്ന ഇടം. ഇത്തരമൊരു പ്രദേശത്തെ ആഗോളതലത്തില്‍ "റേപ് ക്യാപിറ്റല്‍' (ബലാത്സംഗ തലസ്ഥാനം) എന്നു വിശേഷിപ്പിക്കാനിടവന്നാല്‍ അതെത്രമാത്രം അപമാനകരവും നാണക്കേടുമാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇരകളെന്നത് കൂടുതല്‍ നടുക്കമുളവാക്കുന്നു. ഒരു മാസത്തിനിടെ മൂന്ന് കൂട്ടബലാത്സംഗം ഉള്‍പ്പെടെ അഞ്ച് സ്ത്രീപീഡനങ്ങളാണ് രാജ്യതലസ്ഥാനത്ത് അധികാരികളുടെ മൂക്കിനു താഴെ നടന്നത്. ഈ മാസം 21ന് ഡല്‍ഹിയിലെ അസ്ഥാകുഞ്ച് പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന പതിനേഴുകാരിയെ പോലീസുകാരെന്ന വ്യാജേനയെത്തിയ മൂന്ന് യുവാക്കള്‍ ചേര്‍ന്നു പീഡിപ്പിച്ചു.
ഡല്‍ഹി സ്വരൂപ് നഗറില്‍ ബലാത്സംഗത്തിനു ശേഷം അക്രമികള്‍ പതിനാറുകാരിയെ വയലില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതും ഈ മാസമാണ്. ഒരു മാസം മുമ്പാണ് സ്ലീപ്പര്‍ ബസില്‍ ഉത്തര്‍പ്രദേശുകാരിയായ പതിനാറുകാരിയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നു പീഡിപ്പിച്ചത്. ഡല്‍ഹി എന്‍ സി ആര്‍ മേഖലയിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2024ലെ കണക്കുകൾ പ്രകാരം 1,058 ബലാത്സംഗ കേസുകളും സ്ത്രീകള്‍ക്കെതിരായ 13,396 കുറ്റകൃത്യങ്ങളും ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ 19 മെട്രോ നഗരങ്ങളിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഡല്‍ഹിയാണ് മുന്നില്‍. ഒരു സാധാരണ നഗരമല്ല ഡല്‍ഹി. പാര്‍ലിമെന്റും കേന്ദ്ര മന്ത്രാലയങ്ങളും സുപ്രീം കോടതിയും ദേശീയ അന്വേഷണ ഏജന്‍സി- സുരക്ഷാ സംവിധാനങ്ങളുടെ ആസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്ന നഗരമാണ്. ഇവിടെ തന്നെ പകല്‍സമയങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജ്യത്തെ ഇതര ഭാഗങ്ങളില്‍ സ്ത്രീസുരക്ഷയെക്കുറിച്ച് എന്തു ആത്മവിശ്വാസമാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കുന്നത്. കേവലം ഒരു ക്രമസമാധാനപ്രശ്‌നമല്ല സ്ത്രീസുരക്ഷ. ഒരു സമൂഹത്തിന്റെ സാംസ്‌കാരികവും ലിംഗനീതിപരവുമായ സമത്വത്തിന്റെ അളവുകോല്‍ കൂടിയാണ്.
രാജ്യത്തിന്റെ മുഖമാണ് അതിന്റെ തലസ്ഥാനം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരും വിനോദസഞ്ചാരികളും വ്യവസായ പ്രമുഖരും ധാരാളമായി എത്തിച്ചേരുന്ന ഇടം. ഇത്തരമൊരു പ്രദേശത്തെ ആഗോള തലത്തില്‍ “റേപ് ക്യാപിറ്റല്‍’ (ബലാത്സംഗ തലസ്ഥാനം) എന്നു വിശേഷിപ്പിക്കാനിടവന്നാല്‍ അതെത്രമാത്രം അപമാനകരവും നാണക്കേടുമാണ്. ഡല്‍ഹി സുരക്ഷിതമല്ലെന്ന സന്ദേശം ലോകത്തിനു മുന്നിലെത്തുമ്പോള്‍ തകരുന്നത് രാജ്യത്തിന്റെ ആത്മാഭിമാനമാണ്. സാമ്പത്തിക വളര്‍ച്ചയും സാങ്കേതിക മുന്നേറ്റവും ആഘോഷിക്കുമ്പോഴും രാജ്യത്തെ സ്ത്രീകള്‍ക്ക് തെരുവില്‍ സ്വതന്ത്രരായും നിര്‍ഭയമായും നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ വളര്‍ച്ചക്ക് എന്തര്‍ഥം?
അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് വലിയ ആശങ്കയാണ്. ടി വി ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയ പോസ്റ്ററുകളിലും വാര്‍ത്താസമ്മേളനങ്ങളിലും അന്താരാഷ്ട്രതലത്തിലെ സ്ത്രീസ്വാതന്ത്ര്യത്തെയും സുരക്ഷയെയും മനുഷ്യാവകാശങ്ങളെയും കുറിച്ചെല്ലാം അവര്‍ വാതോരാതെ സംസാരിക്കും. ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന സ്ത്രീവിരുദ്ധതക്കെതിരെയും ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് വലിയ മിടുക്കാണ്. എന്നാല്‍ സ്വന്തം രാജ്യത്ത് കണ്ണെത്തുംദൂരത്ത് സ്ത്രീകള്‍ മൃഗീയമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ഈ നേതാക്കളുടെ നാവുകള്‍ക്ക് വടംകെട്ടിപ്പൂട്ടിയ അവസ്ഥയാണ്.
ഡല്‍ഹിയിലെ സ്ത്രീസുരക്ഷ രാജ്യത്തെ നിയമവാഴ്ചയുടെയും ജനാധിപത്യപരമായ ഉത്തരവാദിത്വത്തിന്റെയും അളവുകോലാണ്. അത് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. തലസ്ഥാന നഗരിയില്‍ പ്രതിഷേധം ആളിപ്പടരാന്‍ ഇടയായ സംഭവമാണ് 2012 ഡിസംബറിലെ നിര്‍ഭയ കേസ്. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കുന്ന നിര്‍ഭയ നിയമത്തിന് പാര്‍ലിമെന്റ് അംഗീകാരം നല്‍കി. എന്നിട്ടെന്ത്? ഡല്‍ഹിയില്‍ പിന്നെയും വിലസുന്നു സ്ത്രീപീഡകര്‍.
കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്ന മേഖലകള്‍ കണ്ടെത്തി വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ പ്രത്യേക സംഘങ്ങളെ സ്ഥിരമായി നിയമിക്കുക, നഗരത്തിലെ പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ലൈറ്റുകളും സി സി ടി വി ക്യാമറകളും സ്ഥാപിക്കുക, അവയില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുക, സ്ത്രീപീഡന കേസുകളില്‍ വിചാരണ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക, ക്രിമിനല്‍ പശ്ചാത്തലത്തിന് വഴിയൊരുക്കുന്ന ലഹരിമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയുക തുടങ്ങിയവയാണ് സ്വീകരിക്കാവുന്ന നടപടികള്‍.
അതേസമയം കേവല നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും കൊണ്ടുമാത്രം ഒരു സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കാനാകില്ല. അതിനു ധാര്‍മികതയില്‍ അധിഷ്ഠിതമായ ഒരു സാമൂഹികമാറ്റം കൂടിയേ കഴിയൂ. ഒരു രാജ്യത്തെ എല്ലാകോണുകളിലും പോലീസിനെയോ സി സി ടി വിയോ ഏര്‍പ്പെടുത്തുക അപ്രായോഗികമാണ്. മാത്രമല്ല, നിരീക്ഷണങ്ങള്‍ക്കപ്പുറത്തുള്ള രഹസ്യ ഇടങ്ങളിലാണ് മിക്കപ്പോഴും കുറ്റകൃത്യങ്ങളും അതിക്രമങ്ങളും നടക്കുന്നത്. ലഹരിക്കടിമപ്പെട്ടോ പെട്ടെന്നുള്ള വികാരത്തെത്തുടര്‍ന്നോ കുറ്റകൃത്യം ചെയ്യുന്നവര്‍ ശിക്ഷയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ ചിന്തിക്കാറുമില്ല.
വ്യക്തിയുടെ മനസ്സാക്ഷിയും മൂല്യബോധവുമാണ് കുറ്റകൃത്യം തടയുന്നതില്‍ പ്രധാന ഘടകം. എന്നെ നിരീക്ഷിക്കാന്‍ ആളില്ലെങ്കിലും ഞാന്‍ തെറ്റ് ചെയ്യില്ലെന്ന ബോധം ഓരോ വ്യക്തിയിലും വളര്‍ന്നുവരികയും സ്ത്രീകളെയും കുട്ടികളെയും സഹജീവികളെയും സ്‌നേഹത്തോടെയും കരുതലോടെയും കാണാന്‍ പ്രേരിപ്പിക്കുന്ന ധാര്‍മിക അടിത്തറ സൃഷ്ടിക്കപ്പെടുകയും ചെയ്‌തെങ്കില്‍ മാത്രമേ യഥാര്‍ഥ സുരക്ഷ സാധ്യമാകൂ.
Content Highlights:
Delhi faces severe criticism over a surge in crimes against women, including multiple gang rapes of minors within a month. Despite strict laws and NCRB data placing Delhi at the top in crimes against women, security remains inadequate. Experts call for fast-track courts and moral accountability.




